by webdesk1 on | 26-11-2024 04:53:46
ന്യൂഡല്‍ഹി: ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ഇന്ത്യന്‍ പൗരത്വം റദ്ദാക്കണമെന്ന ആവശ്യത്തില്‍ എടുത്ത തീരുമാനം അറിയിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നിര്‍ദേശം. അലഹബാദ് ഹൈക്കോടതിയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നിര്‍ദേശം നല്‍കിയത്.
ഇന്ത്യന്‍ പൗരത്വത്തിന് പുറമെ രാഹുല്‍ ഗാന്ധിക്ക് ബ്രിട്ടീഷ് പൗരത്വവും ഉണ്ടെന്നും അതേക്കുറിച്ച് സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടണമെന്നും ആവശ്യപ്പെട്ട് കര്‍ണാടകത്തിലെ ബി.ജെ.പി നേതാവായ എസ്. വിഘ്‌നേശ് ശിശിര്‍ ആണ് അലഹബാദ് ഹൈക്കോടതിയെ സമീപിച്ചത്.
രാഹുല്‍ ഗാന്ധിയുടെ ബ്രിട്ടീഷ് പൗരത്വം സംബന്ധിച്ച് ഹര്‍ജിക്കാരന്‍ നല്‍കിയ നിവേദനം പരിശോധിച്ചു വരികയാണെന്ന് കേന്ദ്ര സര്‍ക്കാരിനുവേണ്ടി അലഹബാദ് ഹൈക്കോടതിയില്‍ ഹാജരായ ഡെപ്യുട്ടി സോളിസിറ്റര്‍ ജനറല്‍ വ്യക്തമാക്കി. തുടര്‍ന്നാണ് ഇക്കാര്യത്തില്‍ എടുത്ത നിലപാട് അറിയിക്കാന്‍ ജസ്റ്റിസുമാരായ എ.എം. മസൂദി, സുഭാഷ് വിദ്യാര്‍ത്ഥി എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചത്.