by webdesk1 on | 05-09-2024 09:06:39
ജോര്‍ജിയ: ഏറെ കാലത്തിന് ശേഷം അമേരിക്കയില്‍ വെടിവെയ്പ്പ്. ജോര്‍ജിയയിലെ ഒരു സ്‌കൂളിലുണ്ടായ വെടിവെപ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ആക്രമണത്തില്‍ ഒന്‍പത് പേര്‍ക്ക് പരിക്കേറ്റതായും സൂചനയുണ്ട്. ജോര്‍ജിയയിലെ വിന്‍ഡറിലെ അപലാച്ചി ഹൈസ്‌കൂളിലുണ്ടായ വെടിവെപ്പിലാണ് ആക്രമണം നടന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സംഭവത്തില്‍ 14 വയസുകാരനായ ആണ്‍കുട്ടിയെ കസ്റ്റഡിയിലെടുത്തതായി ബാരോ കൗണ്ടി ഷെരീഫ് ഓഫീസ് പ്രസ്താവനയില്‍ അറിയിച്ചു. ഇയാള്‍ ഈ സ്‌കൂളില്‍ പഠിച്ചിരുന്നോ എന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സംഭവസ്ഥലത്ത് നിന്ന് രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെയാണ് നിരവധി പേര്‍ക്ക് പരിക്കേറ്റത്. വെടിവെപ്പ് നടന്ന സ്ഥലത്ത് നിന്ന് വിദ്യാര്‍ത്ഥികളെ പൂര്‍ണമായി ഒഴിപ്പിച്ചു.
ഏറെക്കാലത്തിന് ശേഷമാണ് യുഎസില്‍ വീണ്ടും ഒരു വെടിവെപ്പ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അതും ഒരു സ്‌കൂളില്‍. സംസ്ഥാന തലസ്ഥാനമായ അറ്റ്‌ലാന്റയില്‍ നിന്ന് ഏകദേശം 70 കിലോമീറ്റര്‍ വടക്കുകിഴക്കായി വിന്‍ഡര്‍ പട്ടണത്തിലാണ് ഈ സ്‌കൂള്‍ സ്ഥിതി ചെയ്യുന്നത്. നിലവില്‍ സ്ഥിതി നിയന്ത്രണ വിധേയമാണെന്നാണ് അറിയിച്ചിരിക്കുന്നത്.
സംഭവത്തില്‍ ഏജന്‍സികള്‍ കൃത്യമായി പ്രതികരിച്ചുവെന്ന് ജോര്‍ജിയ ഗവര്‍ണര്‍ ബ്രയാന്‍ കെമ്പ് സോഷ്യല്‍ മീഡിയ വെബ്സൈറ്റായ എക്സിലൂടെ വ്യക്തമാക്കി. വെടിവെപ്പിനെക്കുറിച്ച് പ്രസിഡന്റ് ജോ ബൈഡനെ അറിയിച്ചിട്ടുണ്ടെന്നും കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതിനായി ഭരണകൂടം ഫെഡറല്‍, സ്റ്റേറ്റ്, പ്രാദേശിക ഉദ്യോഗസ്ഥരുമായി ഏകോപനം തുടരുമെന്നും വൈറ്റ് ഹൗസ് പുറത്തുവിട്ട പ്രസ്താവനയില്‍ അറിയിച്ചു.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ യുഎസില്‍ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും നേരെ ഉള്‍പ്പെടെ നൂറിലധികം വെടിവെപ്പുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. തോക്ക് കൈവശം വയ്ക്കുന്ന നിയമത്തിലെ പോരായ്മമകളാണ് ഇതിന് കാരണമെന്ന് വിലയിരുത്തപ്പെടുന്നു. 2007ല്‍ വിര്‍ജീനിയയിലെ ടെക്കില്‍ ഉണ്ടായ വെടിവെപ്പില്‍ മുപ്പതില്‍ അധികം പേര്‍ കൊല്ലപ്പെട്ടിരുന്നു.