by webdesk1 on | 02-09-2024 09:16:33
തിരുവനന്തപുരം: കോണ്‍ഗ്രസില്‍ നിന്ന് കൂറുമാറി പി.സി. ചാക്കോ എന്‍.സി.പിയിലേക്ക് ചേക്കേറിയതോടെ എന്‍.സി.പിയില്‍ കാര്യങ്ങള്‍ അവതാളത്തിലാണ്. ആകെ രണ്ട് എംഎല്‍എമാര്‍ മാത്രമുള്ള കേരളഘടകത്തില്‍ അധികാര സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് ഇപ്പോള്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.
മുന്‍ ധാരണ പ്രകാരം പാര്‍ട്ടിയുടെ പക്കലുള്ള ഏക മന്ത്രി സ്ഥാനം തനിക്കുവേണമെന്ന നിര്‍ബന്ധത്തിലാണ് കുട്ടനാട് എംഎല്‍എ തോമസ് കെ.തോമസ്. എന്നാല്‍ മന്ത്രി സ്ഥാനം ഒരു കാരണവശാലും വിട്ടുതരില്ലെന്ന പിടിവാശിയിലാണ് എ.കെ. ശശീന്ദ്രനും. മന്ത്രിസ്ഥാനം ഒഴിയേണ്ടി വന്നാല്‍ എം.എല്‍.എ സ്ഥാനവും രാജിവയ്ക്കുമെന്ന ഭീഷണിയും ശശീന്ദ്രന്‍ മുഴക്കിക്കഴിഞ്ഞു. ഇക്കാര്യം പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ശരദ് പവാറിനെ അറിയിച്ചതായാണ് സൂചന.
അതേസമയം ശശീന്ദ്രനെ മാറ്റി തോമസ് കെ.തോമസിനെ മന്ത്രി സ്ഥാനത്ത് പ്രതിഷ്ഠിക്കാനാണ് പാര്‍ട്ടി കേന്ദ്രങ്ങളില്‍ നടക്കുന്ന നീക്കം. വര്‍ഷങ്ങളായി ഒരാള്‍ തന്നെ പദവിയില്‍ തുടരേണ്ടതില്ലെ പാര്‍ട്ടി തീരുമാനമാണ് പി.സി. ചാക്കോ പക്ഷം ചൂണ്ടിക്കാട്ടുന്നത്. കേന്ദ്രനേതൃത്വത്തിന്റെ നിലപാട് വ്യക്തമായാല്‍ ശശീന്ദ്രന്‍ മന്ത്രിസ്ഥാനം രാജിവെക്കും.
എന്‍.സി.പിയിലെ രണ്ട് എം.എല്‍.എമാരും രണ്ടര വര്‍ഷം വീതം മന്ത്രിസ്ഥാനം പങ്കിടണമെന്ന് 2021-ലെ തിരഞ്ഞെടുപ്പിനുശേഷം തോമസ് കെ. തോമസ് ആവശ്യപ്പെട്ടെങ്കിലും അംഗീകരിക്കപ്പെട്ടിരുന്നില്ല. അതിനിടെയാണ് കോണ്‍ഗ്രസില്‍ നിന്നു പി.സി. ചാക്കോ എത്തിയത്. പിന്നീട് ചാക്കോ എന്‍.സി.പിയുടെ സംസ്ഥാന പ്രസിഡന്റായി. മന്ത്രിസ്ഥാനം പങ്കുവെക്കുന്നതിനെക്കുറിച്ച് കരാറൊന്നുമില്ലെന്നായിരുന്നു നേരത്തെ ചാക്കോയുടെ നിലപാട്. പിന്നീട് നിലപാട് തിരുത്തുകയായിരുന്നു. ഇപ്പോള്‍ തോമസ് കെ.തോമസിന് വേണ്ടി ചാക്കോ വാദിക്കുന്നത്.