by webdesk1 on | 24-08-2024 03:46:23
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാരിന് ആദ്യ പരാതി. റിപ്പോര്‍ട്ടിലെ 41-ാം പേജിലെ 82-ാം ഖണ്ഡിക ചൂണ്ടിക്കാട്ടി പോക്‌സോ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് അല്‍ത്തിയ സ്ത്രീ കൂട്ടായ്മയ്ക്കു വേണ്ടി സാമൂഹിക പ്രവര്‍ത്തക പി.ഇ. ഉഷയാണ് ആഭ്യന്തരവകുപ്പിന് പരാതി നല്‍കിയത്. പോക്‌സോ നിയമ പ്രകാരം കേസ് എടുക്കാവുന്ന ചില കുറ്റകൃത്യങ്ങള്‍ ഉണ്ടെന്ന് റിപ്പോര്‍ട്ടില്‍നിന്നു മനസിലാക്കിയതിന്റെ അടിസ്ഥാനത്തിലാണ് പരാതിയെന്ന് ആഭ്യന്തരവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിക്ക് അയച്ച കത്തില്‍ വ്യക്തമാക്കുന്നു.
82-ാം ഖണ്ഡികയുടെ തുടക്കത്തില്‍ തന്നെ പെണ്‍കുട്ടികള്‍, സ്ത്രീകള്‍ എന്ന് കമ്മിറ്റി തന്നെ പ്രത്യേകം വേര്‍തിരിച്ചു പറഞ്ഞിട്ടുണ്ടെന്നും ഇതാണ് പോക്‌സോ സംബന്ധിച്ച് പരാതി നല്‍കാന്‍ കാരണമെന്നും പി.ഇ. ഉഷ പറഞ്ഞു. പോക്‌സോ നിയമത്തിന്റെ 19 (1)വകുപ്പ് പ്രകാരം ഇത്തരത്തില്‍ ഒരു വിവരം കിട്ടിയാല്‍ പോലീസിനെ അറിയിക്കേണ്ടതാണ്. ആ സാഹചര്യത്തില്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ വസ്തുതകള്‍ പരിശോധിച്ച്, ഇരയാക്കപ്പെട്ട പെണ്‍കുട്ടികളുടെ സ്വകാര്യത സംരക്ഷിച്ചുകൊണ്ട് പോക്‌സോ നിയമപ്രകാരമുള്ള നടപടി സ്വീകരിക്കണമെന്നാണ് പരാതിയില്‍ ആവശ്യപ്പെടുന്നത്.