by webdesk1 on | 08-09-2024 09:27:01 Last Updated by webdesk1
തിരുവനന്തപുരം: തൃശൂരില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയുടെ തോല്‍വിയിലേക്ക് നയിച്ച കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് കണ്ടെത്താന്‍ സ്വന്തം നിലയില്‍ ആന്വേഷണം ആരംഭിച്ചു സി.പി.ഐ. തിരഞ്ഞെടുപ്പിന്റെ തലേന്ന് സുഗമമായി നടക്കേണ്ട പൂരം എങ്ങനെ വിവാദമായി എന്ന ചോദ്യമാണ് സി.പി.ഐ പ്രധാനമായും ഉയര്‍ത്തുന്നത്. എ.ഡി.ജി.പി തൃശൂരില്‍ ഉണ്ടായിരിക്കേ കമ്മിഷണര്‍ വിവാദ ഉത്തരവ് നല്‍കിയത് കരുതിക്കൂട്ടിയാണെന്നും അവര്‍ സംശയിക്കുന്നു.
പൂരംകലക്കിയതു സംബന്ധിച്ച് സി.പി.എമ്മും സി.പി.ഐ.യും ചേര്‍ന്ന് അന്വേഷിക്കണമെന്ന് പാര്‍ട്ടി ആവശ്യപ്പെട്ടെങ്കിലും പരിഗണിച്ചില്ല. സി.പി.എമ്മിന് നേരെ തന്നെ ആരോപണം നിലനില്‍ക്കുമ്പോള്‍ യോചിച്ചുള്ള അന്വേഷണം ഫലപ്രദമാകില്ലെന്നാണ് വിലയിരുത്തല്‍. മാത്രമല്ല എ.ഡി.ജി.പി ഔദ്യോഗിക വാഹനം ഒഴിവാക്കി ആര്‍.എസ്.എസ്. നേതാവിനെ കണ്ടതൊക്കെ സി.പി.ഐയില്‍ ചില സംശയങ്ങള്‍ ഉണ്ടാക്കിയിട്ടുമുണ്ട്. ഇക്കാര്യം പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം കഴിഞ്ഞ ദിവസം സൂചിപ്പിക്കുകയും ഉണ്ടായി.
അതേസമയം, കൂടിക്കാഴ്ച രാഷ്ട്രീയദൗത്യമാണെന്നാണ് പ്രതിപക്ഷ ആരോപണം. കരുവന്നൂര്‍ ബാങ്ക്, മുഖ്യമന്ത്രിയുടെ മകളുടെ കമ്പനി എന്നിവയിലൊക്കെ കേന്ദ്ര ഏജന്‍സികള്‍ നടത്തിയ അന്വേഷണവും ഇടപെടലും സംസ്ഥാന ഭരണനേതൃത്വത്തെ ഭയപ്പെടുത്താനായിരുന്നെന്നും തൃശൂരിലെ വിജയത്തിനു വേണ്ടിയുള്ള സമ്മര്‍ദമായിരുന്നെന്നുമാണ് പ്രതിപക്ഷവ്യാഖ്യാനം.
ബി.ജെ.പിക്ക് അനുകൂല അന്തരീക്ഷമൊരുക്കാമെന്ന വാഗ്ദാനം നല്‍കാനാണ് എ.ഡി.ജി.പി സംഘപരിവാര്‍ നേതാക്കളെ കണ്ടതെന്നും തൃശൂര്‍പൂരം കലക്കി ഭൂരിപക്ഷവികാരം ഇളക്കിവിട്ടതിലൂടെ സര്‍ക്കാര്‍ അത് പാലിച്ചെന്നും പ്രതിപക്ഷം ആരോപിക്കുന്നു. പ്രത്യുപകാരമായി കേന്ദ്ര ഏജന്‍സികളെ തിരഞ്ഞെടുപ്പിനുശേഷം സംസ്ഥാനത്ത് കാണാനില്ലെന്നും അവര്‍ സമര്‍ഥിക്കുന്നു.
ബി.ജെ.പി നേതാവ് പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ചയുടെ പേരില്‍ ഇ.പി. ജയരാജനെ ഇടതുമുന്നണി കണ്‍വീനര്‍ സ്ഥാനത്തുനിന്ന് പുറത്താക്കിയതിന് തൊട്ടുപിന്നാലെയാണ് സമാന ആരോപണത്തിന്റെ പേരില്‍ സര്‍ക്കാര്‍ പ്രതിസന്ധിയിലാകുന്നത്. ക്രമസമാധാനപാലനച്ചുമതലയുള്ള അഡീഷണല്‍ ഡി.ജി.പി ആര്‍.എസ്.എസ് നേതാക്കളായ ദത്താത്രേയ ഹൊസബളെയെയും രാംമാധവിനെയും കണ്ടത് എന്തിന്, ആര്‍ക്കുവേണ്ടി എന്ന ചോദ്യമാണുയരുന്നത്.
വ്യക്തിപരമായ സന്ദര്‍ശനമെന്നും സി.പി.എം ഉത്തരം പറയേണ്ട കാര്യമില്ലെന്നുമുള്ള വിശദീകരണംകൊണ്ട് പ്രശ്‌നം തീരുന്നില്ല. സി.പി.എം -ബി.ജെ.പി രഹസ്യബന്ധമെന്ന ആരോപണത്തിന് തെളിവെന്ന നിലയില്‍ പ്രതിപക്ഷം വിഷയമേറ്റെടുത്തു. എ.ഡി.ജി.പിയുടെ സന്ദര്‍ശനം മുഖ്യമന്ത്രിയുടെ അറിവോടെയല്ലെങ്കില്‍ അറിഞ്ഞശേഷം എന്താണ് നടപടിയെടുക്കാഞ്ഞതെന്നാണ് വി.ഡി. സതീശന്‍, കെ. മുരളീധരന്‍, എം.കെ. മുനീര്‍ തുടങ്ങിയ നേതാക്കള്‍ ചോദിക്കുന്നത്.