by webdesk1 on | 04-09-2024 11:16:40
തിരുവനന്തപുരം: പാര്‍ട്ടി പിന്തുണയോടെ എംഎല്‍എ ആയ അന്‍വര്‍ പോലീസിലെ പുഴുക്കുത്തുകള്‍ക്കെതിരെ എന്ന നിലയില്‍ തുടങ്ങിവച്ച കൊട്ടാരവിപ്ലവം സിപിഎമ്മില്‍ കേട്ടുകേള്‍വിയില്ലാത്ത തരത്തില്‍ പൊതുസമൂഹത്തിനു മുന്നിലേക്കെത്തിയതില്‍ പാര്‍ട്ടിയില്‍ അതൃപ്തിയുണ്ട്. എന്താണു സംഭവിക്കുന്നതെന്നു മനസ്സിലാകുന്നില്ലെന്നാണു പല നേതാക്കളുടെയും പ്രതികരണം.
മുഖ്യമന്ത്രി നേരിട്ടു ചുമതല വഹിക്കുന്ന ആഭ്യന്തരവകുപ്പിനെയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയെയും കുറിച്ച് പൊതുജനമധ്യത്തില്‍ പരസ്യമായി ഒരു ഭരണപക്ഷ എം.എല്‍.എ വിഴുപ്പലക്കുന്ന കാഴ്ച സിപിഎമ്മിന് ഒട്ടും പരിചിതമല്ലെന്നും ഇവര്‍ പറയുന്നു. പോലീസിനെതിരായ നീക്കം എന്നതിനപ്പുറം പി.വി.അന്‍വറിനു കൃത്യമായ രാഷ്ട്രീയ അജന്‍ഡയുണ്ടെന്നും വിലയിരുത്തലുണ്ട്.
പാര്‍ട്ടി വേദിയില്‍ പറയാതെ ഇത്തരം വിഷയങ്ങള്‍ മാധ്യമങ്ങള്‍ വഴി പൊതുസമൂഹത്തിനു മുന്നിലേക്കു കൊണ്ടുവന്നത് പാര്‍ട്ടിക്കും സര്‍ക്കാരിനും ഗുണകരമായിട്ടില്ല എന്ന വികാരവും നേതൃത്വത്തിനുണ്ട്. പ്രത്യേകിച്ചു പാര്‍ട്ടി സമ്മേളനങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍. ഭരണപക്ഷ എം.എല്‍.എയ്ക്കു പാര്‍ട്ടി സംവിധാനത്തിലും മുഖ്യമന്ത്രിയുടെ ഓഫിസിലും വിശ്വാസമില്ല എന്ന സന്ദേശമാണ് ജനങ്ങളിലേക്ക് എത്തിയിരിക്കുന്നത്.
ഒരു സ്വതന്ത്ര എംഎല്‍എയുടെ ഒറ്റയാള്‍ പോരാട്ടമായി ഇതിനെ കരുതുന്നുമില്ല. മാസങ്ങളായി നടക്കുന്ന പാര്‍ട്ടിയിലെ അതൃപ്തരുടെ പടയൊരുക്കമാണ് അന്‍വറിനെ മുന്‍നിര്‍ത്തി ഉണ്ടായതെന്ന പ്രചാരണം പാര്‍ട്ടി കേന്ദ്രങ്ങളിലുണ്ട്. പല മുതിര്‍ന്ന നേതാക്കളുടെയും പേരുകള്‍ പവര്‍ഗ്രൂപ്പിന് പിന്നില്‍ ഉയരുന്നു. അധികാരത്തില്‍നിന്ന് ഒതുക്കപ്പെട്ട ഒന്നാം പിണറായി സര്‍ക്കാരിലെ മന്ത്രിമാരില്‍ ചിലര്‍ കൂട്ടത്തിലുണ്ടെന്നാണ് പാര്‍ട്ടിയിലെ തന്നെ പ്രചാരണം.
കണ്ണൂരിലെ കരുത്തനായ നേതാവാണ് തലപ്പത്ത്. രണ്ടാം പിണറായി സര്‍ക്കാരില്‍ പ്രധാന വകുപ്പ് ഭരിക്കുന്ന മന്ത്രിയും ഒരു പിബി അംഗവും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ യുവ നേതാവും കൂട്ടത്തിലുള്ളതായി പ്രചാരണമുണ്ട്. മുഖ്യമന്ത്രിക്കു ചുറ്റുമുള്ള അധികാര കേന്ദ്രങ്ങളാണ് ലക്ഷ്യം. സമ്മേളനത്തില്‍ ചിലര്‍ മേല്‍ഘടകങ്ങളിലേക്ക് വരാതിരിക്കാനുള്ള നീക്കങ്ങളും അണിയറയില്‍ നടക്കുന്നതായി പ്രചാരണമുണ്ട്.