News Kerala

കരിങ്കൊടി വീശുന്നതില്‍ എന്താണ് അപകീര്‍ത്തി? മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി വീശിയ കേസില്‍ പോലീസിനെ കുടഞ്ഞ് ഹൈക്കോടതി; കേസ് റദ്ദാക്കി

Axenews | കരിങ്കൊടി വീശുന്നതില്‍ എന്താണ് അപകീര്‍ത്തി? മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി വീശിയ കേസില്‍ പോലീസിനെ കുടഞ്ഞ് ഹൈക്കോടതി; കേസ് റദ്ദാക്കി

by webdesk1 on | 21-11-2024 07:34:24

Share: Share on WhatsApp Visits: 13


കരിങ്കൊടി വീശുന്നതില്‍ എന്താണ് അപകീര്‍ത്തി? മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി വീശിയ കേസില്‍ പോലീസിനെ കുടഞ്ഞ് ഹൈക്കോടതി; കേസ് റദ്ദാക്കി


കൊച്ചി: കരിങ്കൊടി പ്രതിഷേധം അപകീര്‍ത്തികരമോ അപമാനിക്കലോ അല്ലെന്ന് ഹൈക്കോടതി. പറവൂരില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കരിങ്കൊടി വീശി പ്രതിഷേധിച്ച കേസ് റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതിയുടെ പരാമര്‍ശം.

ഏതു നിറത്തിലുള്ള കൊടിയും ഉപയോഗിച്ചുള്ള പ്രതിഷേധം നിയമവിരുദ്ധമല്ല. കൊടി വീശല്‍ ചിലപ്പോള്‍ പിന്തുണച്ചാകാം, ചിലപ്പോള്‍ പ്രതിഷേധിച്ചുമാകാം. സാഹചര്യത്തെയും കാഴ്ചപ്പാടിനെയും ബന്ധപ്പെടുത്തി ഇതില്‍ മാറ്റമുണ്ടാകാമെന്നും ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് വ്യക്തമാക്കി.

പ്രതിഷേധമുണ്ടാകുമ്പോള്‍ ചെറിയ ബലപ്രയോഗം സാധാരണമാണ്. അതിനാല്‍ ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തിയെന്ന കുറ്റം നിലനില്‍ക്കില്ല. ഇത്തരം ചെറിയ കാര്യങ്ങളില്‍ നിയമനടപടികള്‍ ഒഴിവാക്കണമെന്നും കേസ് പരിഗണിച്ച ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് ഓര്‍മിപ്പിച്ചു.

2017 ഏപ്രില്‍ 9നാണ് കേസിനാസ്പദമായ സംഭവം. പറവൂരില്‍ മുഖ്യമന്ത്രിക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു നടത്തിയ പ്രതിഷേധത്തില്‍ പോലീസ് കേസെടുത്തിരുന്നു. കരിങ്കൊടി കാട്ടിയെന്ന കേസിനു പുറമേ ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തിയെന്ന കുറ്റവും ഇവര്‍ക്കെതിരെ ചുമത്തിയിരുന്നു. ഈ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപ്പട്ടികയില്‍ ഉള്ളവര്‍ ഹൈക്കോടതിയെ സമീപിച്ചത്.

പറവൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറവൂര്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലുള്ള തുടര്‍ നടപടികള്‍ റദ്ദാക്കണമെന്നായിരുന്നു ഹരജിക്കാരായ സിമില്‍, ഫിജോ, സുമേഷ് ധയാനന്ദന്‍ എന്നിവരുടെ ആവശ്യം. ജനാധിപത്യ ബോധത്തിന്റെ ബാഹ്യ പ്രകടനങ്ങള്‍ എന്ന നിലയില്‍ ഫലപ്രദമായ ജനാധിപത്യത്തിന് പ്രതിഷേധങ്ങള്‍ അനിവാര്യമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

സമാധാനപരമായ പ്രതിഷേധനങ്ങള്‍ ഭരണനിര്‍വഹണത്തെ ദുര്‍ബലപ്പെടുത്തുകയല്ല, മറിച്ച് ശക്തിപ്പെടുത്തുകയാണ് ചെയ്യുന്നത്. ഹര്‍ജിക്കാര്‍ക്കെതിരായ കേസില്‍ ഹൈകോടതി ഉത്തരവിന്റെ ലംഘനം നടത്തിയെന്നതിന് പരാതി നല്‍കാന്‍ ചുമതലപ്പെട്ടയാളല്ല പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ എന്നതിനാല്‍, ഇത്തരമൊരു പരാതിയില്‍ കുറ്റം ചുമത്തിയ നടപടി നിലനില്‍ക്കില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

അപകീര്‍ത്തി നേരിട്ട വ്യക്തി നല്‍കിയാലല്ലാതെ പോലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലും അപകീര്‍ത്തിക്കേസും നിലനില്‍ക്കില്ല. ഇതില്‍ വിചാരണ നടന്നാലും നിയമപരമായ സാധുതയില്ല. മാത്രമല്ല, അപകീര്‍ത്തി എന്തെന്ന് വ്യക്തമായി അന്തിമ റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുമില്ല.
ആര്‍ക്കെങ്കിലും തടസമുണ്ടാവാനോ പരിക്കേല്‍ക്കാനോ കാരണമായാല്‍ മാത്രമേ പൊതു വഴിയില്‍ തടസമുണ്ടാക്കല്‍, അപായമുണ്ടാക്കാന്‍ ശ്രമം തുടങ്ങിയ കുറ്റങ്ങള്‍ നിലനില്‍ക്കൂ.

പോലീസ് സമരക്കാരെ തടഞ്ഞതിനാല്‍ മുഖ്യമന്ത്രിക്കും വാഹനവ്യൂഹത്തിനും പ്രതിഷേധത്തിന്റെ പേരില്‍ തടസമുണ്ടായിട്ടില്ല. വ്യക്തമായ ഉദ്ദേശ്യത്തോടെ പൊതുസേവകന്റെ കര്‍ത്തവ്യത്തെ തടസപ്പെടുത്തിയാല്‍ മാത്രമേ ഈ കുറ്റകൃത്യവും നിലനില്‍ക്കു. കരിങ്കൊടി കാണിക്കാനുള്ള ശ്രമത്തെ തടയാന്‍ ശ്രമിച്ചപ്പോള്‍ സ്വാഭാവികമായി പോലീസിനെ തള്ളി മാറ്റുക മാത്രമാണ് ഉണ്ടായിട്ടുള്ളത്. കര്‍ത്തവ്യ നിര്‍വഹണം തടസപ്പെടുകയോ ആര്‍ക്കെങ്കിലും പരിക്കേല്‍ക്കുകയോ ചെയ്തിട്ടില്ലന്നും കോടതി ഉത്തരവില്‍ പറയുന്നു.



Share:

Search

Popular News
Top Trending

Leave a Comment