by webdesk1 on | 25-11-2024 12:17:53 Last Updated by webdesk1
പാലക്കാട്: പാലക്കാട്ടെ തിരഞ്ഞെടുപ്പ് തോല്‍വിയില്‍ നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി പാലക്കാട് നഗരസഭാ അധ്യക്ഷ പ്രമീള ശശിധരന്‍. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പാളിച്ചയുണ്ടായെന്നും സ്ഥിരം സ്ഥാനാര്‍ഥി മത്സരിച്ചത് തിരിച്ചടിയായെന്നും പ്രമീള വ്യക്തമാക്കി. പ്രചാരണത്തിന് പോയപ്പോള്‍ സ്ഥിരം സ്ഥാനാര്‍ഥി നിന്നതിലുള്ള അതൃപ്തി പലരും അറിയിച്ചിരുന്നു. ബി.ജെ.പിയുടെ പരാജയത്തിന് പിന്നില്‍ നഗരസഭയുടെ ഭാഗത്ത് നിന്ന് വീഴ്ചകളുണ്ടായിട്ടില്ലെന്നും പ്രമീള പറഞ്ഞു.
നഗരസഭയിലെ മുഴുവന്‍ ബി.ജെ.പി കൗണ്‍സിലര്‍മാരും പ്രചരണത്തിന് മുന്നിലുണ്ടായിരുന്നു. നഗരസഭ വോട്ടുകള്‍ കുറഞ്ഞുവെന്ന് പറയാനാകില്ല. സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ വരുമ്പോള്‍ തന്നെ ഒരേ സ്ഥാനാര്‍ഥി വേണ്ടെന്ന് ഉന്നതനേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാല്‍ ഈ ആവശ്യം പാര്‍ട്ടി അംഗീകരിച്ചില്ല. വേറെ സ്ഥാനാര്‍ഥിയായിരുന്നെങ്കില്‍ ജയസാധ്യത കൂടിയേനെ.
ഇപ്പോഴത്തെ തോല്‍വിയില്‍ നഗരസഭയെ പഴിക്കുന്നതില്‍ യുക്തിയില്ല. അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്ന് നിലപാട് ശരിയല്ല. 1500 വോട്ട് മാത്രമാണ് കുറഞ്ഞത്. ശോഭാ സുരേന്ദ്രനെ വേണ്ട നിലയില്‍ ഉപയോഗിച്ചിരുന്നെങ്കില്‍ വോട്ട് വര്‍ധിക്കുമായിരുന്നു. എന്തു കൊണ്ട് കൃഷ്ണകുമാറിന്റെ വോട്ട് കുറഞ്ഞുവെന്ന് പാര്‍ട്ടി അന്വേഷിക്കട്ടെ.
അതിനിടെ പാലക്കാട്ടെ തോല്‍വി ബി.ജെ.പി കൗണ്‍സിലര്‍മാരുടെ തലയില്‍വെക്കേണ്ടെന്ന് ബി.ജെ.പി ദേശീയ കൗണ്‍സില്‍ അംഗം എന്‍. ശിവരാജനും പ്രതികരിച്ചു. ജയിച്ചാല്‍ ക്രെഡിറ്റ് കൃഷ്ണകുമാറിന് തോറ്റാല്‍ ഉത്തരവാദിത്തം ശോഭയ്ക്ക് എന്ന നിലപാട് ശരിയല്ലെന്നും സ്ഥാനാര്‍ഥി നിര്‍ണയം പാളിയോ എന്ന് ദേശീയ നേതൃത്വം പരിശോധിക്കണമെന്നും ശിവരാജന്‍ ആവശ്യപ്പെട്ടു.
പരാജയത്തിനു പിന്നില്‍ ശോഭാ സുരേന്ദ്രനാണെന്ന് വരുത്തിത്തീര്‍ക്കാന്‍ മുരളീധരന്റെ പക്ഷവും ശ്രമിക്കുന്നതായി പാര്‍ട്ടിക്കകത്തുനിന്ന് പരാതി ഉയര്‍ന്നിരുന്നു. നഗരസഭയില്‍ ശോഭാപക്ഷം ബി.ജെ.പിയെ സ്ഥാനാര്‍ഥിയായ കൃഷ്ണകുമാറിനെ തോല്‍പിച്ചു എന്നാണ് മുരളീധരന്റെ പക്ഷം ആവര്‍ത്തിക്കുന്നത്. പാലക്കാട്ടെ പരാജയം ശോഭ സുരേന്ദ്രന്റെ തലയില്‍ കെട്ടിവെക്കാന്‍ ശ്രമിക്കുന്നതായി ശോഭാപക്ഷവും ആരോപിച്ചു. കെ. സുരേന്ദ്രന് വി. മുരളീധരന്‍ സംരക്ഷണവലയം ഒരുക്കുന്നതായും ആരോപണം ഉയരുന്നുണ്ട്.