Infotainment Cinema

തെറ്റുകള്‍ സമ്മതിച്ച് മോഹന്‍ലാല്‍: മലയാള സിനിമയെ രക്ഷിക്കാന്‍ ഒപ്പം നില്‍ക്കമെന്ന് അഭ്യര്‍ത്ഥന; പവര്‍ ഗ്രൂപ്പില്‍ താനില്ലെന്നും മാധ്യമങ്ങള്‍ക്ക് മുന്നില്‍ തുറന്നു പറഞ്ഞ് താരം

Axenews | തെറ്റുകള്‍ സമ്മതിച്ച് മോഹന്‍ലാല്‍: മലയാള സിനിമയെ രക്ഷിക്കാന്‍ ഒപ്പം നില്‍ക്കമെന്ന് അഭ്യര്‍ത്ഥന; പവര്‍ ഗ്രൂപ്പില്‍ താനില്ലെന്നും മാധ്യമങ്ങള്‍ക്ക് മുന്നില്‍ തുറന്നു പറഞ്ഞ് താരം

by webdesk1 on | 31-08-2024 03:19:40 Last Updated by webdesk1

Share: Share on WhatsApp Visits: 25


തെറ്റുകള്‍ സമ്മതിച്ച് മോഹന്‍ലാല്‍: മലയാള സിനിമയെ രക്ഷിക്കാന്‍ ഒപ്പം നില്‍ക്കമെന്ന് അഭ്യര്‍ത്ഥന; പവര്‍ ഗ്രൂപ്പില്‍ താനില്ലെന്നും മാധ്യമങ്ങള്‍ക്ക് മുന്നില്‍ തുറന്നു പറഞ്ഞ് താരം



തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനെ തുടര്‍ന്നുണ്ടായ ഞെട്ടിക്കുന്ന സംഭവ വികാസങ്ങളില്‍ മൗനം പാലിക്കുകയും അപ്രതീക്ഷിതമായി എല്ലാം കൈയ്യൊഴിഞ്ഞ് താരസംഘടനയുടെ പ്രസിഡന്റ് സ്ഥാനം രാജിവച്ച് ഒളിച്ചോടുകയും ചെയ്ത മോഹന്‍ലാല്‍ ഒടുവില്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ മനസ് തുറന്നു. ദൗര്‍ഭാഗ്യകരമായ കാര്യങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും അതില്‍ പ്രതികരിക്കേണ്ടിവന്നതില്‍ വേദനയുണ്ടെന്നും പറഞ്ഞു തുടങ്ങിയ താരം കുറ്റം ചെയ്തിട്ടുള്ള ആളുകള്‍ ശിക്ഷിക്കപ്പെടണമെന്നും പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സ്വാഗതം ചെയ്യുന്നു. റിപ്പോര്‍ട്ടില്‍ സിനിമയിലെ മൊത്തത്തിലുള്ള കാര്യമാണു പറയുന്നത്. സിനിമാമേഖല ഒന്നാകെയാണ് പ്രതികരിക്കേണ്ടത്. എന്നാല്‍ അമ്മയ്ക്കു നേരെയാണു എല്ലാവരും വിരല്‍ ചൂണ്ടുന്നത്. താന്‍ എവിടേക്കും ഒളിച്ചോടിയിട്ടില്ല. വ്യക്തിപരമായ കാരണങ്ങളാല്‍ ഗുജറാത്തിലും ബോംബെയിലും മദ്രാസിലുമായിരുന്നു. ഭാര്യയുടെ സര്‍ജറിയുമായി ആശുപത്രിയിലായിരുന്നു.

വല്ലാത്ത ചോദ്യങ്ങള്‍ ചോദിച്ച് ബുദ്ധിമുട്ടിക്കരുത്. ആധികാരികമായി പറയാന്‍ അറിയുന്ന ആളല്ല. ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് എന്റെ കയ്യില്‍ ഉത്തരങ്ങളില്ല. കോടതിയില്‍ ഇരിക്കുന്ന കാര്യമാണ്. അത്തരം കാര്യങ്ങള്‍ സംഭവിച്ചു പോയി. ഇനി അങ്ങനെ ഉണ്ടാകാതിരിക്കാനുള്ള കാര്യമാണു ചെയ്യേണ്ടത്. പോലീസും കോടതിയും സര്‍ക്കാരുമാണു നടപടികള്‍ സ്വീകരിക്കുന്നത്. മാധ്യമങ്ങളും കൂടി ചേര്‍ന്നു പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കണം.

ആയിരക്കണക്കിന് ആളുകള്‍ സിനിമ മേഖലയില്‍ ജോലിക്കാരായുണ്ട്. സിനിമ അത് നിശ്ചലമായാല്‍ അവര്‍ പട്ടിണിയാകും. വളരെ ബുദ്ധിമുട്ടി ഉണ്ടാക്കിയെടുത്ത ഇന്‍ഡസ്ട്രിയാണ്. ദയവു ചെയ്ത് എല്ലാ തെറ്റും ഞങ്ങളുടേത് മാത്രമായി കണക്കാക്കരുത്. സിനിമയില്‍ മാത്രമല്ല, എല്ലാ മേഖലയിലും ഇതുപോലുള്ള കമ്മിറ്റികള്‍ ഉണ്ടാകണം എന്നാണ് ആഗ്രഹം.

സിനിമാമേഖലയിലെ ശുദ്ധീകരണത്തിന് അമ്മയും സഹകരിക്കും. അമ്മ മാത്രമല്ല സിനിമാ മേഖലയിലെ സംഘടനകളെല്ലാം മാധ്യമങ്ങളെ കാണണം. അവരുടെ അഭിപ്രായങ്ങളും ശേഖരിക്കണം. പരിചയമില്ലാത്ത ഒരുപാട് കാര്യങ്ങള്‍ കേട്ടു. അമ്മ ഇതിനെല്ലാം പ്രതികരിക്കണം എന്നുപറഞ്ഞാല്‍ എങ്ങനെ സാധിക്കും.

അഭിഭാഷകരും സിനിമയിലെ തലമുതിര്‍ന്ന ആളുകളുമായി സംസാരിച്ചതിന് ശേഷമാണ് പ്രസിഡന്റ് പദവിയില്‍ നിന്ന് പിന്മാറിയത്. അത് കൂട്ടായെടുത്ത തീരുമാനമാണ്. ആര്‍ക്കുവേണമെങ്കിലും അമ്മയുടെ നേതൃത്വത്തിലേക്ക് വരാം. ഞാന്‍ പവര്‍ ഗ്രൂപ്പില്‍പ്പെട്ട ആളല്ല. ഇത് ആദ്യമായാണു കേള്‍ക്കുന്നത്.

കമ്മിറ്റി റിപ്പോര്‍ട്ടിനെ കുറിച്ച് നിങ്ങള്‍ക്കറിയുന്ന അറിവുതന്നെയാണ് എനിക്കുള്ളത്. അമ്മയുടെ പ്രസിഡന്റ് എന്ന നിലയില്‍ അല്ല സംസാരിക്കുന്നത്. സിനിമാപ്രവര്‍ത്തകന്‍ എന്ന നിലയിലാണ്. വ്യവസായം തകര്‍ന്നുപോകരുത് എന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു. നിങ്ങളും എന്നോടൊപ്പം സഹകരിക്കണമെന്നും മോഹന്‍ലാല്‍ പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്ന ശേഷം ആദ്യമായാണ് അമ്മയുടെ പ്രസിഡന്റ്കൂടിയായിരുന്ന മോഹന്‍ലാല്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്നത്. തിരുവനന്തപുരത്തു നടന്ന കേരള ക്രിക്കറ്റ് ലീഗ് ലോഞ്ചിനു ശേഷമായിരുന്നു അദ്ദേഹം മാധ്യമങ്ങളെ കണ്ടത്.


Share:

Search

Popular News
Top Trending

Leave a Comment