by webdesk1 on | 08-09-2024 09:35:18
കൊച്ചി: മലയാള സിനിമ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനായി സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പുറത്ത് വന്നതിന് ശേഷം ഞെട്ടിക്കുന്ന സംഭവങ്ങളാണ് ഓരോ ദിവസവും വെളിപ്പെടുത്തലുകളിലൂടെ പുറത്തേക്ക് വന്നുകൊണ്ടിരിക്കുന്നത്. നമ്മള്‍ മാതൃകാ പുരുഷരെന്ന് കരുതിയ പലരുടെയും പൊയ്മുഖങ്ങള്‍ അഴിഞ്ഞു വീഴുന്ന കാഴ്ച.
മാന്യരെന്ന് നമ്മള്‍ കരുതിയിരുന്നവര്‍ എത്രത്തോളം വൈകൃത മനസുകള്‍ക്ക് ഉമടകളായിരുന്നുവെന്ന് ഉയര്‍ന്നുവന്ന ആരോപണങ്ങളിലും വെളിപ്പെടുത്തലുകളിലും മലയാളി അറിഞ്ഞു. എത്രയോ ലൈംഗീക പീഡനങ്ങളും തൊഴില്‍ പീഡനങ്ങളും ഇനിയും പുറത്തുവരാനിരിക്കുന്നു. അതൊക്കെ പുറത്തുവരുമെന്ന് പ്രതീക്ഷിച്ചിരിക്കവേ ഹേമ കമ്മിറ്റിയുടെ ചിലവ് വിവര കണക്കുകളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുകയാണ്.
2018 ല്‍ രൂപം നല്‍കിയ കമ്മിറ്റിയില്‍ ഇന്നുവരെ 1,06,44,695 രൂപ ചിലവഴിച്ചതായി സാംസ്‌കാരിക വകുപ്പില്‍ നിന്ന് സാമൂഹ്യ പ്രവര്‍ത്തകന്‍ എസ്. ധനരാജിന് ലഭിച്ച വിവരാവകാശ രേഖയില്‍ പറയുന്നു. പ്രവര്‍ത്തന കാലയളവായ 2020 മാര്‍ച്ച് വരെയുള്ള രണ്ടു വര്‍ഷക്കാലത്തെ ചിലവാണിത്. കമ്മിറ്റി അക്കൗണ്ട് ആരംഭിക്കുന്നതിന് മുന്‍പ് നടന്ന കമ്മിറ്റി യോഗങ്ങളുടെ ചിലവ് അക്കാദമി നേരിട്ടാണ് വഹിച്ചിട്ടുള്ളത്. അക്കൗണ്ട് ആരംഭിച്ചതിന് ശേഷം പണം അക്കൗണ്ട് വഴി കൈമാറിയെന്നും രേഖയില്‍ പറയുന്നു.
കമ്മീഷന്റെ സിറ്റിങ്ങുകള്‍ അധികവും ഹോട്ടലുകളിലും സര്‍ക്കാര്‍ ഗസ്റ്റ് ഹൗസുകളിലുമായിരുന്നു. ഇതില്‍ ഹോട്ടലുകളില്‍ സിറ്റിംഗ് നടത്തിയതിന് മാത്രം 2,16,741 രൂപ ചിലവായി. കമ്മിറ്റി അംഗങ്ങളുടെ യാത്രകള്‍ക്കായി 1,05,700 രൂപയും അംഗങ്ങളുടെ അലവന്‍സും പ്രതിഫലവുമൊക്കെയായി 99,98,245 രൂപയും ചിലവഴിച്ചതായാണ് വിവരാവകാശ രേഖയില്‍ പറയുന്നത്.