by webdesk1 on | 09-09-2024 08:37:38 Last Updated by webdesk1
കൊച്ചി: കേരളത്തിലെ മദ്യവില്‍പ്പനയ്ക്ക് പിന്നാലെ പുതിയ മാര്‍ക്കറ്റുകള്‍ തേടി ബിവറേജസ് കോര്‍പറേഷന്‍. ഒരു കാലത്ത് മദ്യനിരോധന മേഖലയായിരുന്ന ലക്ഷദ്വീപിലേക്കാണ് മദ്യം കയറ്റുമതി ചെയ്യാന്‍ ഇപ്പോള്‍ നീക്കം നടക്കുന്നത്.
ടൂറിസം പ്രോത്സാഹിപ്പിക്കാനായി ലക്ഷദ്വീപ് പ്രൊമോഷന്‍ കൗണ്‍സില്‍ ഇത് സംബന്ധിച്ച് അപേക്ഷ നല്‍കിയിരുന്നു. മദ്യം കയറ്റി അയയ്ക്കുന്നതിന് നിലവില്‍ നിയമം അനുവദിക്കുന്നില്ലാത്തതിനാല്‍ അബ്കാരി നിയമത്തില്‍ മാറ്റം വരുത്താനൊരുങ്ങുകയാണ് സര്‍ക്കാര്‍.
കൊച്ചിയിലെ വെയര്‍ഹൗസുകളില്‍ നിന്നുള്ള മദ്യമാണു കപ്പല്‍ മാര്‍ഗം ദ്വീപിലെത്തിക്കുക. കേരളത്തിലേതിനു പുറമേ ബെവ്‌കോയ്ക്ക് അധികവരുമാനമായി ഈ കയറ്റുമതി മാറുമെന്നാണു കണക്കുകൂട്ടല്‍. ഒറ്റത്തവണത്തേക്കുള്ള കയറ്റുമതിക്കാണ് നിലവില്‍ അനുമതി.
ടൂറിസം പ്രചരണാര്‍ഥം വലിയതോതില്‍ മദ്യം ആവശ്യപ്പെട്ട് ലക്ഷദ്വീപ് ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ നേരത്തേ സംസ്ഥാന സര്‍ക്കാരിനു കത്തെഴുതിയിരുന്നു. ഇതേപ്പറ്റി പഠിച്ച എക്‌സൈസ് കമ്മിഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു മദ്യം നല്‍കാമെന്നു കേരളം സമ്മതിച്ചത്.
നിലവിലെ അബ്കാരി നിയമപ്രകാരം മദ്യം കയറ്റി അയ്ക്കാന്‍ കഴിയില്ല. ഇതിനായി നികുതി വകുപ്പ് പ്രത്യേകം ഉത്തരവ് പുറത്തിറക്കുകയായിരുന്നു.