by webdesk3 on | 24-04-2025 12:54:04 Last Updated by webdesk3
തിരുവനന്തപുരം അമ്പലമുക്കില്‍ അലങ്കാര ചെടി വില്‍പന കടയില്‍ ജോലി ചെയ്തിരുന്ന വിനീത എന്ന യുവതിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ പ്രതി രാജേന്ദ്രന് കോടതി വധശിക്ഷ വിധിച്ചു. തിരുവനന്തപുരം ഏഴാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി പ്രസൂണ്‍ മോഹനനാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. പ്രതി കൊടും കുറ്റവാളിയാണെന്നും ഇനി സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരില്ലെന്നും നിരീക്ഷിച്ചാണ് കോടതി വധശിക്ഷ വിധിച്ചിരിക്കുന്നത്. തൂക്കുകയര്‍ അല്ലാതെ മറ്റൊരു ശിക്ഷയും പ്രതിക്ക് നല്‍കാനാവില്ലെന്ന് വിധി പ്രസ്താവനയ്ക്കിടെ പ്രസൂണ്‍ മോഹന്‍ പറഞ്ഞു.
കവര്‍ച്ചാ ശ്രമത്തിനിടെ തമിഴ്‌നാട്ടിലും കേരളത്തിലും നാല് കൊലപാതങ്ങളാണ് രാജേന്ദ്രന്‍ നടത്തിയിരിക്കുന്നത്. ഇതില്‍ മൂന്നും സ്ത്രീകളാണ്. 2022 ഫെബ്രുവരി ആറാം തീയതിയായിരുന്നു തിരുവനന്തപുരം നഗരത്തിലെ അലങ്കാര ചെടി വില്‍പ്പന സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്ന വിനീതയുടെ കഴുത്തിലെ സ്വര്‍ണ്ണമാല മോഷ്ടിക്കുന്നതിനിടയില്‍ പ്രതി ഇവരെ കൊലപ്പെടുത്തിയത്.
ശിക്ഷ വിധിക്കും മുമ്പ് രാജേന്ദ്രനോട് എന്തെങ്കിലും പറയാനുണ്ടോ എന്ന് കോടതി ആരാഞ്ഞിരുന്നു. തനിക്ക് 70 വയസ്സുള്ള അമ്മയുണ്ടെന്നും അമ്മയ്ക്ക് സംരക്ഷണം നല്‍കാന്‍ മറ്റാരുമില്ലെന്നും അത് തന്റെ ചുമതലയാണെന്ന് പ്രതി അറിയിച്ചിരുന്നു. കൂടാതെ താന്‍ കുറ്റം ഒന്നും ചെയ്തിട്ടില്ലെന്നും അതിനാല്‍ തനിക്ക് പശ്ചാത്താപം ഇല്ലെന്നും പ്രതി പറഞ്ഞു.
തമിഴ്‌നാട് തോവാള സ്വദേശിയാണ് രാജേന്ദ്രന്‍. തമിഴ്‌നാട്ടിലെ ഒരു കുടുംബത്തിലെ 3 പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതി കൂടിയാണ് രാജേന്ദ്രന്‍. ഇതിനുശേഷമാണ് സ്വര്‍ണ്ണമാല മോഷ്ടിക്കാനായി വിനീതിയേയും ഇയാള്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയത്