by webdesk1 on | 08-09-2024 09:40:12
കൊച്ചി: മലയാള സിനിമ വ്യവസായം നേരിടുന്ന പ്രതിസന്ധികള്‍ എണ്ണിപ്പറഞ്ഞും പ്രതിവിധികള്‍ നിര്‍ദേശിച്ചും സിനിമ നയരൂപീകരണ സമിതി മുന്‍പാകെ നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്. താരങ്ങള്‍ വന്‍ പ്രതിഫലം വാങ്ങുന്നതിനും അവര്‍ തന്നെ നിര്‍മാണ പങ്കാളികളായി മാറുന്നതുമാണ് വ്യവസായം നേരിടുന്ന വലിയ പ്രതിസന്ധിയെന്ന് നിര്‍മാതാക്കള്‍ പറഞ്ഞു. ഇക്കാര്യങ്ങളില്‍ കൂച്ചുവിലങ്ങിടണമെന്ന് നിര്‍മാതാക്കള്‍ സമിതിയോട് ആവശ്യപ്പെട്ടു.
സിനിമകള്‍ക്ക് തിയറ്ററില്‍ നിന്നുള്ള വരുമാനം കുറഞ്ഞു. കേരളത്തില്‍ റജിസ്റ്റര്‍ ചെയ്യുന്ന സിനിമകളുടെ എണ്ണത്തിലും കുറവുണ്ടായി. സാംസ്കാരിക ക്ഷേമനിധി പോലും കൊടുക്കാന്‍ സാധിക്കാത്തത്ര പ്രതിസന്ധിയിലാണ് നിര്‍മാതാക്കള്‍. താരങ്ങള്‍ വന്‍ പ്രതിഫലം വാങ്ങുന്നതും തിരിച്ചടിയാണ്. ഇക്കാര്യങ്ങള്‍ക്ക് നിയന്ത്രണമുണ്ടാകണമെന്ന് അസോസിയേഷന് വ്യക്തമാക്കി.
കടുത്ത പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ ദേശസാല്‍കൃത, ഷെഡ്യൂള്‍ഡ് ബാങ്കുകളില്‍ നിന്നു വായ്പ അനുവദിക്കാനുള്ള സാഹചര്യമുണ്ടാകണമെന്നും അസോസിയേഷന് ആവശ്യപ്പെട്ടു. സിനിമ മേഖലയില്‍ നിലനില്‍ക്കുന്ന ഇരട്ട നികുതി സംവിധാനത്തില്‍ മാറ്റമുണ്ടാകണമെന്നും ആവശ്യമുയര്‍ന്നു. ജിഎസ്ടി വന്നതിനു ശേഷം സംസ്ഥാന സര്‍ക്കാരിന് 8 ശതമാനം വിനോദ നികുതി കൊടുക്കുന്നുണ്ട്. ഈ 8 ശതമാനത്തിന് വീണ്ടും ജിഎസ്ടി ഏര്‍പ്പെടുത്തുന്നത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നതെന്നു നിര്‍മാതാക്കള്‍ ചൂണ്ടിക്കാട്ടി.
സിനിമയുടെ പോസ്റ്ററുകള്‍ പതിക്കുന്നതിന് തദ്ദേശസ്ഥാപനങ്ങള്‍ നിരക്കുകള്‍ ഏകീകരിക്കണമെന്നും നിര്‍മാതാക്കള്‍ ആവശ്യപ്പെട്ടു. ചലച്ചിത്ര മേഖലയിലെ നിയമങ്ങളില്‍ ദേശീയ, സംസ്ഥാന തലങ്ങളില്‍ കാലാനുസൃതമായ മാറ്റം കൊണ്ടു വരണം എന്നതടക്കമുള്ള കാര്യങ്ങളും യോഗത്തില്‍ ചര്‍ച്ചയായി. ചലച്ചിത്ര വികസന കോര്പറേഷന് ചെയര്മാന് ഷാജി എന്‍.കരുണ്‍, ചലച്ചിത്ര അക്കാദമി ചെയര്മാന് പ്രേംകുമാര്‍, സമിതിയിലെ മറ്റംഗങ്ങള്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.