by webdesk1 on | 01-09-2024 08:34:01
കൊച്ചി: ആഭ്യന്തര വകുപ്പിനും എഡിജിപിക്കും എതിരായ പി.വി. അന്‍വര്‍ എംഎല്‍എയുടെ ഗുരുതര ആരോപണങ്ങള്‍ സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യങ്ങളോട് മറുപടി ചിരിയില്‍ ഒതുക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. ചോദ്യമുന ഉയരുന്നത് ആഭ്യന്തര മന്ത്രികൂടിയായ മുഖ്യമന്ത്രിയിലേക്കായതിനാല്‍ അതിലെ അപകടം മനസിലാക്കി മുഖ്യമന്ത്രിയുടെ രക്ഷപെടല്‍ കൂടിയായിരുന്നു ആ ചിരി.
സാധാരണ ഇഷ്ടപ്പെടാത്ത ചോദ്യങ്ങളോട് അസഹിഷ്ണുതയോടെ പെരുമാറാറുള്ള മുഖ്യമന്ത്രി പക്ഷെ സിയാലില്‍ എയ്‌റോലോഞ്ച് ഉദ്ഘാടനം ചെയ്യാന്‍ എത്തിയപ്പോള്‍ അങ്ങനെയായിരുന്നില്ല. ഉത്തരമില്ലാത്തതിനാല്‍ മറിപടി പറയാതെ എല്ലാം ഒരു ചിരിയില്‍ ഒതുക്കുകയായിരുന്നു. ഇക്കാര്യങ്ങള്‍ക്കൊന്നും മറുപടി ഇല്ല എന്നു തന്നെയായിരുന്നു ആ ചിരിയുടെ അര്‍ത്ഥം. പ്രതികരിച്ചുപോയാല്‍ തനിക്കെതിരെയുള്ള വാളായി മാറുമോയെന്ന ഭയവും ആ ഒഴിഞ്ഞു മാറ്റത്തിലുണ്ടായിരുന്നു.
എം.ആര്‍.അജിത് കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിക്കുമെതിരെ ഗുരുതര ആരോപണങ്ങളാണു അന്‍വര്‍ ഉന്നയിച്ചത്. മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ഫോണുകള്‍ വരെ ചോര്‍ത്തുന്നു. എഡിജിപിയും പൊളിറ്റിക്കല്‍ സെക്രട്ടറിയും ചേര്‍ന്നു സ്വര്‍ണക്കടത്ത് കച്ചവടം നടത്തുന്നുണ്ട്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് അജിത്കുമാര്‍ ആളുകളെ കൊല്ലിച്ചിട്ടുണ്ടെന്നും ദാവൂദ് ഇബ്രാഹിം ആണ് അദ്ദേഹത്തിന്റെ റോള്‍ മോഡലെന്നു സംശയിക്കുന്നതായും അന്‍വര്‍ ആരോപിച്ചിരുന്നു.
എഡിജിപി എം.ആര്‍. അജിത് കുമാറിനെതിരെ പി.വി. അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ സംസ്ഥാന പോലീസ് മേധാവിയില്‍നിന്നു മുഖ്യമന്ത്രി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.