by webdesk1 on | 01-09-2024 09:57:28
തിരുവനന്തപുരം: സിനിമ മേഖലയ്ക്ക് പിന്നാലെ ആരോപണങ്ങളും വെളിപ്പെടുത്തലുകളും രാഷ്ട്രീയ മേഖലയിലേക്കും കടന്നിരിക്കുകയാണ്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെയാണ് ഇപ്പോള്‍ രൂക്ഷമായ ആരോപണം ഉയര്‍ന്നിരിക്കുന്നത്. പാര്‍ട്ടിയില്‍ തന്നെയുള്ള മുതിര്‍ന്ന വനിതാ നേതാവ് സിമി റോസ്‌ബെല്‍ ജോണ്‍ ആണ് ആരോപണവുമായി ആദ്യം രംഗത്തെത്തിയത്.
കോണ്‍ഗ്രസില്‍ വി.ഡി. സതീശന്റെ നേതൃത്വത്തില്‍ പവര്‍ഗ്രൂപ്പുണ്ടെന്നും പദവികള്‍ അര്‍ഹരായിട്ടുള്ള വനിതകള്‍ക്ക് നീതി ലഭിക്കുന്നില്ലെന്നുമാണ് സിമി ഇപ്പോള്‍ തുറന്നടിച്ചിരിക്കുന്നത്. പ്രതിപക്ഷ നേതാവ് തന്നെ അപമാനിച്ചതിന് കൈയും കണക്കുമില്ല. പി.എസ്.സി അംഗത്വം ലഭിച്ചതല്ലേ, ഇനി വീട്ടിലിരിക്കട്ടെ എന്നാണ് പ്രതിപക്ഷ നേതാവ് തന്നോട് പറഞ്ഞത്.
ഹൈബി ഈഡന്‍ എംപിയും വിനോദ് എംഎല്‍എയും ദീപ്തി മേരി വര്‍ഗീസും തന്നെ തടയാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നുവെന്നും അവര്‍ പറഞ്ഞു. സൗഭാഗ്യങ്ങള്‍ വേണ്ടെന്നും വച്ചും ഏറെ ത്യാഗം സഹിച്ചുമാണ് ഈ പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചത്. അതിന് നേതാക്കളുടെ ആട്ടും തുപ്പും സഹിക്കാന്‍ മാത്രം അധപതിച്ചിട്ടില്ലെന്നും സിമി റോസ്‌ബെല്‍ പറയുന്നു.
ഹേമാ കമ്മിറ്റി മോഡല്‍ കമ്മിറ്റി രാഷ്ടീയത്തിലും കൊണ്ടുവരണം. അവസരം കിട്ടാന്‍ ചിലയാളുടെ ഗുഡ്ബുക്കില്‍ ഇടംപിടിക്കേണ്ട അവസ്ഥയാണ്. കോണ്‍ഗ്രസില്‍ വിവേചനം നടപ്പാക്കുന്നത് പ്രതിപക്ഷനേതാവടക്കമുള്ള സംസ്ഥാന കോണ്‍ഗ്രസിലെ പവര്‍ഗ്രൂപ്പാണ്.
കഴിവോ പ്രവര്‍ത്തന പരിചയോ ഇല്ലാത്ത സ്ത്രീകള്‍ക്ക് ഈ സ്വാധീനത്തിന്റെ പുറത്ത് ഇപ്പോള്‍ അവസരം നല്‍കുന്നു. പലരും അര്‍ഹതയില്ലാതെ അവസരങ്ങള്‍ നേടിയത് ഈ സ്വാധീനവും ബന്ധങ്ങളും മൂലമാണന്നും സിമി റോസ്ബല്‍ ജോണ്‍ ആരോപിക്കുന്നു.