News Kerala

ഏതോ മാനസികവിഷമത്തില്‍ തൂങ്ങി മരിച്ചു; നവീന്റെ മരണത്തില്‍ ആരോപണ വിധേയരെ സംരക്ഷിച്ച് പോലീസിന്റെ എഫ്.ഐ.ആര്‍

Axenews | ഏതോ മാനസികവിഷമത്തില്‍ തൂങ്ങി മരിച്ചു; നവീന്റെ മരണത്തില്‍ ആരോപണ വിധേയരെ സംരക്ഷിച്ച് പോലീസിന്റെ എഫ്.ഐ.ആര്‍

by webdesk1 on | 16-10-2024 09:27:40 Last Updated by webdesk1

Share: Share on WhatsApp Visits: 105


ഏതോ മാനസികവിഷമത്തില്‍ തൂങ്ങി മരിച്ചു; നവീന്റെ മരണത്തില്‍ ആരോപണ വിധേയരെ സംരക്ഷിച്ച് പോലീസിന്റെ എഫ്.ഐ.ആര്‍


കണ്ണൂര്‍: അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് കെ.നവീന്‍ ബാബു ജീവനൊടുക്കിയ സംഭവത്തില്‍  ടൗണ്‍ പോലീസ് തയാറാക്കിയത് ആരോപണ വിധയരെ സംരക്ഷിക്കുന്ന എഫ്.ഐ.ആര്‍. ഡ്രൈവര്‍ എം. ഷംസുദ്ദീന്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത പ്രഥമവിവര റിപ്പോര്‍ട്ടില്‍ ഏതോ മാനസികവിഷമത്തില്‍ കിടപ്പുമുറിയിലെ ഫാനില്‍ പ്ലാസ്റ്റിക് കയറില്‍ തൂങ്ങി മരിച്ചു എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

തിങ്കളാഴ്ച വൈകീട്ട് 6.20-നും ചൊവ്വാഴ്ച രാവിലെ എട്ടിനും ഇടയില്‍ പള്ളിക്കുന്ന് കൃഷ്ണമേനോന്‍ വനിതാ കോളേജിന് സമീപത്തെ ക്വാര്‍ട്ടേഴ്സില്‍ സംഭവം നടന്നതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഭാരതീയ ന്യായ് സംഹിതയിലെ 194-ാം വകുപ്പാണ് ചേര്‍ത്തിരിക്കുന്നത്. ആത്മഹത്യക്ക് പ്രേരകമായ കാരണങ്ങളെ കുറിച്ചോ ആത്ഹത്യ ചെയ്യാനുണ്ടായ സാഹചര്യത്തെ കുറിച്ചോ എഫ്.ഐ.ആറില്‍ പരാമര്‍ശമില്ല.

അതേസമയം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണവിധേയയായ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ഇതുസംബന്ധിച്ച് പ്രതികരിച്ചില്ല. ചൊവ്വാഴ്ച പങ്കെടുക്കാന്‍ നിശ്ചയിച്ച പൊതു പരിപാടികളിലും അവര്‍ എത്തിയില്ല. സി.പി.എം കൈവിടാതെ ദിവ്യയെ സംരക്ഷിക്കുന്നുണ്ടെങ്കിലും നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തില്‍ നടത്തിയ പ്രസംഗത്തിലെ പരാമര്‍ശങ്ങളോട് നേതൃത്വത്തിന് വിയോജിപ്പുണ്ട്.

ഒരു വ്യക്തിയും പാല്‍പ്പുഞ്ചിരികൊണ്ടോ ജീവിതത്തിലെ ലാളിത്യംകൊണ്ടോ വിശുദ്ധനാണെന്ന് നിങ്ങളാരും ചിന്തിക്കേണ്ട എന്ന മുനവെച്ച വാക്കുകളോടെയായിരുന്നു യാത്രയയപ്പ് യോഗത്തില്‍ നവീനെ വേദിയിലിരുത്തി ദിവ്യ നടത്തിയ പ്രസംഗം. സ്ഥലം മാറി പോകുന്ന എ.ഡി.എമ്മിന് എല്ലാവിധ ആശംസകളും നേരുന്നു. മുന്‍ എ.ഡി.എമ്മിനെ നിരവധി തവണ വിളിക്കുന്ന സാഹചര്യമുണ്ടായിരുന്നു. അങ്ങനെയൊന്നും ഈ എ.ഡി.എമ്മിനെ വിളിക്കുന്ന സാഹചര്യമുണ്ടായിട്ടില്ല.

പക്ഷേ, ഒരുതവണ ഇദ്ദേഹത്തെ വിളിച്ചിരുന്നു. ചെങ്ങളായിയിലെ പെട്രോള്‍ പമ്പിന് എന്‍.ഒ.സി അനുവദിക്കുന്നതുമായി ബന്ധപ്പെട്ടാണത്. നിങ്ങള്‍ ആ സൈറ്റ് ഒന്നുപോയി നോക്കണമെന്ന് പറഞ്ഞു. ഒരുദിവസം സൈറ്റ് പോയി നോക്കാമെന്ന് പറഞ്ഞു. ഒരുതവണയല്ല പലതവണ പരാതിക്കാരന്‍ വന്നുകണ്ടു. ഒന്നുമായില്ലല്ലോയെന്ന് പറഞ്ഞു. തീരുമാനമാകുമെന്ന് പറഞ്ഞ് ആശ്വസിപ്പിച്ചു.

അദ്ദേഹം വീണ്ടും വീണ്ടും വന്നപ്പോള്‍ എ.ഡി.എമ്മിനോട് ഞാന്‍ ചോദിച്ചു വല്ലതും നടക്കുമോയെന്ന്. അപ്പോള്‍ അദ്ദേഹം പറഞ്ഞു, അതില്‍ ചെറിയ പ്രശ്നമുണ്ട്. എന്‍.ഒ.സി ലഭിക്കാന്‍ പ്രയാസമാണ്. സംരംഭകനോട് ഇടയ്ക്ക് തന്നെ വന്നു കാണേണ്ടതില്ലെന്ന് പറഞ്ഞു. എ.ഡി.എമ്മിനോട് സഹായിക്കണമെന്നും പറഞ്ഞു. ഒടുവില്‍ പമ്പിന് എന്‍.ഒ.സി. കിട്ടിയെന്ന് സംരംഭകന്‍ പറഞ്ഞു. ഏതായാലും നന്നായി. ഒരു ബുദ്ധിമുട്ടുമില്ലെങ്കില്‍ ഒരാളെ സെക്കന്‍ഡ് വെച്ച് സഹായിക്കേണ്ടവരാണ് നമ്മളെല്ലാവരും. എന്‍.ഒ. സി. എങ്ങനെ കിട്ടിയെന്ന് എനിക്കറിയാം. അത് കൊടുത്തതിന് പ്രത്യേക നന്ദി പറയാനാണ് ഞാന്‍ ഇവിടെയെത്തിയത്.

ഒരു വ്യക്തിയും പാല്‍പ്പുഞ്ചിരികൊണ്ടോ ജീവിതത്തിലെ ലാളിത്യംകൊണ്ടോ വിശുദ്ധനാണെന്ന് നിങ്ങളാരും ചിന്തിക്കേണ്ട. ഞാന്‍ അതുകൊണ്ട് അദ്ദേഹത്തോട് നന്ദി പറയുകയാണ്. കുറച്ചുമാസം കൊണ്ടാണെങ്കിലും അത് നടത്തിക്കൊടുത്തതിന് അദ്ദേഹത്തോട് നന്ദി പറയുകയാണ്. കണ്ണൂരില്‍ അദ്ദേഹം നടത്തിയതുപോലെ ആയിരിക്കരുത് പോകുന്നിടത്ത് നടത്തേണ്ടത് എന്നും കുത്തുവാക്കിന്റെ ഭാഷയില്‍ ദിവ്യ പ്രസംഗം തുടര്‍ന്നു.

കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ നിങ്ങള്‍ ആളുകളെ സഹായിക്കുക. കാരണം, നിങ്ങളുടെ നമ്മുടെയെല്ലാം ചുറ്റും ആളുകളുണ്ട്. നമ്മുടെ ജീവിതം സര്‍ക്കാര്‍ സര്‍വീസാണ്. ഒരുനിമിഷം മതി എന്തും സംഭവിക്കാന്‍. ആ നിമിഷത്തെ ഓര്‍ത്തുവേണം എല്ലാവരും പേന പിടിക്കാന്‍. ഇതുമാത്രമാണ് ഈ അവസരത്തില്‍ പറയാനുള്ളത്. രണ്ടുദിവസം കാത്തിരിക്കണം. ഇത്രമാത്രം പറഞ്ഞുകൊണ്ട് ഞാന്‍ ഇവിടെനിന്ന് ഇറങ്ങും. ഉപഹാരം നല്‍കുന്ന ചടങ്ങില്‍ ഞാന്‍ ഉണ്ടാകരുതെന്ന് ആഗ്രഹിക്കുന്നു. അതിന് പ്രത്യേക കാരണം കൂടിയുണ്ട്. ആ കാരണം രണ്ടുദിവസം കൊണ്ട് നിങ്ങള്‍ അറിയുമെന്നും പറഞ്ഞാണ് ദിവ്യ പ്രസംഗം അവസാനിപ്പിച്ചത്.



Share:

Search

Popular News
Top Trending

Leave a Comment