by webdesk1 on | 09-09-2024 09:19:05
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ലൈംഗീകാരോപണം നേരിടേണ്ടിവന്ന നടനും സി.പി.എം എം.എല്‍.എയുമായ മുകേഷിനെ സംരക്ഷിച്ച് സര്‍ക്കാര്‍. മുകേഷ് ലഭിച്ച മുന്‍കൂര്‍ ജാമ്യത്തിനെതിരെ അപ്പീല്‍ നല്‍കേണ്ടന്ന തീരുമാനത്തിലാണ് സര്‍ക്കാര്‍.
സര്‍ക്കാര്‍ എതിര്‍ത്താല്‍ ജാമ്യം റദ്ദാക്കുകയോ തുടര്‍ന്ന് മുകേഷിന്റെ അറസ്റ്റുണ്ടാകുകയും ജുഡീഷ്യല്‍ കസ്റ്റഡിയിലേക്ക് പോകുകയും ചെയ്യുന്ന സാഹചര്യം ഉണ്ടാകുമായിരുന്നു. അപ്പീല്‍ നല്‍കാതിരിക്കുന്നതോടെ മുകേഷിനെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്.
ഈ സാഹചര്യത്തില്‍ പ്രത്യേക അന്വേഷണ സംഘം നല്‍കിയ കത്ത് പ്രോസിക്യൂഷന്‍ മടക്കും. അപ്പീലിന് സാധ്യത ഇല്ലെന്ന് മറുപടി നല്‍കും. അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുമ്പോള്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും തെളിവെടുപ്പിനായി പ്രത്യേക അന്വേഷണ സംഘവുമായി സഹകരിക്കണമെന്നും കോടതിയില്‍ നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങാതെ സംസ്ഥാനം വിട്ടുപോകരുതെന്നും ഉപാധികളോടെയാണ് മുകേഷിനും ഇടവേള ബാബുവിനും കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.
മുകേഷിന് മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്ന വാദത്തില്‍ പ്രതിഭാഗം, പരാതിക്കാരി അയച്ച ഇ-മെയിലുകളും സന്ദേശങ്ങളും തെളിവായി സമര്‍പ്പിച്ചിരുന്നു. 15 വര്‍ഷം മുമ്പ് നടന്ന സംഭവത്തിന് ശേഷം അയച്ച സന്ദേശങ്ങള്‍ പരാതിക്കാരന്‍ മുകേഷിനെ അവര്‍ വളരെയധികം ബഹുമാനിച്ചിരുന്നുവെന്ന് തെളിയിക്കുന്നതായി പ്രതിഭാഗം വാദിച്ചു.
ഐപിസി സെക്ഷന്‍ 354 (സ്ത്രീയുടെ മാന്യതയെ അപമാനിക്കല്‍), 376 (ബലാത്സംഗം), 509 (വാക്കുകളോ ആംഗ്യങ്ങളോ ഉപയോഗിച്ച് സ്ത്രീയുടെ മാന്യതയെ അപമാനിക്കല്‍) വകുപ്പുകള്‍ പ്രകാരം ശിക്ഷാര്‍ഹമായ കുറ്റങ്ങളാണ് മുകേഷിന് മേല്‍ ചുമത്തിയത്. 2009ല്‍ സിനിമയില്‍ അവസരവും അമ്മയില്‍ അംഗത്വവും വാഗ്ദാനം ചെയ്ത് മുകേഷ് ഇരയെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നാണ് ആരോപണം.
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതിന് ശേഷം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന് പരാതിക്കാരി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് മരട് പൊലീസ് മുകേഷിനെതിരെ കേസെടുത്തത്.
നടന്‍ ഇടവേള ബാബുവിനെതിരെയും ഐപിസി സെക്ഷന്‍ 376, 354, 506 എന്നീ വകുപ്പുകള്‍ ചുമത്തി കേസെടുത്തിട്ടുണ്ട്. എറണാകുളം ടൗണ്‍ പോലീസ് സ്റ്റേഷനിലാണ് കേസെടുത്തിരിക്കുന്നത്. രണ്ട് താരങ്ങളും വെവ്വേറെ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചു. ഇവര്‍ നിരപരാധികളാണെന്നും ദുരുദ്ദേശ്യത്തോടെയാണ് ഇവര്‍ക്കെതിരെ കേസെടുത്തതെന്നും കോടതി മുമ്പാകെ ഇരുവരും വാദിച്ചിരുന്നു.