by webdesk1 on | 04-09-2024 11:10:54 Last Updated by webdesk1
തിരുവനന്തപുരം: കടുത്ത ആരോപണങ്ങളെ തുടര്‍ന്ന് ആഭ്യന്തര വകുപ്പിലും പാര്‍ട്ടിയിലും കലാപത്തിന് തിരികൊളുത്തിയ പി.വി. അന്‍വര്‍ വീണ്ടും സര്‍ക്കാരിനെതിരെ. എ.ഡി.ജി.പി എം.ആര്‍. അജിത്കുമാറിനെക്കുറിച്ച് താന്‍ ഉന്നയിച്ച പരാതിയില്‍ കീഴുദ്യോഗസ്ഥരെക്കൊണ്ട് അന്വേഷിപ്പിച്ചാല്‍ അത് നീതി പൂര്‍വമാകില്ലെന്നാണ് അന്‍വര്‍ തുറന്നടിച്ചത്.
ഹെഡ്മാസ്റ്ററേക്കുറിച്ചന്വേഷിക്കുന്നത് പ്യൂണാകരുതെന്നും അങ്ങനെ ഉണ്ടായാല്‍ അതിന്റെ ഉത്തരവാദിത്തം പാര്‍ട്ടിക്കും സര്‍ക്കാരിനുമുണ്ടാകുമെന്നും അന്‍വര്‍ ഓര്‍മിപ്പിച്ചു. ഉദ്യോഗസ്ഥര്‍ക്കെതിരായ പരാതി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് നല്‍കിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അന്‍വര്‍.
എഡിജിപി എം.ആര്‍. അജിത്കുമാര്‍ ഉള്‍പ്പെടയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ താന്‍ നല്‍കിയ പരാതിയില്‍ നടപടിയുണ്ടാകുമെന്ന ഉറപ്പ് എവിടെ നിന്നും ലഭിച്ചിട്ടില്ല. എങ്കിലും താന്‍ ഉയര്‍ത്തിയ വിഷയങ്ങളുമായി പൊതുസമൂഹത്തിന് മുന്നിലുണ്ടാകും. അതില്‍ ഒരു തര്‍ക്കവുമില്ല. എഡിജിപിയെ മാറ്റിനിര്‍ത്തിയുള്ള അന്വേഷണം വേണമോയെന്നത് സര്‍ക്കാരും മുഖ്യമന്ത്രിയുമാണ് തീരുമാനിക്കേണ്ടത്. പാര്‍ട്ടിക്ക് മുന്നിലും ഇത് സംബന്ധിച്ച പരാതി നല്‍കിയിട്ടുണ്ട്.
ഹെഡ്മാസ്റ്ററെ കുറിച്ച് പരാതി നല്‍കിയാല്‍ അദ്ദേഹത്തിന് കീഴിലുള്ള അധ്യാപകരും പ്യൂണും അല്ല അന്വേഷിക്കുക. അങ്ങനെയുള്ള ഒരു നയം സര്‍ക്കാരിന് ഉണ്ടാകുമോ. ഞാന്‍ പരാതി നല്‍കിയിട്ട് ഒരു ദിവസമേ ആയിട്ടുള്ളൂ. അത് പഠിക്കട്ടേ. കീഴുദ്യോഗസ്ഥര്‍ അന്വേഷിച്ചാല്‍ എങ്ങനെ നീതിപൂര്‍വ്വമായ അന്വേഷണം നടക്കുമെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, അതേ ചോദ്യംതന്നെയാണ് തനിക്കുമുള്ളത്. അതിന് പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അന്‍വര്‍ പറഞ്ഞു.
ലക്ഷകണക്കിന് സഖാക്കര്‍ പറയാന്‍ ആഗ്രഹിച്ച കാര്യങ്ങളാണ് ഞാന്‍ പറഞ്ഞത്. ഈ സര്‍ക്കാരും പാര്‍ട്ടിയും നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന പാവപ്പെട്ട ജനങ്ങളുണ്ട്. ഈ സര്‍ക്കാരിനെ അധികാരത്തിലെത്തിച്ച ജനങ്ങളുടെ വികാരമാണ് ഞാന്‍ പറഞ്ഞത്. അതിനെ തള്ളിക്കളയാന്‍ കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. മുഖ്യമന്ത്രിക്ക് ഒരിക്കലും വീഴ്ചസംഭവിച്ചിട്ടില്ല. അദ്ദേഹം വിശ്വസിച്ച് ഏല്‍പ്പിച്ചവര്‍ ഈ വിശ്വാസ്യത നിറവേറ്റിയില്ല. ഏല്‍പ്പിച്ചവന്‍ അല്ല അതിന് ഉത്തരവാദി.
ഉത്തരവാദപ്പെട്ടവര്‍ക്ക് ഇതിനേക്കുറിച്ച് അറിയാത്തതാകാം അവര്‍ ചൂണ്ടിക്കാട്ടാത്തതിന് കാരണം. ഞാന്‍ അത്രയും വിശദമായി പഠിച്ച് ജനങ്ങളുടെ വികാരം കണ്ടുകൊണ്ട് നില്‍ക്കുകയാണ്. എന്തുകൊണ്ട് ഈ പോലീസ് ജനങ്ങളെ നിരന്തരം വെറുപ്പിക്കുന്നു. എന്താണ് ഇതിന് കാരണം. എന്തുകൊണ്ട് തൃശൂര്‍പൂരം കലക്കുന്നു. ഇങ്ങനെ ഒരു വൃത്തിക്കെട്ട പോലീസ് ഉണ്ടാകുമോ കേരളത്തില്‍. ആ അന്വേഷണമാണ് എന്നെ ഇവിടെ എത്തിച്ചിട്ടുള്ളത്. പി.വി.അന്‍വര്‍ ദൈവത്തിനും ഈ പാര്‍ട്ടിക്കും മാത്രമേ കീഴടങ്ങുകയുള്ളൂ. ഈ ലോകത്തെ ജനങ്ങള്‍മൊത്തം വിചാരിച്ചാലും അന്‍വറിനെ കീഴടക്കാനാകില്ലെന്നും അന്‍വര്‍ പറഞ്ഞു.
വിപ്ലവം ഉണ്ടാകുന്നത് എഴുതിവെച്ച് സംഘടന ഉണ്ടാക്കിയിട്ടല്ല. അതൊരു ജനകീയ മുന്നേറ്റമായി വിപ്ലവമായി മാറുകയാണ് ചെയ്യുക. ഈ അഴിമതിക്കും അക്രമത്തിനും എതിരെ ജനങ്ങള്‍ ആഗ്രഹിക്കുന്ന ഒരു സര്‍ക്കാരിനെതിരായ ലോബിക്കെതിരെയുള്ള വിപ്ലവമായി മാറും. അത് കൊട്ടാര വിപ്ലവമാണോ കുടില്‍ വിപ്ലവമാണോ എന്ന് നോക്കാം. താന്‍ നല്‍കിയത് സൂചനാ തെളിവുകളാണ്. അത് അന്വേഷിക്കേണ്ടത് ഏജന്‍സികളാണ്. എനിക്ക് ഇവരെ ജയിലിലാക്കാന്‍ കഴിയില്ല. എല്ലാത്തിനും നടപടിക്രമമുണ്ട്. സത്യസന്ധരായ ഉദ്യോഗസ്ഥരായിരിക്കണം ഈ കേസ് അന്വേഷിക്കേണ്ടത്. അല്ലെങ്കില്‍ താന്‍ കള്ളനായിപ്പോകുമെന്നും അന്‍വര്‍ പറഞ്ഞു.