by webdesk1 on | 30-09-2024 08:55:41 Last Updated by webdesk1
മലപ്പുറം: രാഷ്ട്രീയ സാഹചര്യങ്ങള്‍ മാറി മറിഞ്ഞതോടെ പി.വി. അന്‍വര്‍ എം.എല്‍.എക്ക് നേരെ പകപോക്കല്‍ ആരംഭിച്ച് സര്‍ക്കാര്‍. ഇന്നലെ അന്‍വറിന്റെ കൈയ്യേറ്റങ്ങളും കേസുകളും സംരക്ഷിച്ച സര്‍ക്കാരും പാര്‍ട്ടിയും ഇപ്പോള്‍ തിരിഞ്ഞ് കുത്തി തുടങ്ങിയിരിക്കുകയാണ്. മലപ്പുറം ജില്ലയിലെ കക്കാടംപൊയിലില്‍ പി.വി. അന്‍വറിന്റെ ഉടമസ്ഥതയിലുള്ള പി.വി.ആര്‍ നാച്ചുറല്‍ പാര്‍ക്കിലെ തടയണകള്‍ പൊളിച്ചു നീക്കാന്‍ കൂടരഞ്ഞി പഞ്ചായത്ത് നടപടി ആരംഭിച്ചതാണ് ഇതില്‍ ആദ്യത്തേത്.
കാട്ടരുവിയുടെ ഒഴുക്ക് തടഞ്ഞുള്ള നിര്‍മാണങ്ങള്‍ പൊളിച്ചു നീക്കാന്‍ ടെണ്ടര്‍ വിളിക്കാന്‍ സി.പി.എം ഭരിക്കുന്ന പഞ്ചായത്ത് അടിയന്തര യോഗം ചേര്‍ന്ന് തീരുമാനിച്ചു. തടയണ പൊളിക്കാന്‍ എട്ട് മാസം മുന്‍പ് ഹൈക്കോടതി ഉത്തരവിട്ടിരുന്നെങ്കിലും പഞ്ചായത്ത് നടപടി വൈകിപ്പിക്കുകയായിരുന്നു. ഒരു മാസത്തിനകം തടയണ പൊളിക്കണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. അന്‍വര്‍ സി.പി.എമ്മുമായി അകന്നതോടെയാണ് പഞ്ചായത്ത് അതിവേഗം നടപടിയിലേക്ക് കടന്നത്.
അതിനിടെ പാര്‍ട്ടി നേതൃത്വത്തിനും സര്‍ക്കാരിനുമെതിരെ അതിരൂക്ഷ വിമര്‍ശനവുമായി മുന്നോട്ട് പോകുന്ന പി.വി. അന്‍വര്‍ ഇന്ന് കോഴിക്കോട് പൊതുയോഗത്തില്‍ സംസാരിക്കും. മുതലക്കുളം മൈതാനത്ത് വൈകീട്ട് ആറരയ്ക്ക് മാമി തിരോധാനക്കേസ് വിശദീകരണ യോഗത്തിലാണ് അന്‍വര്‍ പങ്കെടുക്കുക.
എ.ഡി.ജി.പിക്കൊപ്പം സി.പി.എമ്മിനെതിരെ കൂടി കൂടുതല്‍ ആഞ്ഞടിക്കാനുള്ള വേദിയാകും ഇന്നത്തേത്. കോഴിക്കോട്ടെ റിയല്‍ എസ്റ്റേറ്റ് വ്യാപാരിയായിരുന്ന മാമി എന്ന മുഹമ്മദ് ആട്ടൂരിന്റെ തിരോധാനത്തില്‍ എ.ഡി.ജി.പി എം.ആര്‍. അജിത് കുമാറിന് ഒളിഞ്ഞും തെളിഞ്ഞും പങ്കുണ്ടെന്നാണ് പി.വി. അന്‍വര്‍ നേരത്തെ ആരോപിച്ചത്.
ഫോണ്‍ ചോര്‍ത്തല്‍ കേസില്‍ പി.വി. അന്‍വറിനെ പോലീസ് ചോദ്യം ചെയ്യുമെന്നും വിവരമുണ്ട്. നെടുങ്കുന്നം സ്വദേശി തോമസ് പീലിയാനിക്കല്‍ നല്‍കിയ പരാതിയിലാണ് കോട്ടയം കറുകച്ചാല്‍ പോലീസ് നീക്കം. ഉന്നത ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തി സമൂഹത്തില്‍ സ്പര്‍ധ വളര്‍ത്തിയെന്നായിരുന്നു പരാതി. കഴിഞ്ഞ ദിവസം കേസില്‍ പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു.
അന്‍വര്‍ ഫോണ്‍ ചോര്‍ത്തിയതിന്റെ ടെലി കമ്മ്യൂണിക്കേഷന്‍ രേഖകള്‍ തന്റെ കൈയില്‍ ഇല്ലെന്നും മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് പരാതി നല്‍കിയതെന്നുമാണ് തോമസ് കെ.പീലിയാനിക്കല്‍ നല്‍കിയ മൊഴി. അതേസമയം താന്‍ ഫോണ്‍ ചോര്‍ത്തിയതല്ല, തനിക്ക് വന്ന ഫോണ്‍ കോള്‍ റെക്കോര്‍ഡ് ചെയ്തതാണ് എന്നാണ് അന്‍വറിന്റെ വിശദീകരണം.