by webdesk1 on | 29-08-2024 08:44:56
കോഴിക്കോട്: സംവിധായകനും തിരക്കഥാകൃത്തും നടനുമായ ചലചിത്ര അക്കാദമി മുന്‍ ചെയര്‍മാന്‍ രഞ്ജിത്തിനെതിരെ ഗുരുതര ലൈംഗീകാരോപണം. ഇത്തവണ ആരോപണം ഉന്നയിച്ചിരിക്കുന്നത് വനിതകളല്ല. കോഴിക്കോട് സ്വദേശിയായ യുവാവാണ്. ഹോട്ടലില്‍ വച്ച് മദ്യം നല്‍കി വിവസ്ത്രനാക്കി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് രഞ്ജിത്തിനെതിരെയുള്ള യുവാവിന്റെ പരാതി. ഡിജിപിക്ക് നല്‍കിയ പരാതിയില്‍ പോലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു.
സിനിമയില്‍ അവസരം ചോദിച്ചെത്തിയ തന്നെ 2012 ല്‍ ബെംഗളൂരുവില്‍ വച്ച് രഞ്ജിത്ത് പീഡനത്തിന് ഇരയാക്കിയതെന്ന് യുവാവ് പരാതിയില്‍ പറയുന്നു. ബാവൂട്ടിയുടെ നാമത്തില്‍ എന്ന സിനിമാ ലൊക്കേഷനില്‍ വച്ചാണ് രഞ്ജിത്തിനെ പരിചയപ്പെട്ടത്. അന്ന് പ്ലസ്ടുവിനു പഠിക്കുകയായിരുന്നു. അവസരം തേടി ഹോട്ടല്‍ റൂമിലെത്തിയ തനിക്ക് ടിഷ്യൂ പേപ്പറില്‍ ഫോണ്‍ നമ്പര്‍ കുറിച്ചു തന്നു. അതില്‍ സന്ദേശം അയയ്ക്കാനും ആവശ്യപ്പെട്ടു. ബെംഗളൂരു താജ് ഹോട്ടലില്‍ രണ്ട് ദിവസത്തിനു ശേഷം എത്താനായിരുന്നു നിര്‍ദേശം.
രാത്രി 10 മണിയോടെ ഹോട്ടലില്‍ എത്തിയ തന്നോട് പുറകുവശത്തെ ഗേറ്റ് വഴി റൂമിലേക്ക് എത്താന്‍ നിര്‍ദ്ദേശിച്ചു. മുറിയിലെത്തിയപ്പോള്‍ മദ്യം നല്‍കുകയും കുടിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. പിന്നീട് വിവസ്ത്രനാക്കിയെന്നും പീഡിപ്പിച്ചുവെന്നും യുവാവ് ആരോപിക്കുന്നു. ഇതിനു ശേഷം അവസരം കിട്ടാതായതോടെ താന്‍ മാനസികമായി തളര്‍ന്നെന്നും മലയാളത്തിലെ ഒരു പ്രശസ്ത നടിയോട് പരാതി പറഞ്ഞെങ്കിലും അവര്‍ കാര്യമായെടുത്തില്ലെന്നും യുവാവ് വെളിപ്പെടുത്തി.
ബംഗാളി നടിയായ ശ്രീലേഖ മിത്രയുടെ ലൈംഗിക ആരോപണ പരാതിയില്‍ പ്രത്യേക അന്വേഷണ സംഘം കേസെടുത്ത് അന്വേഷണം ആരംഭിക്കുന്നതിനിടെയാണ് രഞ്ജിത്തിനെതിരെ ഗുരുതര ലൈംഗീകാരോപണ പരാതിയുമായി യുവാവ് രംഗത്ത് എത്തിയത്. നടിയുടെ ആരോപണത്തെ തുടര്‍ന്നും സിപിഎമ്മിന്റെയും മുഖ്യമന്ത്രിയുടെ സംരക്ഷണ വിലയത്തിലായിരുന്നു രഞ്ജിത്ത്. ഒടുവില്‍ പാര്‍ട്ടിക്കുള്ളില്‍ നിന്ന് വരെ എതിര്‍പ്പുയര്‍ന്നതോടെയാണ് നേതൃത്വം രഞ്ജിത്തിനെ കൈയ്യൊഴിയുകയും ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പദവിയില്‍ നിന്ന് രഞ്ജിത്തിന് രാജി വയ്്‌ക്കേണ്ടതായും വന്നത്.