News Kerala

കുറ്റാരോപിതനെ വേദിയിലിരുത്തി മുഖ്യമന്ത്രിയുടെ മാസ് പ്രഖ്യാപനം; അന്‍വറിന്റെ വെളിപ്പെടുത്തലില്‍ എം.ആര്‍. അജിത്കുമാറിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടു; കരകയറാന്‍ തലപുകഞ്ഞ് സര്‍ക്കാരും പാര്‍ട്ടിയും

Axenews | കുറ്റാരോപിതനെ വേദിയിലിരുത്തി മുഖ്യമന്ത്രിയുടെ മാസ് പ്രഖ്യാപനം; അന്‍വറിന്റെ വെളിപ്പെടുത്തലില്‍ എം.ആര്‍. അജിത്കുമാറിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടു; കരകയറാന്‍ തലപുകഞ്ഞ് സര്‍ക്കാരും പാര്‍ട്ടിയും

by webdesk1 on | 02-09-2024 11:03:08 Last Updated by webdesk1

Share: Share on WhatsApp Visits: 120


കുറ്റാരോപിതനെ വേദിയിലിരുത്തി മുഖ്യമന്ത്രിയുടെ മാസ് പ്രഖ്യാപനം; അന്‍വറിന്റെ വെളിപ്പെടുത്തലില്‍ എം.ആര്‍. അജിത്കുമാറിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടു; കരകയറാന്‍ തലപുകഞ്ഞ് സര്‍ക്കാരും പാര്‍ട്ടിയും


കോട്ടയം: പി.വി. അന്‍വര്‍ എംഎല്‍എയുടെ ഗുരുതര ആരോപണങ്ങള്‍ക്കു പിന്നാലെ എ.ഡി.ജി.പി എം.ആര്‍. അജിത്കുമാറിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും വെട്ടിലായിരിക്കുകയാണ് സര്‍ക്കാരും ആഭ്യന്തര വകുപ്പും. മുഖ്യമന്ത്രി പിണറായി വിജയന്‍ ചുമതല വഹിക്കുന്ന ആഭ്യന്തര വകുപ്പിനെതിരായ കടുത്ത ആരോപണങ്ങള്‍ ഏതു തരത്തില്‍ മറികടക്കാന്‍ കഴിയുമെന്നതു സംബന്ധിച്ചു തലപുകയ്ക്കുകയാണു ഭരണനേതൃത്വം.

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശി ആഭ്യന്തരവകുപ്പ് അടക്കിവാഴുകയാണെന്ന പ്രതീതി ഉണ്ടായതോടെ മുഖ്യമന്ത്രിക്കു വകുപ്പില്‍ നിയന്ത്രണമില്ല എന്ന തരത്തിലാണ് വ്യാഖ്യാനിക്കപ്പെട്ടിരിക്കുന്നതെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. ഇതോടെ കടുത്ത അതൃപ്തി ഇന്നലെ കോട്ടയത്ത് നടന്ന പോലീസ് അസോസിയേഷന്റെ യോഗത്തില്‍ മുഖ്യമന്ത്രി പ്രകടിപ്പിക്കുകയും ചെയ്തു.

സര്‍ക്കാരിന് അവമതിയുണ്ടാക്കുന്ന പുഴുക്കുത്തുകള്‍ സേനയില്‍ വേണ്ടെന്ന പരാമര്‍ശത്തോടെയാണ് മുഖ്യമന്ത്രി വെളിപ്പെടുത്തലില്‍ അന്വേഷണം പ്രഖ്യാപിച്ചത്. അതും അജിത്കുമാറിനെ വേദിയിലിരുത്തി. യോഗത്തിന് മുന്‍പായി മുഖ്യമന്ത്രി പിണറായി വിജയനും ഡി.ജി.പി എസ്.ദര്‍വേഷ് സാഹിബും കോട്ടയം നാട്ടകം ഗസ്റ്റ് ഹൗസില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു ശേഷമാണ് അന്വേഷണത്തിന് തീരുമാനം എടുത്തത്.

അതേസമയം തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളില്‍ സത്യസന്ധമായ അന്വേഷണം നടത്തണമെന്ന് അജിത്കുമാറും ഇതേ വേദിയില്‍ വച്ചുതന്നെ പറഞ്ഞു. മാത്രമല്ല തനിക്ക് സര്‍ക്കാര്‍ ചെയ്തു തന്ന കാര്യങ്ങളും സേനയ്ക്കുവേണ്ടി താന്‍ ചെയ്ത സേവനങ്ങളും അജിത്കുമാര്‍ വികാരാധീനനായി പറയുകയും ചെയ്തു.

ക്രമസമാധാനച്ചുമതലയുള്ള എഡിജിപി എം.ആര്‍. അജിത് കുമാര്‍ കൊടിയ ക്രിമിനാലാണെന്നും സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ആളുകളെ കൊല്ലിച്ചിട്ടുണ്ടെന്നും ഉള്‍പ്പെടെയുള്ള ഗുരുതര ആരോപണങ്ങളാണ് പി.വി.അന്‍വര്‍ എംഎല്‍എ ഉന്നയിച്ചത്. എഡിജിപി സൈബര്‍ സെല്ലിനെ ഉപയോഗിച്ചു മന്ത്രിമാരുടെയും പ്രമുഖ രാഷ്ട്രീയപ്രവര്‍ത്തകരുടെയും മാധ്യമപ്രവര്‍ത്തകരുടെയും ഫോണ്‍ ചോര്‍ത്തിയെന്നും ഇതിനു മാത്രമായി ഒരു ഐപിഎസ് ഉദ്യോഗസ്ഥനെ സൈബര്‍ സെല്ലില്‍ നിയോഗിച്ചതായും അന്‍വര്‍ പറഞ്ഞു.

സി.പി.എമ്മിലെ ഒരു വിഭാഗത്തിന്റെ പിന്‍ബലത്തോടെയാണ് പി.ശശിക്കും ആഭ്യന്തര വകുപ്പിനും എതിരായി പി.വി. അന്‍വര്‍ രംഗത്തെത്തിയതെന്നാണു സൂചന. പാര്‍ട്ടിക്ക് അതീതരായി വളരാന്‍ ആരെയും അനുവദിക്കില്ലെന്നു കഴിഞ്ഞ ദിവസം സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണു വിവാദങ്ങള്‍ ഒന്നൊന്നായി വന്നിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ശക്തമായ നടപടികള്‍ ഉണ്ടാകുമെന്ന് ഏറക്കുറെ ഉറപ്പായി.

പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലെ പരാജയത്തിനു പിന്നാലെ തിരുത്തല്‍ നടപടികള്‍ സ്വീകരിക്കുമെന്നു പാര്‍ട്ടി അറിയിച്ചിരുന്നു. തുടര്‍ന്ന് പല വിഷയങ്ങളിലും സര്‍ക്കാരിനെ നിയന്ത്രിക്കുന്ന നടപടികളാണു പാര്‍ട്ടിയുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്. ഇടതുപക്ഷ എംഎല്‍എ തന്നെ ഉയര്‍ത്തിയ ആരോപണങ്ങള്‍ ഏറെ ഗൗരവത്തോടെ പരിഗണിക്കണമെന്ന നിലപാടിലാണു പാര്‍ട്ടി. മുഖ്യമന്ത്രിയുടെ പ്രതിഛായയ്ക്കു കോട്ടം തട്ടാതെ, അന്‍വറിനെ പിണക്കാതെയുള്ള പരിഹാരമാണ് പാര്‍ട്ടിയും സര്‍ക്കാരും തലപുകഞ്ഞ് ആലോചിക്കുന്നത്.


Share:

Search

Popular News
Top Trending

Leave a Comment