by webdesk1 on | 03-09-2024 08:17:56
ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഔദ്യോഗിക അക്കൗണ്ടുകളും വ്യക്തിപരവുമായ അക്കൗണ്ടുകള്‍ ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പരിപാലിക്കാന്‍ പ്രതിമാസം ചിലവഴിക്കുന്നത് അറിഞ്ഞാല്‍ ഒന്ന് അമ്പരക്കും. 54 ലക്ഷം രൂപ ചെലവഴിക്കുന്നുണ്ടെന്നാണ് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയില്‍ പറയുന്നത്.
സിദ്ധരാമയ്യയുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളുടെ മേല്‍നോട്ടം വഹിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായി 35 അംഗങ്ങളുടെ ഒരു സമര്‍പ്പിത ടീമിനെ നിയമിച്ചിട്ടുണ്ടെന്ന് വിവരാവകാശ മറുപടിയില്‍ പറയുന്നു. ദി പോളിസി ഫ്രണ്ട് എന്നതാണ് ടീമിന്റെ പേര്. ഇവര്‍ക്ക് ബാങ്ക് അക്കൗണ്ടും ഉണ്ട്. ഇതിലേക്കാണ് മാസം 18 ശതമാനം ജിഎസ്ടി ഉള്‍പ്പെടെ 53.9 ലക്ഷം സര്‍ക്കാര്‍ നല്‍കി വരുന്നത്.
സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമായ കര്‍ണാടക സ്റ്റേറ്റ് മാര്‍ക്കറ്റിംഗ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് അഡ്വര്‍ടൈസിംഗ് ലിമിറ്റഡ് (എംസിഎ) 2023 ഒക്ടോബര്‍ മുതല്‍ 2024 മാര്‍ച്ച് വരെ ഏകദേശം 3.18 കോടി രൂപ ചെലവഴിച്ചതായിട്ടാണ് വിവരാവകാശ രേഖ.
സിദ്ധരാമയ്യയും ഭാര്യയും ഉള്‍പ്പെട്ട മൈസൂരു അര്‍ബന്‍ ഡെവലപ്മെന്റ് അതോറിറ്റി (മുഡ) സൈറ്റ് അലോട്ട്മെന്റ് അഴിമതിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടയിലാണ് വിശദാംശങ്ങള്‍ പുറത്തേക്ക് വരുന്നത്.