by webdesk1 on | 03-09-2024 07:54:47 Last Updated by webdesk1
തിരുവനന്തപുരം: അപ്രതീക്ഷിതമായി ഇടതുമുന്നണി കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കിയതില്‍ സി.പി.എമ്മിലെ മുതിര്‍ന്ന നേതാവും പിണറായി പക്ഷത്തെ വിശ്വസ്ഥനുമായിരുന്ന ഇ.പി. ജയരാജന്‍ കടുത്ത അമര്‍ഷത്തിലാണ്. തീരുമാനമെടുത്ത സംസ്ഥാന കമ്മിറ്റിക്ക് ശേഷം ആരോടും ഒന്നും ഉരിയാടാതെ തിരുവനന്തപുരത്ത് നിന്ന് നാട്ടിലേക്ക് മടങ്ങിയ ജയരാജന്റെ മനസില്‍ ചില തീരുമാനങ്ങളുണ്ട്. അത് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്താന്‍ അദ്ദേഹം തയാറായിട്ടില്ല. പക്ഷെ അദ്ദേഹത്തിന്റെ നിശബ്ദതയില്‍ വരാന്‍പോകുന്ന വലിയ വിസ്‌ഫോടനങ്ങളുടെ കാതടപ്പിക്കുന്ന ശബ്ദങ്ങളുണ്ടായിരുന്നു.
കേന്ദ്ര കമ്മിറ്റിയേയാണ് ആദ്യ പടിയായി ജയരാജന്‍ സമീപിക്കാനൊരുങ്ങുന്നത്. തനിക്കെതിരെയുണ്ടായ അച്ചടക്ക നടപടിയും അതിനോടുള്ള തന്റെ നിലപാടും കേന്ദ്ര കമ്മിറ്റിയില്‍ അറിയിക്കും. കേന്ദ്ര കമ്മിറ്റി അംഗംകൂടിയായതിനാല്‍ അവിടുന്നുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഭാവി കാര്യങ്ങള്‍ പ്രഖ്യാപിക്കുമെന്നാണ് ജയരാജനുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്.
പാര്‍ട്ടി തീരുമാനം ഇതാണെങ്കില്‍ രാഷ്ട്രീയ ജീവിതവും മതിയാക്കാം എന്നതാണ് അദ്ദേഹം കണ്‍വീനര്‍ സ്ഥാനത്തുനിന്ന് നീക്കാന്‍ തീരുമാനിച്ച സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ പറഞ്ഞത്. ഇതിനുപിന്നാലെ പാര്‍ട്ടി നല്‍കിയ തിരുവനന്തപുരത്തെ ഫ്‌ളാറ്റ് ഒറ്റരാത്രികൊണ്ട് ഒഴിഞ്ഞ് അദ്ദേഹം കണ്ണൂരിലേക്ക് മടങ്ങിയിരുന്നു.
ഇ.പി. ജയരാജനെ മുന്നണി കണ്‍വീനര്‍ സ്ഥാനത്തുനിന്ന് മാറ്റിയത് സംബന്ധിച്ച് എന്ത് വിശദീകരണമാണ് നല്‍കേണ്ടതെന്ന് കഴിഞ്ഞ സംസ്ഥാന കമ്മിറ്റി യോഗത്തില്‍ കണ്ണൂര്‍ ജില്ലാസെക്രട്ടറി എം.വി. ജയരാജന്‍ ചോദിച്ചിരുന്നു. ഇതിന് കൃത്യമായ മറുപടിയില്ലായിരുന്നു. സംസ്ഥാന കമ്മിറ്റി അംഗങ്ങളില്‍ പലരും ഇ.പി. ജയരാജനുമായി സംസാരിച്ചിട്ടുണ്ട്. പക്ഷേ, ഭാവി സംബന്ധിച്ച് വ്യക്തമായൊന്നും അദ്ദേഹം പങ്കുവെച്ചിട്ടില്ല. പൊതുരംഗത്തുനിന്ന് മാറരുതെന്ന് പറഞ്ഞവരോട്, മറുപടി ചിരിയില്‍ ഒതുക്കി.
പാര്‍ട്ടി സമ്മേളന നടപടികളിലേക്ക് കടക്കുന്നതിനു മുമ്പേ തന്നെ സംശയത്തില്‍നിര്‍ത്തുന്ന ദുരൂഹമായ നീക്കമാണ് ഉണ്ടായതെന്ന് ജയരാജന്‍ കരുതുന്നു. ബി.ജെ.പി നേതാവ് വീട്ടിലെത്തി കണ്ടത് പാര്‍ട്ടി ചര്‍ച്ച ചെയ്ത് വ്യക്തത വരുത്തിയ കാര്യമാണ്. ഇത് വീണ്ടും ഉയര്‍ത്തിക്കൊണ്ടുവന്നത്, ഏതെങ്കിലും ഘടകത്തിലെ ചര്‍ച്ചയുടെ അടിസ്ഥാനത്തിലല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. തന്റെ രാഷ്ട്രീയ വിശ്വാസ്യതയെ പാര്‍ട്ടി തള്ളിപ്പറഞ്ഞതിലാണ് ഇപിക്ക് പ്രതിഷേധം. ഇതെല്ലാം കേന്ദ്രകമ്മിറ്റിയെ അറിയിക്കാനാണ് അദ്ദേഹത്തിന്റെ നീക്കമെന്നാണ് കരുതുന്നത്.