by webdesk1 on | 30-09-2024 11:20:52
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തില്‍ നിന്ന് താഴെയിറങ്ങും വരെ ജീവനോടെയിരിക്കുമെന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ പ്രസ്താവനയ്ക്ക് കിടിലന്‍ മറുപടിയുമായി അമിത് ഷാ. 2047ല്‍ വികസിത ഭാരതം യാഥാര്‍ഥ്യമാകുന്നത് വരെ അദ്ദേഹം ജീവിച്ചിരിക്കട്ടെ എന്നാണ് അമിത് ഷാ എക്‌സിലൂടെ പ്രതികരിച്ചത്.
പ്രധാനമന്ത്രിയോട് കോണ്‍ഗ്രസിന് എത്രമാത്രം വെറുപ്പുണ്ട് എന്നും എത്ര പേടിക്കുന്നു എന്നും വ്യക്തമാക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവനയെന്ന് അമിത്ഷാ പറഞ്ഞു. ഖാര്‍ഗെയുടെ ആരോഗ്യത്തിനായി ഞങ്ങളെല്ലാം പ്രാര്‍ത്ഥിക്കുന്നു. ഏറെക്കാലം ജീവിച്ചാല്‍ 2047ല്‍ വികസിത ഭാരതവും അദ്ദേഹത്തിന് കാണാനാകും.
ഖര്‍ഗെ തന്റെ ആരോഗ്യ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് അനാവശ്യമായി മോദിയുടെ പേര് വലിച്ചിഴച്ചു. മോദിയും താനും തങ്ങളെല്ലാവരും ഖര്‍ഗെ ആരോഗ്യത്തോടെയിരിക്കാനും ദീര്‍ഘകാലം ജീവിക്കാനും പ്രാര്‍ത്ഥിക്കുന്നവരാണ്. അദ്ദേഹം വര്‍ഷങ്ങളോളം ജീവിക്കട്ടെ, 2047ലെ വികസിത ഭാരതത്തിന്റെ സൃഷ്ടി കാണാന്‍ അദ്ദേഹത്തിന് ആരോഗ്യം അനുവദിക്കട്ടെയെന്നും അമിത് ഷാ വ്യക്തമാക്കി.
ജമ്മു കശ്മീര്‍ തിരഞ്ഞെടുപ്പ് പ്രാചരണ വേളയിലാണ് പ്രധാനമന്ത്രി മോദിയെ അധികാരത്തില്‍ നിന്ന് നീക്കുന്നത് വരെ താന്‍ ജീവനോടെയിരിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചത്. പ്രസംഗിക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ ഖര്‍ഗെ അവശനായിരുന്നു. തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചതോടെ വേദിയിലുണ്ടായിരുന്ന മറ്റ് നേതാക്കള്‍ സഹായത്തിനായെത്തി.
അല്‍പ്പം വെള്ളം കുടിച്ച ശേഷം അദ്ദേഹം വീണ്ടും പ്രസംഗിക്കാനായെത്തി. എനിക്ക് 83 വയസായി. പെട്ടന്നൊന്നും മരിക്കാന്‍ പോകുന്നില്ല. മോദിയെ അധികാരത്തില്‍ നിന്ന് നീക്കുന്നത് വരെ ഞാന്‍ ജീവനോടെയിരിക്കുമെന്നും ഖര്‍ഗെ പറഞ്ഞു. വീണ്ടും പ്രസംഗം തുടരാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹത്തിന് സാധിച്ചില്ല. ശാരീരിക ബുദ്ധിമുട്ട് പിന്നെയും ഉണ്ടായതോടെ ഖര്‍ഗെ മടങ്ങി.