by webdesk1 on | 02-09-2024 08:52:24 Last Updated by webdesk1
ഇംഫാല്‍: ഒരു ഇടവേളയ്ക്ക് ശേഷം മണിപൂര്‍ വീണ്ടും സംഘര്‍ഷഭരിതമാകുന്നു. വര്‍ഗീയ കലാപം രൂക്ഷമായ ഇവിടെ ഇന്നലെ വീണ്ടും സംഘര്‍ഷമുണ്ടായി. ഡ്രോണുകള്‍ ഉപയോഗിച്ചുള്ള ബോംബേറില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. ഒന്‍പത് പേര്‍ക്കു പരുക്കേറ്റു. കുക്കി വിമതരെന്നു സംശയിക്കുന്ന ആളുകളാണ് ആക്രമണം നടത്തിയതെന്നു പോലീസ് പറഞ്ഞു.
ആക്രമണത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടു. ഇവരുടെ 12 വയസുള്ള മകള്‍ക്കു പരുക്കുണ്ട്. മറ്റൊരാള്‍ കൂടി കൊല്ലപ്പെട്ടതായും മരണസംഖ്യ രണ്ടായെന്നും സംസ്ഥാന പോലീസും ആഭ്യന്തര വകുപ്പും പ്രസ്താവനകളില്‍ അറിയിച്ചു. പോലീസ് കമാന്‍ഡോയാണു മരിച്ചതെന്നാണു സൂചന. രണ്ട് പൊലീസുകാര്‍ ഉള്‍പ്പെടെ മറ്റു എട്ടു പേര്‍ക്കു പരുക്കേറ്റു.
ജനവാസ മേഖലയില്‍ ഡ്രോണുകള്‍ ഉപയോഗിച്ചു ബോംബെറിഞ്ഞതു സ്ഥിതി ഗുരുതരമാക്കുമെന്ന് ആശങ്കയുണ്ടെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു. മണിപ്പൂര്‍ കലാപത്തില്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള ബോംബേറ് സുരക്ഷാ സേനയ്ക്കും സാധാരണക്കാര്‍ക്കും വലിയ ഭീഷണിയാകുമെന്നാണു വിലയിരുത്തല്‍.
ഉച്ചയ്ക്കു 2.35ന് കാങ്പോക്പിയിലെ നാഖുജാങ് ഗ്രാമത്തില്‍നിന്ന് ഇംഫാല്‍ വെസ്റ്റിലെ കഡാങ്ബാന്റിലേക്കാണ് ആക്രമണം തുടങ്ങിയത്. പ്രദേശത്തെ ഓരോ വീടിനുമേലും ബോംബ് വര്‍ഷിച്ചെന്നു കഡാങ്ബാന്‍ഡിലെ താമസക്കാര്‍ പറഞ്ഞു. ആക്രമണത്തിന്റെയും ആളുകള്‍ ഭയന്നോടുന്നതിന്റെയും ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്.
2023 മേയ് മൂന്നിനാണു മെയ്‌തെയ്, കുക്കി വിഭാഗങ്ങള്‍ തമ്മിലുള്ള വംശീയ സംഘര്‍ഷം തുടങ്ങിയത്. മെയ്‌തെയ് വിഭാഗക്കാര്‍ക്കു പട്ടികവര്‍ഗ പദവി നല്‍കണമെന്ന ആവശ്യം ശക്തമായതാണു കാരണം. നിരവധി പേര്‍ കൊല്ലപ്പെട്ടു. ആയിരക്കണക്കിനു വീടുകളും കെട്ടിടങ്ങളും അഗ്‌നിക്കിരയായി. പതിനായിരക്കണക്കിനു പ്രദേശവാസികള്‍ പലായനം ചെയ്തു. യുവതികളെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയെന്ന വാര്‍ത്തയോടെ മണിപ്പൂര്‍ രാജ്യന്തരതലത്തിലും ചര്‍ച്ചയായി.