by webdesk1 on | 30-09-2024 08:42:13
നിലമ്പൂര്‍: ഒരു വിഭാഗം സി.പി.എം പ്രവര്‍ത്തകരുടെ കൊലവിള മുദ്രാവാക്യത്തിന് മറുപടിയുമായി സി.പി.എം പ്രവര്‍ത്തകരെ തന്നെ അണിനിരത്തിയായിരുന്നു നിലമ്പൂര്‍ എം.എല്‍.എ പി.വി. അന്‍വറിന്റെ ശക്തിപ്രകടനം. ചന്തക്കുന്നില്‍ നടത്തിയ രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗം പേരും സി.പി.എം പ്രവര്‍ത്തകരായിരുന്നു. അന്‍വറിന് പിന്തുണ നല്‍കുന്നതോടൊപ്പം അണികള്‍ മുഖ്യമന്ത്രി പിണറായി വിജയനെ അടക്കം പേരെടുത്ത് വിമര്‍ശിച്ചതിലെ അമ്പരപ്പിലാണ് പാര്‍ട്ടി നേതൃത്വം.
അന്‍വറിനു മേല്‍ കള്ളക്കടത്തുകാരന്റെയും വര്‍ഗീയതയുടെയും ചാപ്പ കുത്തുന്ന സി.പി.എം നിലപാടിലെ വൈരുധ്യം സ്വാഗത പ്രസംഗം നടത്തിയ മുന്‍ ഏരിയാ കമ്മിറ്റിയംഗം ഇ.എ. സുകു ചൂണ്ടിക്കാട്ടി. 2016ല്‍ അന്‍വറിനെ നിലമ്പൂരില്‍ മത്സരിപ്പിക്കാനുള്ള തീരുമാനമെടുത്തതു സി.പി.എം സംസ്ഥാന നേതൃത്വമാണെന്നു സുകു പറഞ്ഞു.
മണ്ഡലത്തിലെ 2 ഏരിയാ കമ്മിറ്റികള്‍ പൂര്‍ണമായി എതിര്‍ത്തിട്ടും സംസ്ഥാന സെക്രട്ടറിവരെ എത്തി പ്രത്യേക യോഗം വിളിച്ചാണു അന്‍വറിന്റെ സ്ഥാനാര്‍ഥിത്വത്തിനു അംഗീകാരം നല്‍കിയത്. അതേ അന്‍വറിനെ തള്ളിപ്പറയുമ്പോള്‍ നിലമ്പൂരിലെ സഖാക്കള്‍ക്കു എങ്ങനെ ഉള്‍ക്കൊള്ളാനാകുമെന്നു സുകു ചോദിച്ചപ്പോള്‍ സദസില്‍ നിന്നു വലിയ ആരവം ഉയര്‍ന്നു.
സി.പി.എം ജില്ലാ സെക്രട്ടറി ഇ.എന്‍. മോഹന്‍ദാസിനെതിരെ കഴിഞ്ഞ ദിവസം ഉന്നയിച്ച ആരോപണങ്ങളുടെ തുടര്‍ച്ച പൊതുയോഗത്തിലുമുണ്ടായി. നിലമ്പൂരില്‍ ക്രിസ്ത്യന്‍ മാനേജ്‌മെന്റിനു കീഴിലുള്ള അന്ധ വിദ്യാലയത്തിനു ബസ് വാങ്ങാന്‍ എം.എല്‍.എ ഫണ്ടില്‍ നിന്നു പണം നല്‍കുന്നതു തടയാന്‍ ശ്രമിച്ചുവെന്നും അന്‍വര്‍ ആരോപിച്ചു. പ്രതിഷേധ പ്രകടനങ്ങളിലൂടെ സി.പി.എം ഉയര്‍ത്തിയ വെല്ലുവിളി ഏറ്റെടുക്കാന്‍ തയാറാണെന്ന അന്‍വറിന്റെ പ്രഖ്യാപനമായിരുന്നു പൊതുയോഗം. സി.പി.എം അതിനു എന്തു മറുപടി നല്‍കുമെന്നു കണ്ടറിയണം.