by webdesk1 on | 29-08-2024 07:59:49 Last Updated by webdesk1
തിരുവനന്തപുരം: നടിയുടെ പീഢനപരാതിയില്‍ മുകേഷിന് കാര്യങ്ങള്‍ കൈവിട്ടുകൊണ്ടിരിക്കുകയാണ്. പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ കേസും വന്നതോടെ നിലനില്‍പ്പ് തന്നെ ഭീഷണിയായി. മുകേഷ് എം.എല്‍.എ സ്ഥാനം രാജിവച്ചാല്‍ നിലവിലെ സാഹചര്യത്തില്‍ കൊല്ലം സീറ്റ് പാര്‍ട്ടിക്ക് നഷ്ടമായേക്കുമെന്ന് ആശങ്ക സി.പി.എമ്മിനുണ്ട്. അതാണ് മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി നേതൃത്വവും മുകേഷിനെ പരമാവധി സംരക്ഷിച്ചു നിര്‍ത്തുന്നത്.
പക്ഷെ അത് എത്രനാള്‍. സ്വന്തം മുന്നണിയിലെ പ്രബല കക്ഷിയായ സി.പി.ഐ ആണ് മുകേഷിന്റെ രാജി ആവശ്യപ്പെട്ട് ശക്തമായി പ്രക്ഷോഭത്തിലുള്ളത്. കോണ്‍ഗ്രസു പോലും ഇത്ര നിര്‍ബന്ധപൂര്‍വം മുകേഷിനെ ആക്രമിക്കുന്നില്ല. എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ ഉള്‍പ്പടെ കോണ്‍ഗ്രസ് നേതാക്കള്‍ നേരിട്ട പീഡന ആരോപണങ്ങളില്‍ പാര്‍ട്ടി എന്ത് നടപടിയെടുത്തു എന്നതാണ് അവരെ തിരിഞ്ഞു കുത്തുന്നത്. സി.പി.എം പ്രതിരോധ ആയൂധമായി ഉയര്‍ത്തുന്നതും കുന്നപ്പിള്ളിയുടെ വിഷയമാണ്.
പക്ഷെ, പ്രതിപക്ഷ പാര്‍ട്ടിയിലെ ഘടകക്ഷിയായ ആര്‍.എസ്.പിയെ മുന്‍ നിര്‍ത്തി പ്രക്ഷോഭം സൃഷ്ടിക്കാനുള്ള ശ്രമം കോണ്‍ഗ്രസ് ആരംഭിച്ചു കഴിഞ്ഞു. എം.കെ. പ്രേമചന്ദ്രന്‍ നേരിട്ട് പത്രസമ്മേളനം വിളിച്ച് മുകേഷ് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു കഴിഞ്ഞു. മുകേഷിന് ധാര്‍മികമായി എല്‍.എല്‍.എ സ്ഥാനത്ത് തുടരാനാകില്ലെന്നാണ് പ്രേമചന്ദ്രന്‍ പറയുന്നത്. ബിജെപിയും ശക്തമായ പ്രക്ഷോഭവുമായി രംഗത്തുണ്ട്.
എന്നാല്‍ സി.പി.എം നേതാക്കള്‍ മുകേഷിനെ പരമാവധി സംരക്ഷിക്കുന്ന പ്രതികരണങ്ങളാണ് ഇതുവരെ നടത്തിയത്. കുറ്റക്കാരെ സംരക്ഷിക്കില്ല, ശക്തമായ നടപടി സ്വീകരിക്കും എന്നൊക്കെ വലിയ വായില്‍ പറയുന്നുണ്ടെങ്കിലും മുകേഷിന്റെ രാജി വിഷയത്തില്‍ ഇത്ര കടുപ്പമില്ല. എല്‍ദോസ് കുന്നപ്പിള്ളി രാജി വയ്ക്കാത്തതിനാല്‍ മുകേഷും രാജി വയ്‌ക്കേണ്ട എന്നാണ് പാര്‍ട്ടി നേതൃത്വം പറയുന്നത്.
സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും, എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജനും മുതിര്‍ന്ന പാര്‍ട്ടി നേതാവായ പി.കെ. ശ്രീമതിക്കുമൊക്കെ ഇതേ നിലപാടാണ്. എന്നാല്‍ കുറ്റം തെളിഞ്ഞാല്‍ മുകേഷിന് എം.എല്‍.എ ആയി തുടരാന്‍ കഴിയില്ലെന്ന് കുറേക്കൂടി നിലപാടെടുക്കാന്‍ കെ.കെ. ശൈലജ ധൈര്യം കാട്ടി. പക്ഷെ കുറ്റം തെളിഞ്ഞാല്‍ എന്ന ഒരു ക്ലോസ് വച്ചിട്ടുണ്ട് എന്ന് മാത്രം.
കുറ്റം തെളിഞ്ഞാല്‍ എം.എല്‍.എയായി തുടരാനാകില്ലെന്ന് കേരളത്തിന്റെ രാഷ്ട്രീയ സാഹചര്യം മനസിലാക്കുന്ന ആര്‍ക്കും അറിയാവുന്നതാണ്. അത് ശൈലജ ടീച്ചര്‍ എടുത്തു പറയണമെന്നില്ല. മുഖ്യമന്ത്രിയും പാര്‍ട്ടിയും മുകേഷിനെ സംരക്ഷിച്ച് നിര്‍ത്തുമ്പോള്‍ രാജി വയ്ക്കണമെന്ന് പറയാന്‍ ശൈലജ ടീ്ച്ചറിന് കഴിയില്ലല്ലോ.
പക്ഷെ എത്രനാള്‍ ഇങ്ങനെ സംരക്ഷിച്ച് നിര്‍ത്താനാകും. ശക്തമായ പ്രക്ഷോഭമാണ് മുകേഷിന്റെ രാജിക്കായി തെരുവില്‍ ഉയരുന്നത്. എത്രയൊക്കെ സംരക്ഷിക്കാന്‍ നോക്കിയാലും സി.പി.ഐയുടെ നിലപാട് പിണറായി വിജയനും പാര്‍ട്ടി നേതൃത്വത്തിനും തലവേദനയാകും. അടുത്ത ദിവസം സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുഖ്യമന്ത്രിയെ കാണുന്നുണ്ട്. മുകേഷിനെ രാജി വെപ്പിച്ചേ തീരൂ എന്ന കടുത്ത നിലപാടി സി.പി.ഐ ഉറച്ച് നിന്നാല്‍ പിണറായി വിജയന് പിന്നെ മുകേഷിനെ സംരക്ഷിച്ച് നിര്‍ത്താനാകില്ല. മാത്രമല്ല മുകേഷിനെതിരെയുള്ള കേസും ശക്തമാണ്.
അടുത്ത മാസം മൂന്നാം തീയതി വരെ അറസ്റ്റ് പാടില്ലെന്ന് കോടതി പറഞ്ഞിട്ടുണ്ടെങ്കിലും മൂന്നാം തീയതിക്ക് ശേഷം എന്തും സംഭവിക്കാം. പോലീസ് അറസ്റ്റിന്റെ ഘട്ടത്തിലേക്ക് നീങ്ങിയാല്‍ പിന്നെ പാര്‍ട്ടിക്കത് ക്ഷീണമാകും. അതൊഴിവാക്കാന്‍ രാജി ചോദിച്ചുവാങ്ങുകയെന്ന തീരുമാനത്തിലേക്ക് സി.പി.എം എത്തിയേക്കും. പക്ഷെ പാര്‍ട്ടിയെ സംരക്ഷിക്കാന്‍ മുകേഷ് സ്വയമേ രാജിവയ്ക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.
മുകേഷിനെതിരെ സി.പി.എമ്മില്‍ ഏറെക്കാലമായി വിമര്‍ശനങ്ങളുയരുന്നുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിനു ശേഷമാണ് വിമര്‍ശനത്തിനു മൂര്‍ച്ച കൂടിയത്. ഒന്നരലക്ഷം വോട്ടിന് എന്‍.കെ. പ്രേമചന്ദ്രനോട് പരാജയപ്പെട്ടതോടെ ജില്ലാ ഘടകം മുകേഷിനെതിരെ തിരിഞ്ഞു. മുകേഷ് പാര്‍ട്ടിക്ക് വിധേയനല്ലെന്നും പാര്‍ട്ടി നേതൃത്വത്തെ അംഗീകരിക്കുന്നില്ലെന്നുമായിരുന്നു പ്രധാന വിമര്‍ശനം.
എം.എല്‍.എ എന്ന നിലയില്‍ പാര്‍ട്ടിയുമായി യോജിച്ച് പ്രവര്‍ത്തിക്കുന്നില്ലെന്നും ആരോപണം ഉയര്‍ന്നു. മുകേഷിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ പാര്‍ട്ടിക്കു ക്ഷീണമായെന്നു സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. വനിതാ അംഗങ്ങളും വിമര്‍ശനവുമായെത്തി. മുകേഷിനെതിരെ ജനവികാരം ഉയരുന്നത് ജില്ലാ നേതൃത്വം സംസ്ഥാന നേതാക്കളുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്.
മുകേഷ് സി.പി.എം അംഗമല്ല. അതിനാല്‍ പാര്‍ട്ടിതല നടപടികള്‍ ഉണ്ടാകില്ല. പാര്‍ട്ടി ചിഹ്നത്തിലാണു മുകേഷ് മത്സരിച്ചത്. നടിയുടെ മൊഴി പരിശോധിച്ചശേഷം മുകേഷിനെ പോലീസ് ചോദ്യംചെയ്യും. തെളിവുകള്‍ എതിരായാല്‍ അറസ്റ്റിലേക്ക് കടക്കേണ്ടിവരും. 2016 ലാണ് മുകേഷ് ഇടതു സ്വതന്ത്രനായി കൊല്ലം നിയോജക മണ്ഡലത്തില്‍നിന്ന് 17,611 വോട്ടിനു വിജയിച്ചത്. 2021ലും വിജയം ആവര്‍ത്തിച്ചു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിജയിക്കാനായില്ല.