by webdesk2 on | 24-04-2025 11:35:48 Last Updated by webdesk3
പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാക്കിസ്ഥാന്റെ പങ്ക് വ്യക്തമായതോടെ കടുത്ത നടപടിയിലേക്ക് ഇന്ത്യ. ഡല്‍ഹിയിലെ പാക്കിസ്ഥാന്റെ ഉന്നത നയതന്ത്രജ്ഞന്‍ സാദ് അഹമ്മദ് വാറൈച്ചിനെ വിളിച്ചുവരുത്തി പേഴ്സണ നോണ്‍ ഗ്രാറ്റ നോട്ട് കൈമാറി. പാക്കിസ്ഥാനിലെ നയതന്ത്ര ഉദ്യോഗസ്ഥരെ ഒഴിവാക്കുന്ന ഔദ്യോഗിക അറിയിപ്പാണ് ഇത്.
പാക്കിസ്ഥാനുമായുള്ള നയതന്ത്ര ബന്ധം പരിമിതപ്പെടുത്തിയത് അടക്കം കടുത്ത നയതന്ത്ര നടപടികള്‍ക്ക് പിന്നാലെ ഭീകരതക്കെതിരായ സൈനിക നടപടിയിലും തീരുമാനം ഉടന്‍ ഉണ്ടാകും. അതിനായി ലെഫ്റ്റ്നെന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയുടെ നേതൃത്വത്തില്‍ സുരക്ഷ അവലോകന യോഗം ഇന്ന് ചേരും. കൂടാതെ പ്രതിരോധ മന്ത്രി രാജ്നാഥ് സിങിന്റെ അധ്യക്ഷതയില്‍ ഇന്ന് ഡല്‍ഹിയില്‍ സര്‍വകക്ഷി യോഗം ചേരും. കശ്മീരിലെ നിലവിലെ സാഹചര്യം വിലയിരുത്താന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും ഇന്ന് യോഗം വിളിച്ചിട്ടുണ്ട്.
അതേസമയം, ഭീകരര്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. നൂറിലേറെ പേരെ ജമ്മുകശ്മീര്‍ പൊലീസ് ചോദ്യം ചെയ്തു. പ്രദേശവാസികളില്‍ നിന്നും കുതിരസവാരിക്കാരില്‍ നിന്നും പൊലീസ് വിവരങ്ങള്‍ തേടി. പഹല്‍ഗാമില്‍ തിരചിലിനായി അത്യാധുനിക സംവിധാനങ്ങളും വാഹനങ്ങളും എത്തിച്ചു.