by webdesk1 on | 07-09-2024 08:48:25 Last Updated by webdesk1
കൊച്ചി: ആര്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുമായി എ.ഡി.ജി.പി എം.ആര്‍. അജിത്ത്കുമാര്‍ കൂടിക്കാഴ്ച നടത്തിയ സംഭവത്തില്‍ പ്രതികരിച്ച് മുന്‍ ഡി.ജി.പി ഡോ. ജേക്കബ് തോമസ്. ആര്‍.എസ്.എസ് നേതാവിനെ കാണുന്നതില്‍ എന്താണ് തെറ്റെന്ന് ചോദിച്ച അദ്ദേഹം സുതാര്യമായായിരുന്നു കണ്ടിരുന്നതെങ്കില്‍ ഇത്രയും വിവാദം ഉണ്ടാകുമായിരുന്നില്ല എന്നും അക്‌സ് ന്യൂസിന് നല്‍കിയ പ്രതികരണത്തില്‍ പറഞ്ഞു.
താന്‍ സര്‍വീസില്‍ ഉണ്ടായിരുന്ന കാലത്തും അതിനു ശേഷവും ആര്‍.എസ്.എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. പല പരിപാടികളിലും വേദി പങ്കിട്ടിട്ടുണ്ട്. അതൊക്കെ സുതാര്യമായിട്ടായിരുന്നു. ഇവിടെ ഒളിച്ചും പാത്തും കൂടിക്കാഴ്ച നടത്തിയതാണ് വിവാദങ്ങള്‍ സൃഷ്ടിച്ചത്. പരസ്യമായിട്ടായിരുന്നേല്‍ ഈ നിലയില്‍ വിമര്‍ശനങ്ങള്‍ ഉണ്ടാകുമായിരുന്നില്ല.
എറണാകുളത്ത് എളമക്കരയില്‍ ഒരു ചടങ്ങില്‍ ഇതേ നേതാവുമായി താന്‍ വേദി പങ്കിട്ടിരുന്നു. അദ്ദേഹവുമായി ദീര്‍ഘനേരം സംഭാഷണം നടത്തിയതിനു ശേഷമാണ് മടങ്ങിയത്. അതേപോലെ ഡെല്‍ഹിയില്‍ നടന്ന ഒരു മീഡിയ സെമിനാറില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍ അവിടെ വച്ച് ആര്‍.എസ്.എസ് നേതാവ് മോഹന്‍ ഭാഗവദിനെ കാണുകയും സംസാരിക്കുകയും ചെയ്തിരുന്നു.
ആര്‍.എസ്.എസ് പരിപാടികളില്‍ പങ്കെടുക്കുകയും നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയുമൊക്കെ ചെയ്യുമ്പോള്‍ ഇതു ശരിയാണോ എന്ന് ചോദിച്ച് മാധ്യമങ്ങള്‍ സമീപിക്കാറുണ്ട്. അപ്പോഴൊക്കെ താന്‍ പറഞ്ഞത് ആര്‍.എസ്.എസ് എന്നത് ലോകത്തെ ഏറ്റവും വലിയ സന്നദ്ധ സംഘടനയാണെന്നും അവരുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരുന്നതില്‍ എന്താണ് തെറ്റെന്നുമാണ്.
രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെ നയങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സംഘടനകള്‍, പ്രസ്ഥാനങ്ങള്‍ എന്നിവയുമായി ബന്ധപ്പെടുന്നത് തെറ്റാണ്. ഉദാഹരണത്തിന് മാവോയിസ്റ്റ്, തീവ്രവാദ സംഘടനകള്‍. രാജ്യത്തെ നിയമങ്ങള്‍ക്കും സംഹിതകള്‍ക്കും വിധേയമായ പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയുമായി ബന്ധപ്പെടുന്നതിനോ അവരുടെ നേതാക്കന്മാരെ നേരില്‍ കാണുന്നതിനോ തെറ്റില്ലെന്നും അത് സുതാര്യമായി ചെയ്താല്‍ ആര്‍ക്കും കുറ്റംപറയാന്‍ കഴിയില്ലെന്നും ജേക്കബ് തോമസ് പറഞ്ഞു.