by webdesk1 on | 02-09-2024 09:43:09
മലപ്പുറം: അന്‍വര്‍ പുറത്തുവിട്ട വെളിപ്പെടുത്തലിന്റെ അലയൊലികള്‍ സിപിഎം രാഷ്ട്രീയത്തിലും ഭരണത്തിലും തിരമാല പോലെ അഞ്ഞടിച്ചുകൊണ്ടിരിക്കുമ്പോഴാണ് മറ്റൊരു സിപിഎം സഹയാത്രികനായ മുന്‍ ലീഗുകാരന്‍ കെ.ടി. ജലീലിന്റെ റിട്ടേയര്‍മെന്റ് പ്രഖ്യാപനം വരുന്നത്.
ഇനി തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് അറിയിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥരിലെ കള്ളനാണയങ്ങളെ തുറന്നുകാട്ടുമെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് അധികാര രാഷ്ട്രീയത്തില്‍നിന്ന് പിന്‍വാങ്ങുന്ന കാര്യം ജലീല്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. അഴിമതിക്കാരായ ഉദ്യോഗസ്ഥരെ തുറന്നു കാട്ടാന്‍ പോര്‍ട്ടല്‍ തുടങ്ങുമെന്നും മരണം വരെ സിപിഎം സഹയാത്രികനായി തുടരുമെന്നും ജലീല്‍ പറഞ്ഞു.
സിപിഎം നല്‍കിയ പിന്തുണയും അംഗീകാരവും മരിച്ചാലും മറക്കില്ല. ഉദ്യോഗസ്ഥരിലെ കള്ളനാണയങ്ങളെ തുറന്നുകാട്ടും. അതിനായി ഒരു പോര്‍ട്ടല്‍ തുടങ്ങും. വിശദവിവരങ്ങള്‍ ഒക്ടോബര്‍ രണ്ടിന് പുറത്തിറങ്ങുന്ന സ്വര്‍ഗസ്ഥനായ ഗാന്ധിജിയുടെ അവസാന അധ്യായത്തില്‍ പറയാമെന്നും ജലീല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. കുറിപ്പിനൊപ്പം ഇന്നു പോലീസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തില്‍ മുഖ്യമന്ത്രി പോലീസ് സേനയെ പറ്റി പറഞ്ഞതിന്റെ വിവരങ്ങളും പങ്കുവച്ചിട്ടുണ്ട്.
യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന കെ.ടി.ജലീല്‍, പി.കെ.കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരെ ആരോപണമുന്നയിച്ചാണ് ലീഗ് വിട്ടത്. 2006 നിയമസഭാ തിരഞ്ഞെടുപ്പില്‍ കുറ്റിപ്പുറത്ത് കുഞ്ഞാലിക്കുട്ടിയെ അട്ടിമറിച്ചതോടെ സംസ്ഥാന തലത്തില്‍ ശ്രദ്ധേയനായി. 2011, 16, 21 തിരഞ്ഞെടുപ്പുകളില്‍ തവനൂര്‍ മണ്ഡലത്തില്‍നിന്നു വിജയിച്ചു. ഒന്നാം പിണറായി സര്‍ക്കാരില്‍ മന്ത്രിയായിരുന്ന ജലീലിനു ബന്ധു നിയമന ആരോപണത്തെത്തുടര്‍ന്നു മന്ത്രി സ്ഥാനം രാജിവയ്‌ക്കേണ്ടി വന്നിരുന്നു.