by webdesk1 on | 30-08-2024 01:29:08 Last Updated by webdesk1
തിരുവനന്തപുരം: സ്ത്രീ സുരക്ഷയിലും സ്ത്രീ സംരക്ഷണത്തിലും വലിയ നേട്ടം കൈവരിക്കാനായെന്ന് കേന്ദ്ര സര്‍ക്കാരും കേരളം ഉള്‍പ്പടെയുള്ള വിവിധ സംസ്ഥാന സര്‍ക്കാരുകളും അവകാശപ്പെടുമ്പോള്‍ സമീപകാലത്തായി സ്ത്രീകള്‍ക്കെതിരെ അതിക്രൂരമായ പീഢനവാര്‍ത്തകളാണ് പുറത്ത് വരുന്നത്. അതില്‍ എറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കൊല്‍ക്കത്തയില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനി കൊല്ലപ്പെട്ട സംഭവം.
ഈ സംഭവം ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരെയുള്ള രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുമ്പോള്‍ രാജ്യത്തിന്റെ സ്ത്രീ സുരക്ഷയിലെ പിഴവുകള്‍കൂടിയാണ് ഇതെന്ന ബോധ്യം കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയും അംഗീകരിക്കുന്നുണ്ട്. അതിന്റെ ഭാഗമായി കൂടിയാകാം സ്ത്രീകള്‍ക്ക് നേരെ അതിക്രമം നടത്തുന്നവര്‍ക്ക് ശക്തമായ ശിക്ഷ ഉറപ്പാക്കുമെന്ന പ്രഖ്യാപനവുമായി മുതിര്‍ന്ന ബിജെപി നേതാവും പ്രതിരോധ മന്ത്രികൂടിയായ രാജ്‌നാഥ് സിങ് രംഗത്തെത്തിയിരിക്കുന്നത്.
ബലാല്‍സംഗം പോലെ സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രൂരമായ കുറ്റകൃത്യങ്ങള്‍ക്ക് വധശിക്ഷ ഉറപ്പാക്കണമെന്നാണ് അദ്ദേഹം തിരുവനന്തപുരത്ത് ഒരു പരിപാടിയില്‍ പങ്കെടുക്കവേ പ്രസംഗത്തില്‍ പറഞ്ഞത്. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം കുറയ്ക്കാന്‍ കേന്ദ്രം പലതും ചെയ്‌തെങ്കിലും, പല സംസ്ഥാനങ്ങളും കാര്യമായി ഒന്നും ചെയ്യുന്നില്ലെന്നും കൊല്‍ക്കത്തയില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനി കൊല്ലപ്പെട്ട സംഭവം ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.
വയനാട് ഉരുള്‍പൊട്ടലില്‍ മരിച്ചവര്‍ക്ക് ആദരാജ്ഞലി അര്‍പ്പിച്ച് തുടങ്ങിയ പ്രസംഗത്തില്‍ ബംഗാളിലെ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളെ മന്ത്രി അപലപിച്ചു. മോദി സര്‍ക്കാര്‍ അധികാരത്തിലിരുന്ന 10 വര്‍ഷത്തില്‍ രാജ്യം ഒട്ടേറെ മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. രാഷ്ട്രീയത്തിലും സാമ്പത്തിക വ്യവസ്ഥയിലുമെല്ലാം വലിയ മാറ്റമുണ്ടായി. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിനു മുന്‍പ് എന്തുചെയ്യണമെന്നറിയാതെ ആശയക്കുഴപ്പത്തിലായിരുന്നു ഇന്ത്യക്കാര്‍. ഒന്നാം മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം അതിനു മാറ്റം വന്നു.
പ്രതിരോധ മേഖലയില്‍ രാജ്യം സ്വയംപര്യാപ്തതയിലേക്ക് അതിവേഗം നീങ്ങുകയാണ്. സേനകളില്‍ സ്ത്രീ പ്രാതിനിധ്യം വര്‍ധിച്ചു. സൈനിക സ്‌കൂളുകളില്‍ വനിതകള്‍ക്ക് പ്രവേശനം അനുവദിച്ചു. എന്‍ഡിഎ പരീക്ഷ ഇപ്പോള്‍ വനിതകളും എഴുതുന്നു. പ്രതിരോധ മേഖലയില്‍ രാജ്യം സ്വയംപര്യാപ്തത നേടി. നേരത്തെ 65-70 ശതമാനം ആയുധങ്ങളും ഇറക്കുമതി ചെയ്യുകയായിരുന്നു. ഇപ്പോള്‍ ഇറക്കുമതി 35 ശതമാനമായി കുറഞ്ഞു.
ലോക രാജ്യങ്ങള്‍ക്ക് മുന്നില്‍ ഇന്ത്യയുടെ പ്രതിച്ഛായ വര്‍ധിച്ചു. ഉക്രെയ്‌നും റഷ്യയും ഒരേസമയം സന്ദര്‍ശിച്ച ലോക നേതാവ് നരേന്ദ്ര മോദിയാണ്. മോദി ഉക്രെയ്‌നില്‍ സന്ദര്‍ശനം നടത്തുന്ന ഘട്ടത്തില്‍ റഷ്യ ആക്രമണം താല്‍ക്കാലികമായി അവസാനിപ്പിച്ചു. പശ്ചിമേഷ്യന്‍ രാജ്യങ്ങളുമായും അയല്‍രാജ്യങ്ങളുമായുള്ള ബന്ധം മോദി സര്‍ക്കാര്‍ ദൃഢമാക്കിയതായും രാജ്‌നാഥ് സിങ് പറഞ്ഞു.