by webdesk1 on | 30-09-2024 10:51:55
തിരുവനന്തപുരം: അന്‍വര്‍ ഉന്നയിച്ച ആരോപണ പരമ്പരകള്‍ക്ക് പിന്നാലെ മലപ്പുറം പരാമര്‍ശത്തില്‍ വെട്ടിലായി മുഖ്യമന്ത്രി പിണറായി വിജയന്‍.
മലപ്പുറത്ത് നിന്ന് അഞ്ചു വര്‍ഷത്തിനിടെ പിടികൂടിയത് രാജ്യവിരുദ്ധ പ്രവര്‍ത്തനത്തിന് കൊണ്ടുവന്ന 200 കോടിയിലേറെ രൂപയുടെ സ്വര്‍ണവും കുഴല്‍പ്പണവുമാണെന്ന പരാമര്‍ശമാണ് മുഖ്യമന്ത്രിയെ കുടുക്കിലാക്കിയത്. വര്‍ഗീയ വേര്‍തിരിവ് സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ട് ഒരു സമുദായത്തെ ആകെ കുറ്റക്കാരായി കാണിക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തിയതെന്നാരോപിച്ച് വ്യാപക വിമര്‍ശനമാണ് നാനാഭാഗത്ത് നിന്നും ഉയരുന്നത്.
മുഖ്യമന്ത്രി ഒരു സമുദായത്തെ കുറ്റക്കാരാക്കുന്നുവെന്ന് അന്‍വര്‍ ആരോപിച്ചു. മലപ്പുറം ജില്ല സംസ്ഥാനത്തെ ഏറ്റവും വലിയ ക്രിമിനല്‍ സംഘത്തിന്റെ കൈയിലാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എല്ലാ കുറ്റവും ഒരു സമുദായത്തിനുമേല്‍ അടിച്ചേല്‍പ്പിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. ഇത് ചോദ്യംചെയ്യപ്പെടേണ്ടതാണെന്നും അന്‍വര്‍ വ്യക്തമാക്കി.
എത്ര രാജ്യദ്രോഹ കുറ്റങ്ങള്‍ മലപ്പുറത്ത് റജിസ്റ്റര്‍ ചെയ്തുവെന്നും എത്ര പേരെ ശിക്ഷിച്ചുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് മുസ്‌ലീം ലീഗ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പറയുന്നതിന് എന്ത് തെളിവാണ് ഉള്ളതെന്നും ജില്ലയില്‍ നടന്ന പല സ്വര്‍ണം പൊട്ടിക്കല്‍ കേസുകളില്‍ പിടിയിലായത് കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ളവരാണെന്നും മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.എം.എ. സലാം പറഞ്ഞു. വരും ദിവസങ്ങളില്‍ മലപ്പുറത്തിനെതിരെ നടക്കുന്ന കള്ളപ്രചാരണത്തിനെതിരെ പ്രതിഷേധം ആളിക്കത്തുമെന്നും ലീഗ് വ്യക്തമാക്കി.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ മലപ്പുറത്ത് 100 കോടിയിലേറെ വില വരുന്ന 150 കിലോ സ്വര്‍ണവും 123 കോടി രൂപയുടെ കുഴല്‍പ്പണവും പിടികൂടിയെന്നാണ് മുഖ്യമന്ത്രി ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. ഉന്നത പോലീസ് ഉദ്യോഗസ്ഥരും മുഖ്യമന്ത്രിയുടെ സ്റ്റാഫ് അംഗങ്ങളും ഉന്നത ആര്‍.എസ്.എസ് നേതാക്കളുമായി രഹസ്യമായി കൂടിക്കാഴ്ച നടത്തുന്നുണ്ടെന്ന ആരോപണങ്ങളോടുള്ള പ്രതികരണം തേടിയപ്പോഴാണ് മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത്.