by webdesk1 on | 04-09-2024 10:41:53 Last Updated by webdesk1
തിരുവനന്തപുരം: മലപോലെ വന്നത് എലിപോലെ പോകുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ മുനവെച്ച ചോദ്യത്തിന് പി.വി. അന്‍വര്‍ നല്‍കിയ മറുപടിയുടെ അര്‍ത്ഥവ്യാപ്തി ആലോചിക്കുന്നതിനേക്കാള്‍ അപ്പുറമാണ്. അപ്രതീക്ഷിതമായ ഒരു ചോദ്യത്തോടുള്ള സ്വാഭാവിക പ്രതികരണത്തില്‍ പോലും സിപിഎം എന്ന പാര്‍ട്ടിക്കും സര്‍ക്കാരിനും സംഭവിച്ചേക്കാവുന്ന അപകടാവസ്ഥയുടെ സുചനകളുണ്ടായിരുന്നു.
ചെറിയ ഒരു ജീവിയായ എലിക്ക് എന്തൊക്കെ ചെയ്യാന്‍ സാധിക്കുമെന്ന ചിന്തയാണ് അന്‍വര്‍ ആ ഒറ്റ ഉപമയിലൂടെ മലയാളികളുടെ മുന്നിലേക്കിട്ടത്. ഒരു വീട് നശിപ്പിക്കാന്‍ ചെറിയൊരു എലി വിചാരിച്ചാല്‍ മതിയെന്ന് അദ്ദേഹം പറയുമ്പോള്‍ അതു സര്‍ക്കാരിനെയും പാര്‍ട്ടിയേയും ഉദ്ദേശിച്ചാകാമെന്ന് കരുതുന്നവരെ തെറ്റു പറയാന്‍ കഴിയില്ല.
കാരണം കഴിഞ്ഞ ദിവസങ്ങളില്‍ അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളുടെ മുന നീളുന്നത് സര്‍ക്കാരിലേക്കും ആഭ്യന്തര വകുപ്പിലേക്കും ഒപ്പം പാര്‍ട്ടിയിലേക്കുമായിരുന്നു. കുറേക്കൂടി വ്യക്തമായി പറഞ്ഞാല്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശി വഴി പിണറായി വിജയനിലേക്ക്...
ഒരു കാലത്ത് പിണറായിയുടെ വിശ്വസ്ഥനും മനസാക്ഷി സൂക്ഷിപ്പുകാരനും നാവുമായ പി.വി. അന്‍വര്‍ തന്നെ വളഞ്ഞ വഴിയേ പിണറായി വിജയനെ ലക്ഷ്യമിട്ട് ഒളിപ്പോര് ആരംഭിച്ചതിന് പിന്നില്‍ ഒരു പവര്‍ഗ്രൂപ്പിന്റെ പിന്തുയില്ലാതെ സാധിക്കില്ലെന്ന് ഈ പാര്‍ട്ടിയെക്കുറിച്ചറിയുന്ന ആര്‍ക്കും സംശയം ഉണ്ടാകില്ല. പക്ഷെ ആരാണ് ആ പവര്‍ ഗ്രൂപ്പ് എന്നാണ് ഇപ്പോള്‍ രാഷ്ട്രീയ കേരളം ചര്‍ച്ച ചെയ്യുന്നത്.
അന്‍വറിന്റെ ആരോപണങ്ങളില്‍ പി.ശശിക്കെതിരെയുള്ള ആക്രമണമാകാമെന്ന വിലയിരുത്തലായിരുന്നു ആദ്യം. തനിക്ക് സമാന്തരമായി വളര്‍ന്ന രാഷ്ട്രീയ ശക്തിയെ അന്‍വറിനെ മുന്‍നിര്‍ത്തി പിണറായി വിജയന്‍ തന്നെ ഇല്ലാതാക്കുന്നു എന്നൊക്കെയായിരുന്നു വ്യാഖ്യാനങ്ങള്‍. പക്ഷെ പിന്നീടുള്ള സംഭവങ്ങള്‍ ആ വ്യാഖ്യാനങ്ങള്‍ തിരുത്തി.
വെളിപ്പെടുത്തലിന്റെ രണ്ടാം ദിവസം പിണറായി വിജയനെ നേരില്‍ കണ്ട് മടങ്ങിയെത്തിയ അന്‍വറിന്റെ ശരീര ഭാഷയില്‍ വീര്യം നഷ്ടപ്പെട്ട പോരാളിയുടെ തളര്‍ച്ചയുണ്ടായിരുന്നു. എല്ലാത്തിനോടും പിന്‍വാങ്ങി മടക്കത്തിന് ഒരുങ്ങുന്നപോലെ. ഇനി എല്ലാം മുഖ്യമന്ത്രിയുടെ കൈയ്യിലാണെന്ന് പറഞ്ഞ അന്‍വര്‍ പത്തിമടക്കി തോല്‍വി സമ്മതിച്ചുവെന്ന തോന്നിപ്പോകുന്നതായിരുന്നു.
പക്ഷെ, മുഖ്യമന്ത്രിയുമായുള്ള ഒറ്റ കൂടിക്കാഴ്ചയില്‍ പി.വി.അന്‍വര്‍ എംഎല്‍എ വഴങ്ങിയെന്ന തോന്നലിന് ഒരു ദിവസം മാത്രമേ ആയുസുണ്ടായിരുന്നുള്ളൂ. അത്തരം ധാരണകളെയെല്ലാം പൊളിച്ച് പാര്‍ട്ടിയെയും സര്‍ക്കാരിനെയും കൂടുതല്‍ വെട്ടിലാക്കുന്ന പ്രതികരണങ്ങളാണ് പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവിന്ദനെ കണ്ട ശേഷം അന്‍വര്‍ നടത്തിയത്.
സഖാവെന്ന നിലയില്‍ ഉത്തരവാദിത്തം നിര്‍വഹിക്കുകയാണ് താന്‍ എന്നു പറയുമ്പോഴും മുഖ്യമന്ത്രിയുടെ ഓഫിസിനോടും പാര്‍ട്ടി സംവിധാനത്തോടുമുള്ള വിശ്വാസമില്ലായ്മയാണ് അന്‍വറിന്റെ വാക്കുകളില്‍ പ്രകടമായിരുന്നു. പിണറായി വിജയന്‍ വീട്ടില്‍നിന്നു വന്ന് മുഖ്യമന്ത്രി ആയതല്ലെന്നും പാര്‍ട്ടിയാണ് അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കിയതെന്നുമുള്ള അന്‍വറിന്റെ പ്രതികരണം അക്ഷരാര്‍ത്ഥത്തില്‍ കേട്ട് നിന്നവരെ ഞെട്ടിച്ചു.
അന്തസുള്ള മുഖ്യമന്ത്രിക്കും അന്തസുള്ള പാര്‍ട്ടിക്കുമാണു പരാതി നല്‍കിയിരിക്കുന്നതെന്നു പറയുമ്പോഴും എ.ഡി.ജി.പി അജിത്കുമാറിനെ മാറ്റിനിര്‍ത്താതെയുള്ള അന്വേഷണ നീക്കത്തില്‍ കടുത്ത അതൃപ്തി പ്രകടിപ്പിക്കാനും അന്‍വര്‍ മടിച്ചില്ല. ഹെഡ്മാസ്റ്റര്‍ക്കെതിരെ പരാതി പ്യൂണല്ല പരിശോധിക്കേണ്ടത്, അങ്ങനെയുള്ള നയം ഉണ്ടാകില്ലെന്നും അന്‍വര്‍ തുറന്നടിച്ചു.
ഒറ്റദിവസം കൊണ്ട് ഇങ്ങനെയൊക്കെ പറയാന്‍ അന്‍വറിന് ആരാണ് കരുത്ത് നല്‍കിയത്. അതും പാര്‍ട്ടിയുടെ അവസാന വാക്കും ഏക അധികാരകേന്ദ്രവുമായ പിണറായി വിജയനെതിരെ. പക്ഷെ, പിണറായി വിജയന്‍ എന്ന അധികാര കേന്ദ്രത്തിന് എന്താണ് സംഭവിച്ചുകൊണ്ടിക്കുന്നത് എന്നതിനുള്ള പ്രകടമായ ഉദാഹരമായി ഇപ്പോള്‍ അന്‍വര്‍ ജനത്തിനു മുന്നിലുണ്ട്.
പിണറായിയുടെ വിശ്വസ്ഥനായിരുന്ന ഇ.പി. ജയരാജനെ പാര്‍ട്ടി ഒന്നുമല്ലാതാക്കി മാറ്റിയതിന്റെ ചിത്രം മലയാളിയുടെ മനസില്‍ നിന്ന് മാഞ്ഞുപോകാന്‍ ഇടയില്ല. കുറേക്കൂടി പിന്നിലേക്ക് പോയാല്‍ കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറിയപ്പോള്‍ പാര്‍ട്ടിയിലെ സീനിയറായ ഇ.പി. ജയരാജനെ വെട്ടി എം.വി. ഗോവിന്ദന്‍ ആ സ്ഥാനത്ത് എത്തിയതു മുതല്‍ പിന്നീടുണ്ടായ സംഭവങ്ങള്‍ ഇഴകീറി പരിശോധിച്ചാല്‍ മനസിലാകും അന്‍വറിന്റെ പിന്നിലെ പവര്‍ഗ്രൂപ്പ് ആരാകുമെന്ന്.