by webdesk1 on | 01-09-2024 08:02:52
കൊച്ചി: അനുവാദമില്ലാതെ കയറി പിടിക്കുകയും ചുംബിക്കുകയും ചെയ്‌തെന്ന രണ്ട് നടിമാരുടെ പീഡനാരോപണങ്ങളില്‍ പ്രതികരിച്ച് നടന്‍ ജയസൂര്യ. അമേരിക്കയിലുള്ള താരം ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതികരണം നടത്തിയത്. തങ്ങളെ പീഡിപ്പിച്ചിട്ടില്ല മറിച്ച് കെട്ടിപ്പിടിക്കുകയാണുണ്ടായതെന്ന പരാതിക്കാരികളുടെ മൊഴിയില്‍ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ വ്യാജമാണെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് ജയസൂര്യ ഫേസ്ബുക്കില്‍ കുറിച്ചു.
ആര്‍ക്കും ഇത്തരം വ്യാജ ആരോപണങ്ങള്‍ ആര്‍ക്കുനേരെയും, എപ്പോള്‍ വേണമെങ്കിലും ഉന്നയിക്കാം. മനസാക്ഷി ഇത്തിരിപോലും ബാക്കിയുണ്ടാവരുത് എന്നേയുള്ളൂ. പീഡനം പോലെ തന്നെ വേദനാജനകമാണ് വ്യാജ പീഡനാരോപണം നേരിടേണ്ടിവരുന്നതും എന്ന് ഓര്‍ക്കുന്നത് നന്ന്. സത്യം ചെരിപ്പ് ധരിക്കുമ്പോഴേയ്ക്കും നുണ ലോകസഞ്ചാരം പൂര്‍ത്തിയാക്കിയിരിക്കും എന്നാണല്ലോ. എങ്കിലും അന്തിമവിജയം സത്യത്തിനായിരിക്കും എന്നത് സുനിശ്ചിതമാണെന്നും പിറന്നാള്‍ദിനത്തില്‍ ഇട്ട ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.
തനിക്കെതിരെ ഉയര്‍ന്ന പീഡനാരോപണങ്ങള്‍ തന്നെയും കുടുംബത്തെയും തകര്‍ത്തു. ഇവിടത്തെ ജോലികള്‍ കഴിഞ്ഞ ഉടന്‍ ഞാന്‍ തിരിച്ചെത്തും നിരപരാധിത്വം തെളിയാന്‍ ഉള്ള നിയമപോരാട്ടം തുടരും. നമ്മുടെ നീതിന്യായ വ്യവസ്ഥയില്‍ ഞാന്‍ പൂര്‍ണമായും വിശ്വസിക്കുന്നു. ഈ ജന്മദിവം ഏറ്റവും ദുഃഖപൂര്‍ണമാക്കിയതിന് അതില്‍ പങ്കാളിയായവര്‍ക്ക് നന്ദി. പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ... പാപികളുടെ നേരെ മാത്രം. ജയസൂര്യ കുറിച്ചു.
2008, 2013 വര്‍ഷങ്ങളില്‍ സിനിമാ സെറ്റില്‍വെച്ച് രണ്ട് നടിമാരോട് മോശമായി പെരുമാറിയെന്ന കാരണങ്ങളില്‍ രണ്ട് കേസുകളാണ് ജയസൂര്യക്കെതിരെയുള്ളത്. വ്യക്തിപരമായ ചില അത്യാവശ്യങ്ങള്‍ കാരണം കഴിഞ്ഞ ഒരുമാസമായി കുടുംബസമേതം അമേരിക്കയിലാണെന്നും ഇതിനിടയിലാണ് അപ്രതീക്ഷിതമായി രണ്ട് വ്യാജ പീഡനാരോപണങ്ങളുണ്ടാവുന്നതെന്നും താരം പറഞ്ഞു. ആരോപണങ്ങള്‍ കുടുംബാംഗങ്ങളെ അഗാധമായ ദുഃഖത്തിലാഴ്ത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
2008-ല്‍ ബാലചന്ദ്ര മേനോന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ സെക്രട്ടേറിയറ്റിലെ സെറ്റില്‍ വച്ച് ജയസൂര്യ കടന്നുപിടിച്ചതായാണ് ഒരു നടിയുടെ ആരോപണം. 2013 ല്‍ തൊടുപുഴയിലെ സിനിമാസെറ്റില്‍ വച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് താരത്തിനെതിരെയുള്ള മറ്റൊരു പരാതി. സെക്ഷന്‍ 354,354 എ, 509 എന്നീ വകുപ്പുകളാണ് ജയസൂര്യക്കെതിരെ ചുമത്തിയിരിക്കുന്നത്.