by webdesk1 on | 21-08-2024 06:43:06 Last Updated by webdesk1
ന്യൂഡല്‍ഹി: സഹമന്ത്രിയായി കേന്ദ്രമന്ത്രിസഭയിലേക്കെത്തിയ ജോര്‍ജ് കുര്യന്‍ മധ്യപ്രദേശില്‍നിന്ന് മത്സരിക്കും. രാജ്യസഭാ തിരഞ്ഞെടുപ്പിലാണ് മത്സരിപ്പിക്കുക. ജോര്‍ജ് കുര്യനെ കൂടാതെ രാജ്യസഭയിലേക്ക് മത്സരിക്കുന്ന മറ്റ് ഒമ്പത് സ്ഥാനാര്‍ഥികളുടെ പേരും ബി.ജെ.പി പ്രഖ്യാപിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍നിന്നു വിജയിച്ച സുരേഷ് ഗോപിയെ കൂടാതെ ജോര്‍ജ് കുര്യനും കേരളത്തില്‍നിന്നു കേന്ദ്രമന്ത്രിസഭയില്‍ അംഗമായിരുന്നു.
മധ്യപ്രദേശ്, രാജസ്ഥാന്‍, അസം, ബിഹാര്‍, ഹരിയാന, മഹാരാഷ്ട്ര, ഒഡീഷ, ത്രിപുര എന്നീ സംസ്ഥാനങ്ങളിലാണ് രാജ്യസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. മറ്റൊരു കേന്ദ്രമന്ത്രിയായ രവനീത് സിങ് ബിട്ടു രാജസ്ഥാനില്‍ നിന്ന് മത്സരിക്കും. കോണ്‍ഗ്രസ് നേതാവും ആലപ്പുഴ എംപിയുമായ കെ.സി.വേണുഗോപാല്‍ ഒഴിഞ്ഞ രാജ്യസഭാ സീറ്റിലാണ് രാജസ്ഥാനിലെ മത്സരം.
സത്യപ്രതിജ്ഞയ്ക്ക് തൊട്ടുമുന്നേയാണ് ജോര്‍ജ് കുര്യനെ മന്ത്രിസഭാംഗം ആകാന്‍ പ്രധാനമന്ത്രി ക്ഷണിച്ചത്. ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീര, ന്യൂനപക്ഷകാര്യ വകുപ്പുകളുടെ സഹമന്ത്രിസ്ഥാനമാണ് അദ്ദേഹം വഹിക്കുന്നത്. വിദ്യാര്‍ഥി മോര്‍ച്ചയിലൂടെ ബി.ജെ.പിയിലെത്തിയ അദ്ദേഹം യുവമോര്‍ച്ചയുടെ ദേശീയ ജനറല്‍ സെക്രട്ടറിയായിരുന്നു. മൂന്ന് വര്‍ഷത്തോളം ന്യൂനപക്ഷ കമ്മിഷന്‍ വൈസ് ചെയര്‍മാനായി പ്രവര്‍ത്തിച്ചിരുന്നു. അപ്രതീക്ഷിതമായിരുന്നു മൂന്നാംമോദി സര്‍ക്കാരിലെ ജോര്‍ജ് കുര്യന്റെ മന്ത്രിപദം.