by webdesk1 on | 05-09-2024 03:24:13
കൊച്ചി: കോപ്പയ്ക്കും യൂറോയ്ക്കും ശേഷം ഫുട്‌ബോള്‍ പ്രേമികളുടെ ഇഷ്ട ടീമുകള്‍ കളത്തിലേക്ക്. ലോകകപ്പ് യോഗ്യത മത്സരങ്ങള്‍ക്കും യുവഫ നേഷന്‍സ് ലീഗ് മത്സരങ്ങള്‍ക്കും സൗഹൃദമത്സരങ്ങള്‍ക്കുമായി ഫുട്‌ബോള്‍ മൈതാനങ്ങളില്‍ ഇന്ന് മുതല്‍ ആരവം ഉയരും. അര്‍ജന്റീനയും സ്‌പെയ്‌നും പോര്‍ച്ചുഗലും ഉള്‍പ്പട്ട ഏറെ ആരാധകരുള്ള ടീമുകളുടെ മത്സരം രാത്രിയും വെള്ളിയാഴ്ച പുലര്‍ച്ചെയുമായി നടക്കും. അന്താരാഷ്ട്ര മത്സരങ്ങള്‍ക്കായി ഒരാഴ്ച ക്ലബ് മത്സരങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്.
ഇന്ന് രാത്രി 12.15 നാണ് യുവഫ നേഷന്‍സ് ലീഗ് മത്സരങ്ങള്‍ ആരംഭിക്കുക. യൂറോ ചാമ്പ്യന്മാരായ സ്‌പെയിന്‍ സെര്‍ബിയയേയും പോളണ്ട് സ്‌കോട്ട്‌ലന്റിനേയും സ്വിറ്റ്‌സര്‍ലന്റ് ഡെന്‍മാര്‍ക്കിനേയും നേരിടും. ഈ സമയത്ത് തന്നെയാണ് ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന പോര്‍ച്ചുഗല്‍-ക്രൊയേഷ്യ മത്സരവും.
ലോകകപ്പ് യോഗ്യത മത്സരത്തിലാണ് അര്‍ജന്റീനയുടെ ഈ സിസണിലെ ആദ്യ മത്സരം. പുലര്‍ച്ചെ 5.30ന് ചിരവൈരികളായ ചിലിയുമായാണ് അര്‍ജന്റീന കൊമ്പുകോര്‍ക്കുന്നത്. മറ്റൊരു മത്സരത്തില്‍ ബോളീവിയ വെനുസ്വലയേയും നേരിടും. പുലര്‍ച്ച് 1.30 നാണ് ഈ മത്സരം.
ശനി പുലര്‍ചെ 12.15 ന് ലോകകപ്പ് റണ്ണറപ്പുകളായ ഫ്രാന്‍സ് മുന്‍ യുറോ കപ്പ് ജേതാക്കളായ ഇറ്റലിയെ നേരിടും. ഈ സമയം തന്നെ മറ്റൊരു മത്സരത്തില്‍ ബല്‍ജിയം ഇസ്രയേലിനേയും നേരിടും. പുലര്‍ച്ചെ അഞ്ചിന് ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ യുറോഗ്വയ് പരാഗ്വയയേ നേരിടും. 6.30നാണ് ബ്രസീലിന്റെ മത്സരം. ഇക്വഡോറാണ് എതിരാളികള്‍.