by webdesk1 on | 21-08-2024 10:28:15 Last Updated by webdesk1
ന്യൂഡല്‍ഹി: നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍ ഉണ്ടായേക്കുമെന്ന സൂചനകള്‍ നല്‍കി ജമ്മു-കശ്മീരിലേക്ക് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് പ്രസിഡണ്ട് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും. നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായാണ് ഖാര്‍ഗെയും രാഹുലും കാശ്മീരിലെത്തുന്നത്.
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള നിര്‍ണായക കൂടിക്കാഴ്ചകള്‍ക്കായാണ് ഇരുവരും കാശ്മീരിലേക്ക് പോയിരിക്കുന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ അറിയിച്ചു. പ്രാദേശിക പാര്‍ട്ടികളുടെ നേതാക്കളുമായും നാഷണല്‍ കോണ്‍ഫറന്‍സ് നേതാക്കളുമായും കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ട്.
പത്തുവര്‍ഷങ്ങള്‍ക്കു ശേഷമാണ് കാശ്മീരില്‍ നിയമസഭ തിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്. ആദ്യ ദിവസം ജമ്മുവിലെത്തുന്ന രാഹുല്‍ സംസ്ഥാന കോണ്‍ഗ്രസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച നടത്തിയ ശേഷം വ്യാഴാഴ്ച നാഷണല്‍ കോണ്‍ഫറന്‍സ് നേതാക്കളെ കാണാന്‍ കാശ്മീരിലേക്ക് പോകും.
ഇന്ത്യ സഖ്യത്തിന്റെ ഭാഗമാണ് കോണ്‍ഗ്രസും നാഷണല്‍ കോണ്‍ഫറന്‍സും. പക്ഷെ തിരഞ്ഞെടുപ്പിന് മുമ്പ് ആരുമായും സഖ്യമുണ്ടാകില്ലെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷനും കാശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഡോ. ഫാറൂഖ് അബ്ദുള്ള നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ നാഷണല്‍ കോണ്‍ഫറന്‍സ് നേതാക്കള്‍ തന്നെ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും കാശ്മീരിലേക്ക് പുറപ്പെട്ടതെന്നാണ് വിവരങ്ങള്‍.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജമ്മുവിലും ലഡാക്കിലുമായി രണ്ടു സീറ്റുകളില്‍ കോണ്‍ഗ്രസും കാശ്മീരികള്‍ മൂന്നു സീറ്റുകളില്‍ നാഷണല്‍ കോണ്‍ഫറന്‍സും മത്സരിച്ചു. കോണ്‍ഗ്രസിന് രണ്ടു സീറ്റും നഷ്ടപ്പെട്ടെങ്കിലും നാഷണല്‍ കോണ്ഫറന്‍സ് രണ്ട് സീറ്റുകളില്‍ വിജയിച്ചു.
2014ല്‍ ആയിരുന്നു അവസാനമായി കാശ്മീരില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നത്. അന്ന് രൂപീകരിക്കപ്പെട്ട ബിജെപി പിഡിപി സര്‍ക്കാരിനെ പിരിച്ചുവിട്ടാണ് കേന്ദ്രം കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളയുന്നത്. ബിജെപിക്കെതിരെ കാശ്മീരില്‍ അതിശക്തമായ ജനവികാരമുണ്ടെന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ കരുതുന്നത്. ജനാബ് മേഖലയിലുള്‍പ്പെടെ ഇത്തവണ നേട്ടമുണ്ടാക്കാന്‍ സാധിക്കുമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്.