by webdesk1 on | 31-08-2024 01:05:48 Last Updated by webdesk1
ആലപ്പുഴ: പാര്‍ട്ടി ഭരിക്കുന്ന കുമാരപുരം സഹകരണ ബാങ്കിലെ ക്രമക്കേട് ചൂണ്ടിക്കാട്ടിയ അംഗത്തെ ഏരിയ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയതില്‍ സി.പി.എമ്മില്‍ കൂട്ട രാജി. ഹരിപ്പാട് കുമാരപുരത്തെ 36 പാര്‍ട്ടി അംഗങ്ങളാണ് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ജില്ലാ സെക്രട്ടറിക്കും കത്തു നല്‍കിയത്.
ബാങ്കിലെ ക്രമക്കേടുകള്‍ക്കെതിരെ ഏരിയ കമ്മിറ്റി അംഗമായ ബിജു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണ കമ്മിഷനെ നിയോഗിച്ചിരുന്നു. തുടര്‍ന്ന് ഹരിപ്പാട് ഏരിയ കമ്മിറ്റി പുനഃസംഘടിപ്പിച്ചപ്പോള്‍ പരാതി നല്‍കിയ ബിജുവിനെ ഒഴിവാക്കി. പിന്നീട് ഉള്‍പ്പെടുത്താമെന്ന് ജില്ലാ സെക്രട്ടറി പറഞ്ഞെങ്കിലും വാക്കു പാലിച്ചില്ല.
മാത്രമല്ല, ബാങ്കിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ചര്‍ച്ചയും നടന്നില്ല. ഇതേ തുടര്‍ന്നാണ് അംഗങ്ങള്‍ രാജിക്കത്ത് നല്‍കിയത്. ജില്ലാ സെക്രട്ടറിക്കും ജില്ലാ സെക്രട്ടേറിയറ്റംഗത്തിനുമെതിരെ കത്തില്‍ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ത്തിയിരിക്കുന്നത്.
പാര്‍ട്ടി ജില്ലാ സെക്രട്ടറിയേറ്റംഗം എം.സത്യപാലന്‍ ആണ് കുമാരപുരം സഹകരണ ബാങ്ക് പ്രസിഡന്റ്. ജില്ലയില്‍ സി.പി.എം ബ്രാഞ്ച് സമ്മേളനങ്ങള്‍ അടുത്ത ദിവസം മുതല്‍ തുടങ്ങാനിരിക്കുകയാണ്. ഇതിനിടെയാണ് ജില്ലാ സമ്മേളനം നടക്കാനിരിക്കുന്ന ഹരിപ്പാട് പ്രശ്‌നങ്ങള്‍ രൂക്ഷമായത്.
വിഭാഗീയതയാണ് പ്രശ്‌നങ്ങളുടെ പിന്നിലെന്നാണ് സൂചന. നേരത്തെ കായംകുളത്തും ബ്രാഞ്ചിലെ മുഴുവന്‍ അംഗങ്ങളും രാജിക്കത്ത് നല്‍കിയിരുന്നു.