by webdesk1 on | 24-11-2024 09:18:07
തിരുവനന്തപുരം: കെ.എസ്.ഇ.ബിയും ഓണ്‍ലൈനാകുന്നു. പുതിയ വൈദ്യുതി കണക്ഷന്‍ ഉള്‍പ്പെടെയുള്ള അപേക്ഷകള്‍ ഡിസംബര്‍ ഒന്ന് മുതല്‍ ഓണ്‍ലൈനിലൂടെ മാത്രമായിരിക്കും ലഭ്യമാക്കുക. സേവനങ്ങളില്‍ കാലതാമസമുണ്ടാകുന്നു എന്ന ഉപയോക്താക്കളുടെ പരാതി പരിഗണിച്ചാണ് അപേക്ഷകള്‍ പൂര്‍ണമായും ഓണ്‍ലൈനാക്കാന്‍ തീരുമാനിച്ചതെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.
പുതിയ കണക്ഷനും മറ്റ് സേവനങ്ങള്‍ക്കുമുള്ള ആപ്ലിക്കേഷനുകള്‍ ഡിസംബര്‍ ഒന്ന് മുതല്‍ ഓണ്‍ലൈനായി മാത്രമായിരിക്കും സ്വീകരിക്കുക. സെക്ഷന്‍ ഓഫീസില്‍ നേരിട്ടുള്ള പേപ്പര്‍ അപേക്ഷകള്‍ പൂര്‍ണമായും ഒഴിവാക്കും. ആദ്യം അപേക്ഷിക്കുന്നവര്‍ക്ക് ആദ്യം സേവനം എന്ന നിലയില്‍ മാത്രം അപേക്ഷകള്‍ പരിഗണിക്കുന്നു എന്ന് ഉറപ്പാക്കുമെന്നും കെ.എസ്.ഇ.ബി അറിയിച്ചു.
അപേക്ഷാ ഫോം കെഎസ്ഇബിയുടെ ഉപഭോക്തൃ സേവന വെബ് സൈറ്റില്‍ മലയാളത്തിലും ഇംഗ്ലീഷിലും ലഭ്യമാക്കും. അപേക്ഷാ ഫീസടച്ച് രണ്ട് പ്രവൃത്തി ദിവസത്തിനുള്ളില്‍ എസ്റ്റിമേറ്റെടുക്കും. എസ്റ്റിമേറ്റിന് അനുസരിച്ചുള്ള പണമടച്ചാല്‍ ഉടന്‍ സീനിയോറിറ്റി നമ്പരും സേവനം ലഭ്യമാകുന്ന ഏകദേശ സമയവും എസ്.എം.എസ്/വാട്സാപ് സന്ദേശമായി ലഭിക്കും. അപേക്ഷയുടെ പുരോഗതി ഓണ്‍ലൈനായി ട്രാക്ക് ചെയ്യാനും കഴിയുമെന്ന് കെ.എസ്.ഇ.ബി വിശദീകരിച്ചു.