News Kerala

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും

Axenews | ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും

by webdesk1 on | 21-08-2024 06:24:09 Last Updated by webdesk1

Share: Share on WhatsApp Visits: 118


ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും

തിരുവനന്തപുരം: സിനിമ മേഖലയിലെ അസമത്വവും ഞെട്ടുന്ന ലൈംഗികാതിക്രമങ്ങളുടെ അനുഭവകഥകളും അക്കമിട്ടുനിരത്തിയ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാനൊരുങ്ങി സര്‍ക്കാര്‍. നിയമപരവും നയപരവുമായി ഇനിയെന്ത് ചെയ്യണമെന്ന് തീരുമാനിക്കുന്നതിനാണ് നിയമോപദേശം തേടുന്നത്.

സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമം ഉള്‍പ്പെടെ ക്രിമിനല്‍ കുറ്റങ്ങള്‍ ഉന്നയിച്ചതിനാല്‍ നിയമപരമായ പരിശോധന അനിവാര്യമാണ്. റിപ്പോര്‍ട്ടനുസരിച്ചുമാത്രം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാനാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. കുറ്റകൃത്യം ശ്രദ്ധയില്‍പ്പെട്ടാല്‍ അന്വേഷണം നടത്തി നീതിനിര്‍വഹണം നിറവേറ്റാന്‍ ഭരണകൂടത്തിനു ബാധ്യതയുണ്ടെന്നാണ് ക്രിമിനല്‍ നടപടിച്ചട്ടങ്ങളുടെ അടിസ്ഥാനതത്ത്വം. അതിനാല്‍, ഇത്രയേറെ ക്രിമിനല്‍ സംഭവങ്ങള്‍ പരാമര്‍ശിച്ച റിപ്പോര്‍ട്ട് സര്‍ക്കാരിന് തള്ളിക്കളയാനാവില്ല.

ലൈംഗികചൂഷണത്തിനു പുറമേ, തൊഴില്‍ലംഘനവും മനുഷ്യാവകാശലംഘനവുമൊക്കെ ചൂണ്ടിക്കാണിക്കുന്നതിനാല്‍ സിനിമാരംഗം മെച്ചപ്പെടുത്താനുള്ള ശുപാര്‍ശകളില്‍ തുടര്‍നടപടിയുണ്ടാവും. സിനിമാരംഗത്തെ ദുഷ്പ്രവണതകള്‍ ഒരുപരിധിവരെ ഇങ്ങനെ തടയാമെന്നാണ് കണക്കുകൂട്ടല്‍.

റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ച കുറ്റകൃത്യങ്ങള്‍ പരിശോധിക്കാന്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കുക എന്നതാകും സര്‍ക്കാരിന് എളുപ്പത്തില്‍ ചെയ്യാനാകുന്നത്. സ്ത്രീകള്‍ മുന്‍ജഡ്ജിയുടെ മുന്നില്‍ നല്‍കിയ മൊഴികളായതിനാല്‍ അതു പരിഗണിച്ച് പോലീസിന് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യാം. മാത്രമല്ല മൊഴി നല്‍കിയവരുടെയും സാക്ഷികളുടെയും സ്വകാര്യതയും സംരക്ഷണവും ഉറപ്പാക്കുകയും വേണം.

റിപ്പോര്‍ട്ടിലെ മൊഴി പോലീസിലും കോടതിയിലും ഏറ്റുപറഞ്ഞാലേ നിയമസാധുതയുണ്ടാവൂ. സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നം പഠിക്കുകമാത്രമാണ് ദൗത്യമെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കിയതിനാല്‍ നിയമനടപടി ഒഴിവാക്കി ശുപാര്‍ശകള്‍ മാത്രം നടപ്പാക്കുകയോ ആകാം. പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും രൂപവത്കരിക്കാം. സ്ത്രീകള്‍ക്കായി ക്ഷേമനിധിയും ലിംഗവിവേചനം നേരിടാന്‍ ബോധവത്കരണവും നടപ്പാക്കാം.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്മേല്‍ സര്‍ക്കാരിനും ചില കടമകളുണ്ടെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു. സ്ത്രീയെയും പുരുഷനെയും വേര്‍തിരിച്ച് കാണുന്നത് അംഗീകരിക്കാനാവില്ല. സ്ത്രീകളെ മാന്യമായും ബഹുമാനത്തോടെയും കാണണം. നിയമം സഹായകരമാണെങ്കിലും അതിനെ പൂര്‍ണപരിഹാരമായി കാണാനാകില്ല. സര്‍ക്കാര്‍ പ്രവര്‍ത്തിക്കേണ്ടതുണ്ട്. എന്നാല്‍, സര്‍ക്കാരിന് ഒറ്റയ്ക്ക് ലക്ഷ്യം കൈവരിക്കാനാകില്ലെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.


Share:

Search

Popular News
Top Trending

Leave a Comment