by webdesk1 on | 28-08-2024 08:22:07
കൊച്ചി: മലയാള സിനിമയിലെന്ന പോലെ താരസംഘടനയായ അമ്മയിലും കിരിടവും ചെങ്കോലും അണിഞ്ഞ താരരാജാവായിരുന്നു മോഹന്‍ലാല്‍. 1994 ല്‍ അമ്മയ്ക്ക് ആദ്യ ഭരണ സമിതി വരുമ്പോള്‍ വൈസ് പ്രസിഡന്റായി സംഘടനാ പ്രവര്‍ത്തനം ആരംഭിച്ചു. ഒടുവില്‍ മൂന്ന് വട്ടം സംഘടനയുടെ അവസാന വാക്കായി. ഇപ്പോഴിത സര്‍വതും ത്യജിച്ച് ചോദ്യങ്ങളെയും പ്രതിസന്ധികളേയും നേരിടാനാകാതെ തലകുനിച്ചുള്ള പടിയിറക്കം.
1994 ലാണ് അമ്മയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ ഭരണ സമിതി നിലവില്‍ വരുന്നത്. എം.ജി. സോമന്‍ പ്രസിഡന്റായ സമതിയില്‍ മമ്മൂട്ടിക്കൊപ്പം വൈസ് പ്രസിഡന്റായിരുന്നു മോഹന്‍ലാല്‍. തെട്ടടുത്ത ഭരണ സമിതിയില്‍ അംഗമാകാതെ മാറി നിന്നു. തുടര്‍ന്നുള്ള എല്ലാ സമിതിയിലും നിര്‍ണായക സ്ഥാങ്ങളില്‍ ശക്തമായ സാന്നിധ്യമായി.
2000-2003 ഭരണ സമിതിയില്‍ രണ്ടാമതും വൈസ് പ്രസിഡന്റായി തിരികെ എത്തിയ മോഹന്‍ലാല്‍ 2003-2006 സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. അമ്മയെ സംബന്ധിച്ചിടത്തോടെ ജനറല്‍ സെക്രട്ടറി പദവിലേക്കുള്ള പടിയായിരുന്നു അത്. ഒട്ടും വൈകാതെ തന്നെ തൊട്ടടുത്ത ഭരണ സമിതിയില്‍ സംഘടനാ ജനറല്‍ സെക്രട്ടറിയായി കിരീടം ചൂടി.
പിന്നീടങ്ങോട്ട് തുടര്‍ച്ചയായി മൂന്ന് സമിതിയിലും മോഹന്‍ലാല്‍ തന്നെയായിരുന്നു ജനറല്‍ സെക്രട്ടറി. 2015 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ മമ്മൂട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് വന്നപ്പോള്‍ മോഹന്‍ലാല്‍ വൈസ് പ്രസിഡന്റായി. ഇന്നസെന്റിന്റെ മരണത്തോടെ പ്രസിഡന്റുമായി. പിന്നീട് നടന്ന മൂന്ന് തെരഞ്ഞെടുപ്പിലും എതിരില്ലാതെ മോഹന്‍ലാല്‍ പ്രസിഡന്റായി തുടരുകയായിരുന്നു.
2024 ജൂണ്‍ 30ന് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട രണ്ട് പേരില്‍ ഒരാളായി സംഘടനയുടെ ചെങ്കോല്‍ കൈയ്യില്‍ വാങ്ങിയ ഏറ്റവും പ്രബലനായ നേതാവിന്റെ പടിയിറക്കമാണ് കൃത്യം 58 ദിവസം പിന്നിടിമ്പോള്‍ ഇന്നലെ കേരളക്കര കണ്ടത്.