by webdesk1 on | 21-08-2024 07:21:56
ജനീവ: ആഗോള ഭീഷണി ഉയര്‍ത്തി മങ്കി പോക്സ് എന്ന എംപോക്സിന്റെ വ്യാപനം തീവ്രമാകുന്ന സാഹചര്യത്തില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന. 116 ഓളം രാജ്യങ്ങളില്‍ രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് ലോകാരോഗ്യ സംഘടന അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഒരേ രോഗത്തിന് രണ്ട് വര്‍ഷത്തിനിടെ യുഎന്‍ വീണ്ടും അടിയന്തിരാവസ്ഥ ഏര്‍പ്പെടുത്തുന്നത് ഇത് അപൂര്‍വമായാണ്.
ഇത്തരം വ്യാപനങ്ങളെ പ്രതിരോധിക്കാനും മരണങ്ങള്‍ തടയാനും അന്താരാഷ്ട്രതലത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണമെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥനോ ഗെബ്രിയേസുസ് പറഞ്ഞു. എല്ലാവരേയും ആശങ്കപ്പെടുത്തുന്ന വ്യാപനമാണിത്. ആഫ്രിക്കയ്ക്കുമപ്പുറം രോഗം തീവ്രമായി വ്യാപിക്കുന്നുവെന്നത് വളരെയധികം ആശങ്കാജനകമാണെന്നും അദേഹം പറഞ്ഞു.
നേരത്തേയുള്ള എംപോക്സ് ലക്ഷണങ്ങളില്‍ നിന്ന് വ്യത്യസ്തമാണ് ഇക്കുറി പ്രത്യക്ഷമാകുന്നതെന്നും വിദഗ്ധര്‍ പറയുന്നു. മുന്‍പ് നെഞ്ചിലും കൈകാലുകളിലും കുമിളകളായിരുന്നു പ്രധാന ലക്ഷണമെങ്കില്‍ ഇപ്പോഴത്തേത് നേരിയ തോതില്‍ ജനനേന്ദ്രിയ ഭാഗത്ത് കുമിളകള്‍ വരുന്ന രീതിയിലാണ്. അതുകൊണ്ടു തന്നെ രോഗം തിരിച്ചറിയാന്‍ വൈകുന്നുവെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.