by webdesk1 on | 24-11-2024 08:48:09
ന്യൂഡല്‍ഹി: ജാര്‍ഖണ്ഡില്‍ നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകളിലേക്ക് കടന്ന് ഇന്ത്യാസഖ്യം. 56 സീറ്റുകളാണ് ജെ.എം.എം, കോണ്‍ഗ്രസ് ഉള്‍പ്പെടെ ഇന്ത്യാസഖ്യം സംസ്ഥാനത്ത് നേടിയത്. മുന്നണിയിലെ പാര്‍ട്ടികളുടെ പ്രമുഖരായ നേതാക്കളെല്ലാം തിരഞ്ഞെടുപ്പില്‍ വിജയിച്ചു. ജെ.എം.എം നേതാവ് ഹേമന്ത് സോറന്‍ തന്നെ മുഖ്യമന്ത്രി ആകാനാണ് സാധ്യത.
സഖ്യകക്ഷികളുടെ വകുപ്പ് സംബന്ധിച്ച് ഇന്ന് റാഞ്ചിയില്‍ ചര്‍ച്ച നടക്കും. 16 സീറ്റുകളാണ് കോണ്‍ഗ്രസ് നേടിയത്. എല്ലാ പാര്‍ട്ടികളുടെയും പിന്തുണ നേടി ഉടനടി ഗവര്‍ണറെ കണ്ട് മന്ത്രിസഭാ രൂപീകരണത്തിന് അവകാശവാദം ഉന്നയിക്കാനാണ് ഇന്ത്യാസഖ്യത്തിന്റെ തീരുമാനം. മന്ത്രിസഭാ രൂപീകരണത്തിനു മുന്‍പ് ഹേമന്ത് സോറന്‍ ഡല്‍ഹിയിലെത്തി ഇന്ത്യാസഖ്യ നേതാക്കളെ കാണുമെന്നാണ് വിവരം. 24 സീറ്റുകളാണ് സംസ്ഥാനത്ത് എന്‍.ഡി.എ നേടിയത്.
അതേസമയം മഹാരാഷ്ട്രയില്‍ അതിഭീകര ഭൂരിപക്ഷം ലഭിച്ചതിന് പിന്നാലെ മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകളിലേക്ക് കടന്നിരിക്കുകയാണ് മഹായുതി സഖ്യം. സഖ്യത്തിലെ നിയുക്ത എം.എല്‍.എമാരുടെ നിയമസഭാ കക്ഷിയോഗം ഇന്ന് നടക്കും. നിയമസഭാ നേതാവിനെ തിരഞ്ഞെടുക്കുന്നത് ഉള്‍പ്പെടെയുള്ള ചര്‍ച്ചകളായിരിക്കും യോഗത്തില്‍ ഉണ്ടാവുക.
ബി.ജെ.പിയുടെയും ഷിന്‍ഡെ വിഭാഗം ശിവസേനയുടെയും അജിത് വിഭാഗം എന്‍.സി.പിയുടെയും നിയമസഭാ കക്ഷി യോഗത്തിന് തുടര്‍ച്ചയായിട്ടായിരിക്കും മഹായുതി സഖ്യത്തിന്റെ സംയുക്ത നിയമസഭാ കക്ഷിയോഗം ചേരുക. 130 ഓളം സീറ്റ് ലഭിച്ച ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനം ഇക്കുറി വിട്ട് നല്‍കാന്‍ ഇടയില്ല.
രാജ്‌നാഥ് സിംഗിന്റെ നേതൃത്വത്തിലുള്ള ദേശീയ നേതാക്കള്‍ ഇന്ന് മുംബൈയില്‍ സംസ്ഥാനത്തെ നേതാക്കളുമായി മന്ത്രിസഭാ രൂപീകരണ ചര്‍ച്ച നടത്തും. അതില്‍ ഉണ്ടാകുന്ന തീരുമാനത്തിന് തുടര്‍ച്ചയായിട്ടാകും ഘടകകക്ഷികളുമായുള്ള ആശയവിനിമയവും സംയുക്ത നിയമസഭാ കക്ഷി യോഗവും. ഉപമുഖ്യമന്ത്രിപദം 2 പ്രധാന ഘടകകക്ഷികള്‍ക്ക് നല്‍കുന്നതില്‍ ബി.ജെ.പി എതിര് നില്‍ക്കാനിടയില്ല.
ഏകനാഥ് ഷിന്‍ഡെയ്ക്ക് ഒരുതവണകൂടി മുഖ്യമന്ത്രിപദം നല്‍കണമെന്ന നിലപാടാണ് ശിവസേന ഷിന്‍ഡെ വിഭാഗത്തിനുള്ളത്. എന്നാല്‍ എന്‍.സി.പി അജിത് പവാര്‍ പക്ഷത്ത് നിന്ന് ദേവേന്ദ്ര ഫഡ്‌നാവിസിനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ഷിന്‍ഡെയുടെ മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിയായിരുന്നു ഫഡ്‌നാവിസ്.
ഇക്കാര്യത്തില്‍ ഇരു പാര്‍ട്ടികളും ഇന്ന് നടത്തുന്ന ചര്‍ച്ച നിര്‍ണായകമാണ്. അതേസമയം മഹാവികാസ് അഘാഡി സഖ്യം തിരഞ്ഞെടുപ്പ് ഫലം ചോദ്യംചെയ്ത് രംഗത്തെത്തിയിട്ടുണ്ട്. ഇക്കാര്യത്തില്‍ സ്വീകരിക്കേണ്ട തുടര്‍ തീരുമാനങ്ങള്‍ ഇന്ന് സഖ്യം ചര്‍ച്ചചെയ്ത് ധാരണയുണ്ടാക്കും.