Infotainment Cinema

രാജി എന്ന താല്‍ക്കാലിക പരിഹാരക്രിയ; വെളിപ്പെടുത്തലുകള്‍ക്ക് അന്ത്യംകുറിക്കാന്‍ കൂട്ടരാജിക്ക് ആകുമോ? നേതൃനിരയിലേക്ക് പുതിയ തലമുറ വരട്ടേ...

Axenews | രാജി എന്ന താല്‍ക്കാലിക പരിഹാരക്രിയ; വെളിപ്പെടുത്തലുകള്‍ക്ക് അന്ത്യംകുറിക്കാന്‍ കൂട്ടരാജിക്ക് ആകുമോ? നേതൃനിരയിലേക്ക് പുതിയ തലമുറ വരട്ടേ...

by webdesk1 on | 28-08-2024 08:11:02 Last Updated by webdesk1

Share: Share on WhatsApp Visits: 15


രാജി എന്ന താല്‍ക്കാലിക പരിഹാരക്രിയ; വെളിപ്പെടുത്തലുകള്‍ക്ക് അന്ത്യംകുറിക്കാന്‍ കൂട്ടരാജിക്ക് ആകുമോ? നേതൃനിരയിലേക്ക് പുതിയ തലമുറ വരട്ടേ...


കൊച്ചി: മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ പുതിയൊരു നിര അമ്മയുടെ തലപ്പത്തെത്തി കൃത്യം 58 ദിവസം തികയുമ്പോഴാണ് മലയാള സിനിമ മേഖലയെ ആകെ ഞെട്ടിച്ചുകൊണ്ട് താരസംഘടനയുടെ തലപ്പത്തെ കൂട്ട രാജി. അനിവാര്യമായ തീരുമാനമെന്നും തിടുക്കം വേണ്ടിയിരുന്നില്ല എന്നുമൊക്കെയുള്ള ഭിന്നാഭിപ്രായങ്ങള്‍ പലകോണുകളില്‍ നിന്ന് ഉയര്‍ന്നിരുന്നുവെങ്കിലും നിലവിലെ പ്രതിസന്ധിയില്‍ രാജിയല്ലാതെ മറ്റൊരു മാര്‍ഗം നേതൃത്വത്തിന്റെ മുന്നില്‍ ഉണ്ടായിരുന്നില്ല.

ഒന്നിനു പിന്നാലെ ഒന്നായി ഉയര്‍ന്നുവരുന്ന ആരോപണങ്ങളെ പ്രതിരോധിക്കാനാകാതെ വിയര്‍ക്കുന്ന നേതൃനിരയെയാണ് കഴിഞ്ഞ ദിവസങ്ങളിലായി ചാനല്‍ പ്രതികരണങ്ങളില്‍ കണ്ടത്. മറുപടി പറയാന്‍ ഉത്തരവാദപ്പെട്ട പ്രസിഡന്റ് മോഹന്‍ലാല്‍ ഇതുവരെ പരസ്യമായ അഭിപ്രായം പറഞ്ഞിരുന്നില്ല. പകരം ജനറല്‍ സെക്രട്ടറി സിദ്ദിഖാണ് സംഘടനയുടെ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്. അത് കൂടുതല്‍ സങ്കീര്‍ണതകളിലേക്ക് കൊണ്ടെത്തിക്കുകയായിരുന്നു.

സിദ്ദിഖ് പറഞ്ഞത് തണുപ്പന്‍ പ്രതികരണമായിരുന്നുവെന്നും പക്വതയോടെയല്ല സമീപിച്ചതും എന്നൊക്കെയുള്ള വിമര്‍ശനങ്ങള്‍ പല കോണുകളില്‍ നിന്നും ഉയര്‍ന്നു. വൈസ്പ്രസിഡന്റ് ജഗദീഷും ജോയി മാത്യുവും അടക്കമുള്ള ഒരു വിഭാഗം കമ്മിറ്റി അംഗങ്ങള്‍ സിദ്ദിഖിനെതിരെ പരസ്യമായി രംഗത്തെത്തി. സിദ്ദിഖിന് ഇങ്ങനയേ പറയാന്‍ കഴിയുകയുള്ളൂ എന്ന് നടി ഉര്‍വശി കുറേക്കൂടി കടുപ്പിച്ച ഭാഷയില്‍ പറഞ്ഞു.

ഇതിന് തൊട്ടുപിന്നാലെയാണ് സിദ്ദിഖിനെതിരെ യുവനടിയുടെ ലൈംഗീകാരോപണം ഉണ്ടാകുന്നത്. പിന്നീട് സിദ്ദിഖിന്റെ രാജിക്ക് അധികം സമയം വേണ്ടിവന്നില്ല. തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ രാജിവയ്ക്കുകയാണെന്ന് അറിയിച്ച് പ്രസിഡന്റ് മോഹന്‍ലാലിന് രണ്ടുവരി രാജിക്കത്ത് നല്‍കി തലയൂരി.

പിന്നാലെ ജോയിന്റ് സെക്രട്ടറി ബാബു രാജ്, മുന്‍ ജനറല്‍ സെക്രട്ടറി ഇടവേള ബാബു, മുന്‍ വൈസ് പ്രസിഡന്റുമാരായ മണിയന്‍പിള്ള രാജു, മുകേഷ്, മുന്‍ ജോയിന്റ് സെക്രട്ടറി ജയസൂര്യ എന്നിവര്‍ക്കെതിരെയും ആരോപണങ്ങള്‍ ഉണ്ടായി. ഇതോടെ പിടിച്ചു നില്‍ക്കാന്‍ കഴിയാതെ നേതൃനിര ഒന്നാകെ രാജിയെന്ന താല്‍ക്കാലിക പരിഹാരക്രിയയിലേക്ക് എത്തുകയായിരുന്നു.

നടന്‍ മമ്മൂട്ടിയുമായി കൂടിയാലോചിച്ച ശേഷമാണ് അമ്മയിലെ കൂട്ട രാജി എന്നാണ് പുറത്തു വരുന്ന വിവരം. രാജി തീരുമാന ചര്‍ച്ചകള്‍ നടന്നത് ഭാരവാഹികള്‍ ഉള്‍പ്പെട്ട വാട്സാപ്പ് ഗ്രൂപ്പിലാണ്. അതിന് മുന്‍പായി തന്നെ മമ്മൂട്ടിയുമായി കൂടിയാലോചിച്ച് രാജി തീരുമാനത്തില്‍ മോഹന്‍ലാല്‍ എത്തിയിരുന്നു.

ഇനിയും ആക്രമണം വരും. നമ്മള്‍ ഒഴിയുന്നതാണ് നല്ലതെന്ന് മോഹന്‍ലാല്‍ വാട്സാപ്പില്‍ പറഞ്ഞു. പുതിയ തലമുറ വരട്ടെയെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ആരോപണങ്ങള്‍ക്കെതിരെ പോരാടണമെന്നായിരുന്നു ചില അംഗങ്ങളുടെ അഭിപ്രായം. ഫൈറ്റ് ചെയ്യാന്‍ രാഷ്ട്രീയമല്ലെന്നും ഈ ഘട്ടത്തില്‍ മറ്റു ചര്‍ച്ചകളിലേക്ക് പോകേണ്ട എന്നുമായിരുന്നു മോഹന്‍ലാലിന്റെ മറുപടി.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ അംഗങ്ങള്‍ മമ്മൂട്ടിക്കും മോഹന്‍ലാലിനും കൂട്ടത്തോടെ സന്ദേശം അയച്ചിരുന്നു. നേതൃത്വത്തോടുള്ള എതിര്‍പ്പ് സംഘടനയെ തന്നെ പിളര്‍ത്തിയേക്കും എന്ന സ്ഥിതിയിലാണ് രാജിയാണ് ഉചിതം എന്ന തീരുമാനത്തിലേക്ക് താരങ്ങള്‍ എത്തിച്ചേര്‍ന്നത്.

Share:

Search

Popular News
Top Trending

Leave a Comment