by webdesk1 on | 28-08-2024 07:50:32 Last Updated by webdesk1
ഡോ. ജേക്കബ് തോമസ്, മുന്‍ ഡിജിപി
ഒന്‍പതാമത് ഇന്ത്യ ബ്രസീല്‍ സംയുക്ത മീറ്റിംഗിനായി ബ്രസീലിന്റെ വിദേശകാര്യമന്ത്രി മൗറോ വിയേര ഇന്ത്യയിലെത്തിയ സാഹചര്യത്തില്‍ ചര്‍ച്ചയ്ക്കിടെ ഇന്ത്യ മുന്നോട്ട് വച്ച ഒരാവശ്യമുണ്ട്. ബ്രസീലിലെ സാവ പോള എയര്‍പോര്‍ട്ടില്‍ അനധികൃതമായി എത്തിയതിനെ തുടര്‍ന്ന് ബന്ദികളാക്കിയിരിക്കുന്ന ഇന്ത്യക്കാരെ മോചിപ്പിക്കുന്നത് സംബന്ധിച്ച്. ഒരേ ഭൂപ്രകൃതിയും സാമ്പത്തിക ശേഷിയുമുള്ള ബ്രസീലിലേക്ക് ഇന്ത്യക്കാര്‍ അനധികൃതമായി പോകുന്നത് എന്തിനാണെന്ന് സംശയം തോന്നിയേക്കാം.
പക്ഷെ അവര്‍ ബ്രസിലിലേക്ക് കുടിയേറാന്‍ പോയവരല്ല. മറിച്ച് ബ്രസീല്‍ വരെ വിമാനത്തിലെത്തി പിന്നെ മെക്‌സികോ വഴി കരമാര്‍ഗം അമേരിക്കയിലേക്കും കാനഡിലേക്കും എത്താന്‍ വേണ്ടി സ്വന്തം നാട് വീട്ട് വന്നവരാണ്. മയക്കുമരുന്ന് മാഫിയകള്‍ അടക്കി വാഴുന്ന മെക്‌സിക്കന്‍ കാടുകളിലൂടെ ജീവന്‍ പോലും നഷ്ടപ്പെടുത്താന്‍ തയാറായി എന്തിനാണ് ഇത്ര സാഹസ്യം സഹിച്ച് ഇങ്ങനെ ഇന്ത്യക്കാര്‍ അമേരിക്കയിലേക്ക് കുടിയേറുന്നത് എന്നത് ഒരു ചോദ്യമാണ്.
അടുത്ത കാലത്ത് അമേരിക്കല്‍ ബോര്‍ഡര്‍ പെട്രോള്‍ സര്‍വീസ് പുറത്തുവിട്ട ഒരു രേഖ പ്രകാരം കഴിഞ്ഞ അഞ്ചു വര്‍ഷമായിട്ട് ബ്രസീല്‍ വഴി മെക്‌സികോ താണ്ടി അമേരിക്കയിലും കാനഡയിലും എത്തുന്നവരുടെ എണ്ണം അഞ്ചിരട്ടിയായി. ഇത്രയും സാഹസപ്പെട്ട് ഈ കുടിയേറ്റത്തിന് എന്തുകൊണ്ടാണ് പോകുന്നത്.? വിദേശകാര്യ മന്ത്രിയുടെ കൂടിക്കാഴ്ച്ചയില്‍ ഇതൊരു വിഷയമായി വരാന്‍ കാരണം എന്താണ്? ഈ ചോദ്യങ്ങള്‍ക്കൊക്കെ ഉത്തരം കണ്ടെത്തി പോകുമ്പോഴാണ് നമ്മുടെ രാജ്യത്തിന്റെ യാഥാര്‍ഥ അവസ്ഥയെക്കുറിച്ച് ബോധ്യം വരിക.
ലോക ബാങ്കിന്റെ അടുത്ത കാലത്ത് പഠന റിപ്പോര്‍ട്ടില്‍ ഒരു കാര്യം എടുത്തു പറയുന്നുണ്ട്. ഇന്ത്യയില്‍ നിന്ന് പ്രത്യേക തൊഴില്‍ നൈപുണ്യമില്ലാതെ അമേരിക്കയില്‍ വന്നെത്തുന്നവര്‍ ഒരു വര്‍ഷം പണിയെടുത്ത് സമ്പാദിക്കുന്നത് നാട്ടില്‍ കിട്ടുന്നതിനേക്കാള്‍ 500 ഇരട്ടി വരുമാനമാണെന്ന്. ആ തുക ഇന്ത്യയില്‍ ഒരാള്‍ നേടമെങ്കില്‍ ഇന്ന് 24 വര്‍ഷം പണിയെടുക്കണം. ഇവിടെ 24 വര്‍ഷം കഷ്ടപ്പെട്ടു പണിയെടുത്താല്‍ കിട്ടുന്നത് അമേരിക്കയില്‍ ഒരു വര്‍ഷം കൊണ്ട് കിട്ടുമെങ്കില്‍ അങ്ങോട്ട് പോകാനല്ലേ ആരായാലും നോക്കുക.
അവിടെ യോഗ്യതയുള്ള ആര്‍ക്കും പണിയെടുക്കാന്‍ സ്വാതന്ത്ര്യമുണ്ട്. സാമ്പത്തികമായി സാമൂഹികമായും വളരാനുള്ള എല്ലാ സൗകര്യങ്ങളുമുണ്ട്. ഇവിടെ അങ്ങനെയൊന്നുണ്ടോ? ഇവിടെ കൈക്കൂലി വാങ്ങുന്നവര്‍ക്കും കള്ളത്തരം കാണിക്കുന്നവര്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കള്‍ക്കുമൊക്കെയാണ് വളര്‍ച്ചയുള്ളത്. അവര്‍ക്ക് വളരാന്‍ പറ്റിയ ഒരു സ്ഥലമായിട്ട് മാറിയില്ലേ നമ്മുടെ രാജ്യം.
ജിഡിപിയില്‍ അഞ്ചാമതാണ് വലിയ സാമ്പത്തിക ശക്തിയാണ് എന്നൊക്കെ വീമ്പുപറഞ്ഞ് നടത്തുന്നതാണോ അതോ മനുഷ്യന്റെ കഷ്ടപ്പാട് ചുരുക്കി അവന് സന്തോഷത്തോടെ ജീവിക്കാനുള്ള പരിതസ്ഥിതി ഒരുക്കുകയാണോ വണ്ടത്. അങ്ങനെയൊരു മാറ്റം രാജ്യത്തിനുണ്ടായാല്‍ ഇത്തരം റിസ്‌ക്കെടുത്ത് അന്യ രാജ്യങ്ങളിലേക്ക് അനധികൃത കുടിയേറ്റം നടത്തി ജീവിക്കേണ്ട ഗതികേട് നമ്മുടെ ജനങ്ങള്‍ക്ക് ഉണ്ടാകുമോ?