by webdesk1 on | 01-09-2024 10:58:16
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിനെ തുടര്‍ന്ന് മലയാള സിനിമയിലെ ഒരാഴ്ച്ചയില്‍ സംഭവിക്കുന്ന വെളിപ്പെടുത്തലുകളും ആരോപണങ്ങളും അവസാനിക്കുന്നില്ല. ഇന്നലെയും ഒട്ടേറെ നടികള്‍ തങ്ങള്‍ക്കുണ്ടായ ദുരനുഭവം തുറന്നുപറഞ്ഞ് രംഗത്തെത്തി.
മലയാള സിനിമയില്‍ മുതിര്‍ന്ന സ്ത്രീകള്‍ക്കുപോലും രക്ഷയില്ലെന്ന് നടി ലക്ഷ്മി രാമകൃഷ്ണന്‍ പറഞ്ഞു. മലയാളി സംവിധായകന്റെ തമിഴ് സിനിമയുടെ ലൊക്കേഷനില്‍ നിന്നും മോശം അനുഭവം ഉണ്ടായി. കഥാപാത്രത്തെക്കുറിച്ച് സംസാരിക്കാന്‍ കാണണം എന്നു പറഞ്ഞ് സംവിധായകന്‍ മെസേജ് അയച്ചു. എയര്‍പോര്‍ട്ടില്‍ പോകുമ്പോള്‍ വന്ന് കണ്ടിട്ട് പോകാമെന്ന് ഞാന്‍ തിരിച്ച് മെസേജ് അയച്ചു. അയാള്‍ക്ക് കഥാപാത്രത്തെക്കുറിച്ച് വിശദമായി എന്നോട് സംസാരിക്കണമെന്നും ഹോട്ടലില്‍ സ്‌റ്റേ ചെയ്യണമെന്നും പറഞ്ഞു. അതുപറ്റില്ലെന്ന് അപ്പോള്‍ തന്നെ സംവിധായകനെ അറിയിച്ചു. അതോടെ തന്റെ റോളും പോയെന്ന് ലക്ഷ്മി വെളിപ്പെടുത്തി.
മലയാള സിനിമയില്‍ നിന്നും ദുരനുഭവം നേരിട്ടെന്ന് നടി കസ്തൂരി പറഞ്ഞു. ഞാന്‍ മലയാളത്തില്‍ അവസാനം ചെയ്ത സിനിമയില്‍ നിന്നും ദുരനുഭവം നേരിട്ടു. നല്ല സാമ്പത്തികം ഇല്ലായിരുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പലപ്പോഴും ദേഷ്യപ്പെട്ടു. രണ്ട് ദിവസത്തിനു ശേഷം ഷൂട്ടിംഗ് സെറ്റില്‍ നിന്നും താന്‍ പോയെന്നും കസ്തൂരി പറയുന്നു. മോശം മനുഷ്യര്‍ എല്ലായിടത്തുമുണ്ട്. തനിക്കും ഒരുപാട് ദുരനുഭവം ഉണ്ടായിട്ടുണ്ട്. എന്നുകരുതി എല്ലാവരും മോശക്കാരല്ലെന്നും കസ്തൂരി പറഞ്ഞു.
മോഹന്‍ലാലും സുരേഷ് ഗോപിയും എന്തിനാണ് ചോദ്യങ്ങളില്‍നിന്ന് ഒഴിഞ്ഞു മാറുന്നത്. സുരേഷ് ഗോപി ചോദ്യങ്ങളോട് ദേഷ്യപ്പെടുന്നതിനു പകരം ഉത്തരം നല്‍കണം. ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ മുകേഷ് എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്നും എന്റെ സിനിമയില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ നടക്കുന്നില്ലെന്ന് പറയാന്‍ മോഹന്‍ലാല്‍ തയാറാകാത്തത് എന്തുകൊണ്ടാണെന്നും കസ്തൂരി ചോദിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഗോസിപ്പല്ല, ഔദ്യോഗിക റിപ്പോര്‍ട്ടാണെന്നും അവര്‍ പറഞ്ഞു.