by webdesk1 on | 21-08-2024 07:25:48
കൊച്ചി: സാമ്പത്തിക ഞെരുക്കത്തില്‍ സര്‍ക്കാര്‍ നെട്ടോട്ടമോടുമ്പോഴും ബാറുടമകളെ നോവിക്കാതെ സര്‍ക്കാര്‍. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 367.94 കോടി രൂപ ബാറുടമകളില്‍ നിന്ന് കിട്ടാനിരിക്കെ ഒരു രൂപപോലും പിരിച്ചെടുക്കുന്നതിനുള്ള കാര്യക്ഷമമായ ശ്രമങ്ങള്‍ റവന്യൂ വകുപ്പിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ലെന്നതാണാ ആക്ഷേപം.
നികുതി പിരിച്ചെടുക്കാന്‍ പ്രത്യേക റവന്യൂ റിക്കറി ടീമിനെ രൂപീകരിച്ചിട്ടുണ്ടെന്ന് പറയുമ്പോഴും നികുതി പിരിച്ചെടുക്കുന്നതില്‍ മെല്ലപ്പോക്കാണ് ഇപ്പഴും. ഏതൊക്കെ ജില്ലയില്‍ ഏതോക്കെ ബാറുകളില്‍ നിന്നാണ് കുടിശിക പിരിക്കേണ്ടതെന്നും ഇവര്‍ക്ക് കൃത്യതയില്ല. കാരണം ജില്ല തിരിച്ചുള്ള കണക്കുകളൊന്നും ഇവരുടെ പക്കലില്ല. ഏത് ബാറുകളാണ് ഏറ്റവും കുടുതല്‍ നികുതി കുടിശിക വരുത്തിയിട്ടുള്ളതെന്ന വിവരാവകാശ പ്രവര്‍ത്തകന്‍ എസ്. ധനരാജിന്റെ വിവരാവകാശ പ്രകാര്യമുള്ള ചോദ്യത്തിന് നികുതി വകുപ്പ് നല്‍കിയ മറുപടിയാകട്ടെ അങ്ങനെയൊരു കണക്കെടുപ്പ് രേഖപ്പെടുത്തി സൂക്ഷിച്ചിട്ടില്ലന്നാണ്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാര്‍ച്ച് 31 വരെയുള്ള കണക്ക് പ്രകാരമാണ് 367.94 കോടിയുടെ നികുതി കുടിശിക ബാറുകളില്‍ നിന്ന് പിരിച്ചെടുക്കാനുണ്ടെന്ന വിവരം കിട്ടിയത്. ഇതില്‍ 255.08 കോടി രൂപ റവന്യൂ റിക്കവറി നടപടികളില്‍ ഉള്‍പ്പെട്ടിട്ടുള്ളതാണ്. 47.42 കോടി രൂപ വിവിധ അതോറിറ്റികളുടെ സ്‌റ്റേയില്‍ ഉള്‍പ്പെട്ടിട്ടുള്ളതും 65.44 കോടി രൂപ മറ്റ് നടപടികളില്‍ ഉള്‍പ്പെട്ടിട്ടുള്ളതുമാണ്.
വിറ്റുവരവ് നികുതി കണക്കാക്കുന്നതിലും നികുതിവകുപ്പിനു പിഴയ്ക്കുന്നുണ്ട്. ബിവറേജസില്‍നിന്ന് ലഭിക്കുന്ന മദ്യം 40 ശതമാനം ലാഭത്തില്‍ വില്‍ക്കുന്നുവെന്ന ബാറുടമകളുടെ കണക്ക് സര്‍ക്കാര്‍ വിശ്വസിച്ചാണ് നികുതി കണക്കാക്കുന്നത്. ഹോട്ടലുകളുടെ നക്ഷത്രപദവിക്കും അടിസ്ഥാനസൗകര്യങ്ങള്‍ക്കുമനുസരിച്ച് ബാറുകളില്‍ വില്‍ക്കുന്ന മദ്യത്തിന്റെ നിരക്ക് പലമടങ്ങായി ഉയരും. ഇത് മറച്ചുവെച്ചുകൊണ്ട് കുറഞ്ഞ ലാഭക്കണക്കാണ് ബാറുടമകള്‍ നല്‍കുന്നത്.