by webdesk2 on | 23-04-2025 01:52:41 Last Updated by webdesk3
ഡോ. എ. ജയതിലക് സംസ്ഥാനത്തിന്റെ അടുത്ത ചീഫ് സെക്രട്ടറിയാകും. ഏറ്റവും സീനിയറായ കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള മനോജ് ജോഷി സംസ്ഥാനത്തേക്ക് മടങ്ങി വരാന്‍ വിസമ്മതം അറിയച്ചതിനെ തുടര്‍ന്നാണ് ജയതിലകിനു ചീഫ് സെക്രട്ടറി പദത്തിലേക്ക് വഴിയൊരുങ്ങിയത്.കേരള കേഡറിലെ രണ്ടാമത്തെ മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് എ. ജയതിലക്. നിലവില്‍ ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ്.
1991 ബാച്ച് ഉദ്യോഗസ്ഥനാണ് എ.ജയതിലക്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് എംബിബിഎസ് ബിരുദവും ഐഐഎമ്മില്‍ നിന്ന് പിജി സര്‍ട്ടിഫിക്കറ്റ് കോഴ്സും പൂര്‍ത്തിയാക്കി. മാനന്തവാടി സബ് കളക്ടറായാണ് സിവില്‍ സര്‍വീസ് കരിയര്‍ തുടങ്ങിയത്. കൊല്ലത്തും കോഴിക്കോടും ജില്ലാ കളക്ടറായ ജയതിലക് കേരള ടൂറിസം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ മാനേജിങ് ഡയറക്ടറുമായി. കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് പോയപ്പോള്‍ സ്പൈസസ് ബോര്‍ഡിന്റെയും മറൈന്‍ എക്സ്പോര്‍ട്ട് ബോര്‍ഡിന്റെയും ചുമതല വഹിച്ചു. നിലവില്‍ ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറിയായ ജയതിലകിന് നികുതി വകുപ്പിന്റെ ഉള്‍പ്പെടെയുള്ള സുപ്രധാന വകുപ്പുകളുടെ ചുമതലയുണ്ട്. ഇവിടെ നിന്നാണ് ശാരദാ മുരളീധരന്റെ പിന്‍ഗാമിയായി ചീഫ് സെക്രട്ടറി പദത്തിലേക്ക് ജയതിലകെത്തുന്നത്.
സംസ്ഥാനത്തെ ഐഎഎസ് പോരില്‍ എന്‍.പ്രശാന്ത് പരസ്യമായി പോര്‍മുഖം തുറന്നത് എ. ജയതിലകുമായിട്ടാണ്. എ ജയതലകിനെതിരെ വ്യക്തിപരമായി പോലും വലിയ വിമര്‍ശനം എന്‍.പ്രശാന്ത് ഉയര്‍ത്തിയിട്ടുണ്ട്. ജയതിലക് ഉള്‍പ്പടെയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരെ സമൂഹമാധ്യമത്തില്‍ അധിക്ഷേപിച്ചതിനാണ് എന്‍.പ്രശാന്തിന് സര്‍വീസില്‍ നിന്നും മാറി നില്‍ക്കേണ്ടി വന്നത്.