by webdesk1 on | 08-09-2024 10:00:30 Last Updated by webdesk1
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ കരാര്‍ ജീവനക്കാരുടെ പണിമുടക്കിനെ തുടര്‍ന്ന് സര്‍വീസുകള്‍ വൈകി. നിലവില്‍ 8 സര്‍വീസുകളാണ് വൈകിയതെന്നാണ് വിവരം. പുറപ്പെടാന്‍ 40 മിനിറ്റ് വരെ താമസം നേരിടുന്നുണ്ട്. അതേസമയം സാഹചര്യം നേരിടാന്‍ അധിക ജീവനക്കാരെ നിയമിച്ചിട്ടുണ്ടെന്നും സര്‍വീസുകള്‍ ഒന്നും ഇതുവരെ റദ്ദാക്കിയിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.
രാവിലെ ബെംഗളൂരു-തിരുവനന്തപുരം വിമാനത്തിലെ യാത്രക്കാര്‍ക്ക് 40 മിനിറ്റിന് ശേഷം മാത്രമാണ് പുറത്തിറങ്ങാന്‍ സാധിച്ചത്. ലഗേജ് ക്ലിയറന്‍സിന് മണിക്കൂറുകളോളം വേണ്ടിവരുന്നതായി യാത്രക്കാര്‍ പരാതിപ്പെട്ടു. സമരം വിദേശ സര്‍വീസുകളേയും ബാധിച്ചിട്ടുണ്ട്. കൂടുതല്‍ ജീവനക്കാരെ വിന്യസിച്ച് പ്രവര്‍ത്തനം വേഗത്തിലാക്കുമെന്നാണ് അധികൃതര്‍ പറയുന്നത്.
എയര്‍ഇന്ത്യ സാറ്റ്‌സിലെ കരാര്‍ തൊഴിലാളികളുടെ നേതൃത്വത്തിലാണ് സമരം നടക്കുന്നത്. സംയുക്ത തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തില്‍ ശനിയാഴ്ച രാത്രി 10 മണിയോടൊണ് സമരം തുടങ്ങിയത്. ബ.ിഎം.എസ്, സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി, എ.ഐ.ടി.യു.സി തുടങ്ങിയ സംഘടനകളെല്ലാം സമരത്തിന്റെ ഭാഗമാണ്.
ശമ്പള പരിഷ്‌കരണം നടപ്പാക്കുക, ബോണസ് നല്‍കുകഎന്നിവയാണ് പ്രധാനമായും സമരക്കാരുടെ ആവശ്യം. വിഷയത്തില്‍ നേരത്തേ തന്നെ പല തവണ കേന്ദ്ര ലേബര്‍ കമ്മീഷ്ണറുടെ നേതൃത്വത്തില്‍ ചര്‍ച്ച നടന്നെങ്കില്‍ യാതൊരു നടപടിയും അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്ന് സംയുക്ത യൂണിയന്‍ നേതാക്കള്‍ അറിയിച്ചു. സമരം ഉടന്‍ അവസാനിക്കില്ലെന്നാണ് തൊഴിലാളികള്‍ പറയുന്നത്. നിലവില്‍ 400 ഓളം കരാര്‍ ജീവനക്കാര്‍ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.