by webdesk1 on | 22-11-2024 02:40:23
തിരുവനന്തപുരം: കേരളത്തില്‍ എ.ഐ ക്യാമറ വെച്ചിട്ട് വെറും 15 മാസം പിന്നിടുമ്പോള്‍ ഇതുവരെ കണ്ടെത്തിയത് 80 ലക്ഷം നിയമലംഘനങ്ങള്‍. ഇതില്‍ നിന്നെല്ലാമായി 500 കോടി രൂപ പിരിച്ച് കിട്ടാനുണ്ടെന്നാണ് മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നുള്ള കണക്കുകള്‍. ചലാന്‍ വരുമുമ്പ് ഈ 80 ലക്ഷത്തില്‍ നിങ്ങളുമുണ്ടോയെന്ന് അറിയാന്‍ എം പരിവാഹന്‍ സൈറ്റില്‍ കയറി പരിശോധിക്കുന്നത് നല്ലതായിരിക്കും.
2023 ജൂലായിലാണ് ട്രാഫിക് നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിന് എ.ഐ ക്യാമറകള്‍ സ്ഥാപിക്കുന്നത്. 232 കോടി രൂപ ചെലവില്‍ 732 എ.ഐ. ക്യാമറകളാണ് സംസ്ഥാനത്തങ്ങോളമിങ്ങോളം സ്ഥാപിച്ചത്. ക്യാമറയുടെ പരിപാലനവും മെയ്ന്റനന്‍സും പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണിനെയാണ് സര്‍ക്കാര്‍ ഏല്‍പ്പിച്ചത്.
പിഴയടയ്ക്കാനുള്ള ചലാന്‍ അയയ്ക്കുന്നതും കെല്‍ട്രോണാണ്. ഇതിനായി മൂന്നു മാസത്തിലൊരിക്കല്‍ 11.6 കോടി രൂപ സര്‍ക്കാര്‍ നല്‍കണമെന്നാണ് കരാര്‍. ഇതു മുടങ്ങിയതോടെ ക്യാമറകള്‍ പ്രവര്‍ത്തിക്കാതായി. ഇപ്പോഴിതാ സര്‍ക്കാര്‍ കെല്‍ട്രോണിന് പണം നല്‍കിക്കഴിഞ്ഞു. ക്യാമറ വീണ്ടും പണി തുടങ്ങി. ഇനി വിട്ടുവീഴ്ച്ചയില്ലെന്ന് ഗതാഗത വകുപ്പും പറയുന്നു. ചലാനുകള്‍ ഒന്നിന് പുറകെ ഒന്നായി വരാനിരിക്കുകയാണ്.
വാഹന ഉടമയുടെ മൊബൈല്‍ഫോണില്‍ എസ്.എം.എസായി ലഭിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഓണ്‍ലൈനായോ സബ് ആര്‍.ടി. ഓഫീസുകളില്‍ നേരിട്ടുപോയോ പിഴയടയ്ക്കാം. എസ്.എം.എസായി ലഭിച്ച ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ എം പരിവാഹന്‍ സെറ്റിലേക്കാണ് എത്തുക. ഇതില്‍ ചലാന്‍ നമ്പര്‍ ടൈപ്പ്ചെയ്താല്‍ മൊബൈലില്‍ ലഭിക്കുന്ന ഒ.ടി.പി. നമ്പര്‍ ഉപയോഗിച്ച് പിഴയടച്ച് രസീത് ഡൗണ്‍ലോഡുചെയ്തെടുക്കാം. ചലാന്‍ ലഭിച്ച് ഏഴുദിവസത്തിനകം പിഴയടക്കമെന്നാണ് വ്യവസ്ഥ.